ഡൽഹി: ഇന്ത്യയുടെ
തദ്ദേശീയ പ്രതിരോധ ശേഷി വികസന രംഗത്ത് പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട്, ബംഗളൂരു ആസ്ഥാനമായുള്ള എയ്‌റോസ്‌പേസ്
നിർമ്മാതാക്കളായ ഡി.സി.എക്സ് സിസ്റ്റംസും ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ
എൽറ്റ സിസ്റ്റംസും ചേർന്ന് തമിഴ്‌നാട്ടിൽ റഡാർ നിർമ്മാണ കേന്ദ്രത്തിന്റെ നിർമ്മാണം
ആരംഭിക്കാൻ നീക്കം. പ്രതിരോധ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തമിഴ്‌നാട്
സാക്ഷ്യം വഹിക്കാൻ പോകുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള ഡി.സി.എക്സ് സിസ്റ്റംസും
ഇസ്രായേൽ ഏയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും കൈകോർക്കുന്നതോടെ തമിഴകത്തിന്റെ മണ്ണിൽ
അത്യാധുനിക റഡാർ സംവിധാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കപ്പെടും.
കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് വൻ ഊർജ്ജം പകരുന്ന ഈ സംയുക്ത സംരംഭം ശൂലഗിരി ഇൻഡസ്ട്രിയൽ
ഏരിയയിലാണ് യാഥാർത്ഥ്യമാകുന്നത്. കോടികളുടെ ഈ വിദേശ നിക്ഷേപവും അത്യാധുനിക
സാങ്കേതികവിദ്യയും തമിഴ്‌നാട്ടിലേക്ക് എത്തുന്നത് സംസ്ഥാനത്തിന്റെ വ്യാവസായിക
ഭൂപടത്തെത്തന്നെ മാറ്റിമറിക്കും. തന്ത്രപ്രധാനമായ പ്രതിരോധ നിർമ്മാണ കേന്ദ്രമായി
തമിഴ്‌നാട് മാറുന്നതോടെ അന്താരാഷ്ട്ര തലത്തിൽത്തന്നെ ഈ കൂട്ടുകെട്ട് ശ്രദ്ധ
നേടിക്കഴിഞ്ഞു. തമിഴ്‌നാട്ടിലെ ശൂലഗിരി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഫാക്ടറിയുടെ
ഭൂമിപൂജ നടന്നത്. 2027 ഏപ്രിലോടെ നിർമ്മാണം
പൂർത്തിയാക്കി തൊട്ടുപിന്നാലെ ഉത്പാദനം ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അത്യാധുനിക റഡാർ
സംവിധാനങ്ങളുടെ നിർമ്മാണം, സംയോജനം, പരിശോധന എന്നിവയ്ക്കുള്ള കേന്ദ്രമായാണ് ഈ പുതിയ സൗകര്യം വിഭാവനം
ചെയ്തിരിക്കുന്നത്. വിപുലീകരിക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം, രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കർശനമായ
ഗുണനിലവാര-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഈ കേന്ദ്രം പ്രവർത്തിക്കുക.
"ഈ ഭൂമിപൂജ ഇന്ത്യയിൽ ഐ.എ.ഐ വിപുലീകരിക്കുന്ന പ്രവർത്തനങ്ങളുടെ മറ്റൊരു
സുപ്രധാന നാഴികക്കല്ലാണ്.
പ്രാദേശിക
വ്യവസായങ്ങളുമായി അടുത്ത പങ്കാളിത്തത്തോടെയും കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' കാഴ്ചപ്പാടിന് പൂർണ്ണമായും അനുസൃതമായുമാണ് ഇത് നടപ്പിലാക്കുന്നത്," ചടങ്ങിൽ പങ്കെടുത്ത ഐ.എ.ഐ പ്രസിഡന്റും സി.ഇ.ഒയുമായ ബോവാസ് ലെവി പറഞ്ഞു.
ഡി.സി.എക്സ് സിസ്റ്റംസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എച്ച്.എസ്. രാഘവേന്ദ്ര
റാവുവും ചടങ്ങിൽ പങ്കെടുത്തു. ഇസ്രായേലിലെ പ്രമുഖ എയ്‌റോസ്‌പേസ്-ഏവിയേഷൻ
നിർമ്മാതാക്കളായ ഐ.എ.ഐ, കഴിഞ്ഞ നാല്
പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സായുധ സേനയുമായി ശക്തമായ പങ്കാളിത്തം
പുലർത്തുന്നുണ്ട്.
ഇന്ത്യയുടെ പ്രതിരോധ
മേഖലയിൽ ഗണ്യമായ നിക്ഷേപം നടത്തുന്നതിനൊപ്പം രാജ്യത്തിന്റെ സ്വയംപര്യാപ്തതയെന്ന
ലക്ഷ്യങ്ങൾക്ക് കമ്പനി ശക്തമായ പിന്തുണയും നൽകുന്നു. "സാങ്കേതിക നവീകരണം
മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രാദേശിക വൈദഗ്ധ്യം വളർത്തുന്നതിനും
ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ
ശക്തിപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിജ്ഞാബദ്ധതയാണ് ഈ
സഹകരണത്തിലൂടെ പ്രതിഫലിക്കുന്നത്," ലെവി കൂട്ടിച്ചേർത്തു. ആഗോള വൈദഗ്ധ്യത്തെ പ്രാദേശിക നിർമ്മാണ ശേഷിയുമായി
സംയോജിപ്പിക്കുന്ന സംയുക്ത കാഴ്ചപ്പാടിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംയുക്ത
സംരംഭമെന്ന് ഡോ. രാഘവേന്ദ്ര റാവു പറഞ്ഞു. "പുതിയ സൗകര്യം വേഗത്തിലുള്ള
വിതരണവും ഉയർന്ന മൂല്യവർദ്ധനവും ഉറപ്പാക്കുന്നതിനൊപ്പം ദേശീയ പ്രതിരോധ മുൻഗണനകളുമായി
കൂടുതൽ പൊരുത്തപ്പെടാൻ സഹായിക്കുകയും ചെയ്യും," അദ്ദേഹം
വ്യക്തമാക്കി.
