അനീഷ് കാരണം ഫെഡറൽ ബാങ്കിനുണ്ടായത് 46,672 രൂപയുടെ നഷ്ടം; ഒരു പേടിയുമില്ലാതെ ശാഖയിലെത്തി ഇയാൾ കാണിച്ചത് വലിയൊരു കള്ളത്തരം; പ്രതിയെ പൊക്കി പോലീസ്

 


ആലപ്പുഴ: ഫെഡറൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയംവച്ച് പതിനായിരങ്ങൾ തട്ടിയ കേസിൽ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് പതിനാലാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ് കുമാറിനെയാണ് (37) പൊലീസ് തന്ത്രപരമായി പിടികൂടിയത്. ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്.

2024 മെയ് 10-നാണ് പ്രതി അനീഷ് ബാങ്കിലെത്തിയത്. സ്വർണമെന്ന വ്യാജേന 8.2 ഗ്രാം തൂക്കം വരുന്ന ആഭരണം പണയംവെച്ച് ഇയാൾ ബാങ്കിൽ നിന്നും 39,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ബാങ്ക് അധികൃതർ നടത്തിയ വിശദമായ പരിശോധനയിലാണ് പണയ ഉരുപ്പടി സ്വർണമല്ലെന്നും മുക്കുപണ്ടമാണെന്നും കണ്ടെത്തിയത്. തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പലിശയുൾപ്പെടെ ആകെ 46,672 രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്. ബാങ്ക് മാനേജരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിടിയിലായ അനീഷ് കുമാർ സ്ഥിരം തട്ടിപ്പുകാരനാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

സമാനമായ രീതിയിൽ വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിന് 2025-ലും 2026-ലും ഇയാൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ മറ്റ് കേസുകൾ നിലവിലുണ്ട്. ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം.ജെയുടെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ ബി, എ.എസ്.ഐ വിനോദ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒമാരായ വിപിൻ ദാസ്, സുജിത്ത്, വിഷ്ണു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മറ്റ് ബാങ്കുകളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items