ഒരു സ്വകാര്യ ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന ഈ മൂന്ന്
അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കാനോ മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറാനോ നിലവില്‍
തൃണമൂല്‍ കോണ്‍ഗ്രസിന് സാധിക്കില്ല. എന്നാല്‍ അക്കൗണ്ടുകളിലേക്ക് പുതിയതായി പണം
നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി
ഫണ്ടിന്റെ നിയന്ത്രണത്തെച്ചൊല്ലി മുന്‍ മന്ത്രി അരൂപ് ബിശ്വാസിന്റെ
നേതൃത്വത്തിലുള്ള വിഭാഗവും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള
വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന പോരാട്ടമാണ് ഈ നടപടിക്ക് ആധാരം. ഋതബ്രത ബാനര്‍ജിയെ
അനുകൂലിക്കുന്ന പത്ത് വിമത എം.എല്‍.എമാര്‍ ബിധാനഗര്‍ പോലീസ് കമ്മീഷണറേറ്റിന്
കീഴിലുള്ള സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ നല്‍കിയ ഔദ്യോഗിക പരാതിയുടെ
അടിസ്ഥാനത്തിലാണ് പോലീസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇത്രയും വലിയ
തുകയുടെ യഥാര്‍ത്ഥ ഉറവിടം വ്യക്തമല്ലെന്നാണ് വിമത വിഭാഗത്തിന്റെ പ്രധാന ആരോപണം. ഈ
പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായ ക്രിമിനല്‍ അന്വേഷണം വേണമെന്ന് അവര്‍
പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാധീനം ദുരുപയോഗം ചെയ്തും, അഴിമതിയിലൂടെയും, വിവിധ തട്ടിപ്പുകളിലൂടെയും സമാഹരിച്ച പണമാണോ ഇതെന്നും, സര്‍ക്കാര്‍ ഫണ്ടുകള്‍ വകമാറ്റി നിയമവിരുദ്ധമായി അക്കൗണ്ടുകളിലേക്ക്
എത്തിച്ചതാണോ എന്നും വിശദമായി പരിശോധിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
അതേസമയം, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിലേക്ക്
നയിച്ച നീക്കങ്ങള്‍ക്ക് പിന്നില്‍ ഇരുവിഭാഗങ്ങളില്‍ നിന്നും പരസ്പരമുള്ള
കരുനീക്കങ്ങള്‍ നടന്നിരുന്നു.
വിമത വിഭാഗം പാര്‍ട്ടി ഫണ്ട് ദുരുപയോഗം ചെയ്യാന്‍
സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ മന്ത്രി അരൂപ് ബിശ്വാസ് കഴിഞ്ഞ ദിവസം
ബാങ്ക് അധികൃതര്‍ക്ക് കത്തയച്ചിരുന്നു. പാര്‍ട്ടി ഫണ്ട് സുരക്ഷിതമായി
സംരക്ഷിക്കണമെന്നും ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുന്നതുവരെ ബാങ്ക്
ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ
ആവശ്യം. ഇതിന് തൊട്ടുപിന്നാലെയാണ് തുകയുടെ ഉറവിടം അന്വേഷിക്കണം എന്നാവശ്യപ്പെട്ട്
വിമത എം.എല്‍.എമാര്‍ ക്രിമിനല്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചതും
പോലീസ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും. ബാങ്ക് അക്കൗണ്ടുകളിലെ തര്‍ക്കത്തിനൊപ്പം
പാര്‍ട്ടിയുടെ ഔദ്യോഗിക ട്രഷറര്‍ പദവിയെച്ചൊല്ലിയും തൃണമൂലില്‍ ഭിന്നത രൂക്ഷമാണ്.
ബാങ്കിന് കത്തയച്ച അരൂപ് ബിശ്വാസിന് നിലവില്‍ പാര്‍ട്ടിയുടെ സാമ്പത്തിക
കാര്യങ്ങളില്‍ ഇടപെടാന്‍ യാതൊരു അധികാരവുമില്ലെന്ന് മമത ബാനര്‍ജി പക്ഷത്തെ പ്രമുഖ
നേതാവും എം.എല്‍.എയുമായ കുനാല്‍ ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ 5-ന് ചേര്‍ന്ന പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ്
കമ്മിറ്റി യോഗത്തില്‍ സുഭാശിഷ് ചക്രവര്‍ത്തിയെ പുതിയ ട്രഷററായി ഐകകണ്‌ഠ്യേന
തിരഞ്ഞെടുത്തതാണെന്നും, അതിനാല്‍ അരൂപ് ബിശ്വാസിന് പാര്‍ട്ടി
കാര്യങ്ങള്‍ സംസാരിക്കാന്‍ അര്‍ഹതയില്ലെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടി ഫണ്ടിനെയും സംഘടനയെയും തങ്ങളുടെ
നിയന്ത്രണത്തിലാക്കാന്‍ ഇരുവിഭാഗങ്ങളും നടത്തുന്ന ഈ പരസ്യമായ പോര് പശ്ചിമ ബംഗാള്‍
രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
