മുളന്തുരുത്തി: കരാര്‍ അവസാനിച്ചിട്ടും ജല അതോറിറ്റി ഓഫിസില്‍
ജോലിയില്‍ തുടര്‍ന്ന താല്‍ക്കാലിക ജീവനക്കാരിയെ വിജിലന്‍സ് പിടികൂടി. മാസങ്ങളോളം
അസി.എന്‍ജിനീയര്‍ ഇല്ലാതിരുന്ന ഓഫിസിന്റെ ഭരണച്ചുമതല വഹിച്ചിരുന്ന കോട്ടയം
സ്വദേശിനിയാണ് പിടിയിലായത്. കരാര്‍ അവസാനിച്ചിട്ടും ഇവര്‍ എങ്ങനെയാണ് ജോലിയില്‍
തുടര്‍ന്നതെന്ന് വ്യക്തമല്ല. കരാറുകാര്‍ക്കു വേണ്ടി ഇവര്‍ തിരിമറികള്‍
നടത്തിയിട്ടുണ്ടെന്നു വിജിലന്‍സ് കണ്ടെത്തിയതായാണു വിവരം. വിശദമായ അന്വേഷണം
നടക്കുകയാണ്.
ജലജീവന്‍ പദ്ധതിയുടെ പ്രോജക്ട് ജോലിയുടെ ഭാഗമായി 179 ദിവസത്തെ കരാര്‍ ജോലിക്കായെത്തിയ
കോട്ടയം കടനാട് സ്വദേശി ജോഫിയ ജോസഫാണ് വിജിലന്‍സ് പിടിയിലായത്. കരാര്‍ കാലാവധി
കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇവര്‍ അനധികൃതമായി ജോലിയില്‍ തുടരുകയായിരുന്നു.
ഡിസംബറില്‍ കാലാവധി അവസാനിച്ച ഇവര്‍ അസി.എന്‍ജിനീയര്‍ ഇല്ലാത്തതിനാല്‍ ഉന്നത
ഉദ്യോഗസ്ഥരുടെ അറിവോടെ ഒരു മാസം കൂടി ജോലിയില്‍ തുടര്‍ന്നിരുന്നു. ജനുവരി വരെയാണ്
ഇവര്‍ക്ക് ഔദ്യോഗികമായി വേതനം നല്‍കിയിട്ടുള്ളത്. തുടര്‍ന്നുള്ള മാസങ്ങളില്‍ ഇവര്‍
ജോലി ചെയ്തത് എങ്ങനെയെന്നോ ശമ്പളം നല്‍കിയത് എങ്ങനെയെന്നോ ഉദ്യോഗസ്ഥര്‍ക്കു പോലും
വ്യക്തതയില്ല.
വിജിലന്‍സ് പരിശോധനയ്ക്കു ശേഷം ഇവര്‍ ജോലിക്കെത്തിയിട്ടില്ല.
രഹസ്യ വിവരത്തെ തുടര്‍ന്നു മുളന്തുരുത്തി ജല അതോറിറ്റി ഓഫിസില്‍ കഴിഞ്ഞ ദിവസം
വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണു കരാര്‍ അവസാനിച്ചു മാസങ്ങള്‍ കഴിഞ്ഞ
ജീവനക്കാരി അനധികൃതമായി ജോലിയില്‍ തുടരുന്നതായി കണ്ടെത്തിയത്. ജോലിയിലിരുന്ന
സമയത്ത് കരാറുകാര്‍ക്കു വേണ്ടി ഇവര്‍ വന്‍ തിരിമറി നടത്തിയതായും വിവരമുണ്ട്.
ഓഫിസിനു കീഴിലെ ജലവിതരണ പൈപ്പുകളുടെ തകരാറുകള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട്
ചെയ്യുന്നതിലും കരാര്‍ ജോലി നല്‍കുന്നതിലും ഇവര്‍ ഇടപെട്ടതായാണു വിവരം.
കരാറുകാരുടെ ഇടനിലക്കാരിയായാണ് ഇവര്‍ ഓഫിസില്‍ പ്രവര്‍ത്തിച്ചതെന്നാണ്
രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
ഔദ്യോഗികമായി ജീവനക്കാരിയല്ലാത്ത ആള്‍ ഓഫിസിലെ വെബ്‌സൈറ്റ്
ഉപയോഗിക്കുന്നതായും ബില്ലുകള്‍ കൈകാര്യം ചെയ്യുന്നതായും വിവരം ലഭിച്ചതിനെ തുടര്‍ന്നു
രഹസ്യാന്വേഷണ വിഭാഗം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. സംഭവം ജലവിഭവ വകുപ്പില്‍
വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തതോടെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
