രാഷ്ട്രീയ കേരളത്തില്‍
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാക്കുകള്‍ക്കുള്ള സ്വാധീനം തെളിയിച്ച് അദ്ദേഹം
രചിച്ച 'ആദം നീ
എവിടെയാകുന്നു' എന്ന പുസ്തകം വിപണിയില്‍ വന്‍ വിജയമായി.വിവിധ
ക്രൈസ്തവ സഭകളുടെ ഉന്നത സമ്മേളനങ്ങളിലും വേദികളിലും മുഖ്യമന്ത്രി നടത്തിയ
ചരിത്രപരവും ശ്രദ്ധേയവുമായ പ്രസംഗങ്ങളുടെ സമാഹാരമായ ഈ പുസ്തകം ഇപ്പോള്‍ ആഗോള
വായനക്കാരിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ
നിരീക്ഷകനുമായ റോയ് മാത്യു എഡിറ്റ് ചെയ്ത പുസ്തകത്തിന് മഹാത്മാ ഗാന്ധി സർവകലാശാല
വൈസ് ചാൻസലർ ഡോ. സിറിയക് തോമസാണ് അവതാരിക എഴുതിയത്
മലയാളത്തില്‍ നിലവില്‍ ഈ പുസ്തകം സൃഷ്ടിച്ച വന്‍ തരംഗം ഇംഗ്ലീഷ്
പതിപ്പിന്റെ അണിയറ നീക്കങ്ങള്‍ക്ക് വലിയ ഊര്‍ജ്ജമാണ് പകരുന്നത്. കേരളത്തിലെ പ്രമുഖ
പ്രസാധകരായ ഡിസി ബുക്സ് ഈ വര്‍ഷം മെയ് 9-നാണ് 'ആദം നീ എവിടെയാകുന്നു' എന്ന
പുസ്തകം വായനക്കാര്‍ക്ക് മുന്നില്‍ എത്തിച്ചത്. പുറത്തിറങ്ങി ചുരുങ്ങിയ നാളുകള്‍ക്കകം
തന്നെ പതിനായിരം കോപ്പികള്‍ പിന്നിട്ട പുസ്തകം, നിലവില്‍ 13,000-ത്തോളം കോപ്പികളുടെ റെക്കോര്‍ഡ് വില്പനയുമായി വിപണിയില്‍ വന്‍ മുന്നേറ്റം
തുടരുകയാണ്. രാഷ്ട്രീയ നേതാക്കളുടെ പുസ്തകങ്ങള്‍ക്ക് പൊതുവെ ലഭിക്കുന്നതിനേക്കാള്‍
വലിയൊരു സ്വീകാര്യതയാണ് വി.ഡി. സതീശന്റെ പുസ്തകത്തിന് കേരളത്തിലുടനീളം
ലഭിച്ചുകൊണ്ടിരിക്കുന്നത്.
പുസ്തകം വിപണിയില്‍ വന്‍ തോതില്‍ വിറ്റഴിയുകയും വലിയ ചര്‍ച്ചകള്‍ക്ക്
വഴിമാറുകയും ചെയ്യുന്നുണ്ടെങ്കിലും,
ഇതുവരെ ഇതിന്റെ ഒരു ഔദ്യോഗിക പ്രകാശന ചടങ്ങ് പോലും ഭരണത്തലവന്റെ
തിരക്കുകള്‍ കാരണം നടത്താനായിട്ടില്ല എന്നതാണ് ഏറെ കൗതുകകരമായ വസ്തുത. സാധാരണയായി
പ്രമുഖരുടെ പുസ്തകങ്ങള്‍ വലിയ ചടങ്ങുകളോടെ പ്രകാശനം ചെയ്ത ശേഷമാണ്
വിപണിയിലെത്താറുള്ളത്. എന്നാല്‍ ഇവിടെ ഒരു പരസ്യപ്രചാരണവുമില്ലാതെ തന്നെ പുസ്തകം
വായനക്കാര്‍ സ്വയം തേടിപ്പിടിച്ച് വാങ്ങുന്ന അസാധാരണമായ കാഴ്ച്ചയാണ് സാംസ്കാരിക
കേരളത്തില്‍ കാണാനാകുന്നത്.
ഓരോ ദിവസവും ഡിസി ബുക്സിന്റെ ഔദ്യോഗിക ഔട്ട്ലെറ്റുകളിലൂടെ
മാത്രം ശരാശരി 250 ഓളം
പുസ്തകങ്ങളാണ് വായനക്കാരുടെ കൈകളിലേക്ക് എത്തുന്നതെന്ന് ഡിസി ബുക്സ് ഉടമ രവി ഡിസി
വ്യക്തമാക്കി. സാധാരണ രാഷ്ട്രീയ വായനക്കാര്‍ക്ക് അപ്പുറം, പ്രസംഗങ്ങളിലെ
ദാര്‍ശനിക ഭംഗിയും ചിന്താപരമായ ആഴവും കാരണമാണ് പുസ്തകത്തെ സാംസ്കാരിക ലോകം
ഇരുകൈയും നീട്ടി ഏറ്റെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ വില്പന ഇനിയും വര്‍ദ്ധിക്കുമെന്നാണ്
പ്രസാധകര് നല്കുന്ന സൂചന. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ചരിത്രവും അവ
സമൂഹത്തിന് നല്കിയ സംഭാവനകളും വി.ഡി. സതീശന് തന്റെ പ്രസംഗങ്ങളിലൂടെ കൃത്യമായി
അടയാളപ്പെടുത്തിയിട്ടുണ്ട്.
ബൈബിള്‍ സൂക്തങ്ങളെയും മനുഷ്യത്വത്തിന്റെ കാതലായ വശങ്ങളെയും
സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ കേവലം രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം
വലിയൊരു തത്ത്വചിന്താപരമായ വായനയാണ് സമ്മാനിക്കുന്നത്. ഇതാണ് പുസ്തകത്തിന്റെ
ജനപ്രീതി ഇത്രയധികം ഉയരാന്‍ കാരണമായതും. ഭരണപരമായ വലിയ തിരക്കുകള്‍ക്കിടയിലും
മുഖ്യമന്ത്രി പുലര്‍ത്തുന്ന വിപുലമായ വായനാശീലവും പുസ്തകത്തിലെ ഓരോ വരികളിലും
പ്രകടമാണ്. സമകാലിക ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികളെ ക്രൈസ്തവ ദര്‍ശനങ്ങളുടെ
പശ്ചാത്തലത്തില്‍ പരിശോധിക്കുന്ന രീതിയാണ് പുസ്തകത്തിന്റെ കാതല്‍.
സമൂഹത്തില്‍ മതസൗഹാര്‍ദ്ദവും പരസ്പരവിശ്വാസവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പുസ്തകം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മലയാള പതിപ്പ് സൃഷ്ടിച്ച ഈ അഭൂതപൂര്‍വ്വമായ ജനപ്രീതി കണക്കിലെടുത്താണ് ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് അടുത്ത മാസം അതായത് ജൂലൈയില്‍ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ദ്രുതഗതിയിലുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയായി വരുന്നത്. റൗഫ് റൂമിയുടെ മനോഹരമായ ഭാഷാ ശൈലി കൂടി ചേരുമ്പോള്‍ ഇംഗ്ലീഷ് പതിപ്പും വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രസാധകരും സാംസ്കാരിക ലോകവും ഒരുപോലെ വിലയിരുത്തുന്നത്. കേരളത്തിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഈ സാംസ്കാരിക നേട്ടം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് മാറ്റുകൂട്ടുന്നതാണ്.
