ശബരിമലയിലെ തന്ത്രിസ്ഥാനത്ത്നിന്ന് താഴമണ്‍ കുടുംബത്തെ ഒഴിവാക്കണം; കെ.എസ്. രാധാകൃഷ്ണന്റെ നിലപാടില്‍ ബി.ജെ.പി. നേതൃത്വത്തിന് കടുത്ത അതൃപ്തി; നീക്കം തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; കെ എസ് രാധാകൃഷ്ണന്റേത് അതിരു കടന്ന പ്രതികരണമോ? ശാസന വന്നേക്കും

 


തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്തുനിന്ന് താഴമൺ കുടുംബത്തെ ഒന്നാകെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. രാധാകൃഷ്ണന്റെ പ്രസ്താവനയില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന് കടുത്ത അതൃപ്തി. അതീവ ജാഗ്രതയോടെയും കരുതലോടെയും നിലപാടെടുക്കേണ്ട വിവാദ വിഷയത്തില്‍, പാര്‍ട്ടിയുടെ പൊതുസമീപനത്തിന് വിരുദ്ധമായി കെ.എസ്. രാധാകൃഷ്ണന്‍ പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ലെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍. വരുന്ന സംസ്ഥാന നേതൃയോഗത്തില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് ഔദ്യോഗിക വിഭാഗം.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പോലീസ് അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ ഭരണകൂട വേട്ടയാടലാണെന്ന് ആരോപിച്ച് ശക്തമായ പരസ്യപ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നത് ബി.ജെ.പി. ആയിരുന്നു. എന്നാല്‍, വ്യക്തിപരമായ കുറ്റാരോപണങ്ങള്‍ക്കപ്പുറം താഴമണ്‍ തന്ത്രി കുടുംബത്തെത്തന്നെ ആകെ ലക്ഷ്യമിട്ടും അധിക്ഷേപിച്ചും രാധാകൃഷ്ണന്‍ നടത്തിയ രൂക്ഷമായ ആക്രമണം വിശ്വാസികള്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്. പാരമ്പര്യമുള്ള താഴമണ്‍ കുടുംബത്തിനെതിരെ പൊതുസമൂഹത്തില്‍ സംസാരിച്ചത് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ ഭയം. ബിജെപി കേന്ദ്ര നേതൃത്വവും ഇതിനെ ഗൗരവത്തില്‍ എടുക്കും.തന്ത്രി സ്ഥാനം ഒഴിയണമെന്നും ശബരിമല അയ്യപ്പക്ഷേത്രത്തിനും കോടാനുകോടി സ്വാമിഭക്തര്‍ക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ മറ്റൊരു കുടുംബമില്ലെന്നുമായിരുന്നു രാധാകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ പ്രധാന വിമര്‍ശനം. ആചാരലംഘനത്തേക്കാൾ വലിയ അശുദ്ധിയാണ് താഴമണ്‍ കുടുംബം വരുത്തിവെച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ക്രിമിനല്‍ കേസുകളില്‍ നടപടി നേരിടുന്നവര്‍ നിര്‍ദേശിക്കുന്ന ആരെയും യോഗ്യത നോക്കാതെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകളെയും ഇടത് സര്‍ക്കാരിന്റെ സമീപനങ്ങളെയും പ്രതിരോധിക്കുന്നതിന് പകരം, പാരമ്പര്യ തന്ത്രി കുടുംബത്തിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന പ്രസ്താവന ബി.ജെ.പി. ഉയര്‍ത്തിപ്പിടിക്കുന്ന ആചാര സംരക്ഷണ നിലപാടുകള്‍ക്ക് മങ്ങലേല്പിച്ചെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ചിങ്ങമാസം മുതല്‍ മകന്‍ ബ്രഹ്‌മദത്തനെ തന്ത്രിയാക്കണമെന്ന് കണ്ഠര് രാജീവര് കത്തുനല്‍കിയ പശ്ചാത്തലത്തിലായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണമെങ്കിലും, ഇത് വ്യക്തിഗത അഭിപ്രായമായി മാത്രമേ കാണാനാകൂ എന്നാണ് നേതൃത്വത്തിന്റെ നിലപാട്.

പൂര്‍വകാല സംഭവങ്ങളും സുപ്രീം കോടതി-ഹൈക്കോടതി വിധികളും ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമൊക്കെ ഉദ്ധരിച്ചായിരുന്നു കെ.എസ്. രാധാകൃഷ്ണന്റെ വിമര്‍ശനങ്ങളെങ്കിലും, ഈ സമയത്ത് ഇത്തരം ഒരു പ്രതികരണം ആയുധമാക്കുന്നത് ഇടത് മുന്നണിക്കായിരിക്കുമെന്നും ബി.ജെ.പി. ഭയക്കുന്നുണ്ട്. വിശ്വാസപരമായ കാര്യങ്ങളില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ തന്ത്രി കുടുംബത്തെ കടന്നാക്രമിക്കുന്നത് ആചാര സംരക്ഷകര്‍ എന്ന ബി.ജെ.പി.യുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് പരിക്കേല്‍പ്പിക്കും. വിഷയം പാര്‍ട്ടി ഉള്ളില്‍ ചര്‍ച്ച ചെയ്യാതെയും ഔദ്യോഗിക വക്താക്കള്‍ മുഖേന അല്ലാതെയും സോഷ്യല്‍ മീഡിയ വഴി പരസ്യപ്പെടുത്തിയത് അച്ചടക്കലംഘനത്തിന്റെ പരിധിയില്‍ വരുമോ എന്നും ചില നേതാക്കള്‍ ചോദ്യമുയര്‍ത്തുന്നുണ്ട്.

വരാനിരിക്കുന്ന ബി.ജെ.പി. സംസ്ഥാന ഭാരവാഹി യോഗത്തിലും നേതൃയോഗത്തിലും കെ.എസ്. രാധാകൃഷ്ണന്റെ ഈ നിലപാട് പ്രധാന ചര്‍ച്ചാവിഷയമാകും. യോഗത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടാനും പൊതുവിഷയങ്ങളില്‍ പാര്‍ട്ടി നിലപാടിന് വിധേയമായി മാത്രം പ്രതികരിക്കാന്‍ നിര്‍ദേശം നല്‍കാനും സാധ്യതയുണ്ട്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items