കേരള
രാഷ്ട്രീയത്തെയാകെ ഉലച്ച വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍
അന്വേഷണസംഘത്തിന്റെ ചടുലമായ നീക്കങ്ങള്‍. മുഖ്യപ്രതിയായ ജിതിന്‍ ഭാസ്‌കര്‍ തന്റെ
മൊബൈല്‍ ഫോണിലെ അതീവ നിര്‍ണായകമായ തെളിവുകളെല്ലാം നശിപ്പിച്ചത് ഡിവൈഎഫ്‌ഐ നേതാവ്
റിബേഷ് രാമകൃഷ്ണനിലേക്ക് പോലീസ് അന്വേഷണം എത്തിയതോടെയാണെന്ന ഞെട്ടിക്കുന്ന
വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുന്‍പ് നടന്ന അന്വേഷണത്തില്‍ റിബേഷിനെ
പോലീസ് ചോദ്യം ചെയ്തതോടെ അടുത്ത ഊഴം തന്റേതാണെന്ന് ജിതിന്‍ മുന്‍കൂട്ടി ഉറപ്പിച്ചു.
ഇതോടെയാണ് അണിയറയിലെ വലിയ കളികള്‍ പുറത്താകാതിരിക്കാന്‍ സ്വന്തം ഫോണിലെ വിവരങ്ങള്‍
പൂര്‍ണ്ണമായി റീസെറ്റ് ചെയ്തത്.
ജില്ലാ ഫൊറന്‍സിക്
ലാബിലെ ശാസ്ത്രീയ പരിശോധനയിലാണ് തെളിവ് നശിപ്പിക്കലിന്റെ ഈ നിര്‍ണായക വിവരം
സ്ഥിരീകരിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ജിതിന്‍ ഭാസ്‌കര്‍ വ്യാജരേഖ
ചമയ്ക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മുന്‍പും സമാനമായ രീതിയില്‍ വ്യാജരേഖ
ഉണ്ടാക്കി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ ഇയാള്‍ ശ്രമിച്ചിട്ടുണ്ട്. മുന്‍പ്
ഒരു ക്വാറിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലാണ് ഇയാള്‍ ഇതേ രീതിയില്‍ വ്യാജ
പ്രചാരണം നടത്തിയത്.
പാര്‍ട്ടിക്ക്
വേണ്ടി പ്രവർത്തിക്കുന്ന സജീവ സൈബര്‍ പോരാളി കൂടിയാണ് ജിതിന്‍. ചോദ്യം ചെയ്യലില്‍
ഫോണിലെ വിവരങ്ങള്‍ താന്‍ തന്നെയാണ് മായ്ച്ചതെന്ന് ജിതിന്‍ സമ്മതിച്ചിട്ടുണ്ട്.
നിലവില്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ വടകര കോടതി
പരിഗണിക്കും. അതിനിടെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിലെ കുറ്റം ജിതിന്‍
ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി മെമ്പറും
സിപിഎം തിരുവള്ളൂര്‍ തുരുത്തി ലോക്കല്‍ കമ്മിറ്റി അംഗവുമായ ജിതിന്‍ ഭാസ്‌കര്‍ പാര്‍ട്ടിയിലെ
സ്വാധീനമുള്ള നേതാവാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ്
കാലത്ത് ഏറെ വിവാദമായ 'വടകര
സ്‌ക്വാഡ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഈ വ്യാജ കാഫിര്‍
സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് പ്രത്യേക അന്വേഷണസംഘം
കണ്ടെത്തിയിരുന്നു. ഈ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിന്‍ ഭാസ്‌കറാണ് സ്‌ക്രീന്‍ഷോട്ട്
ഗ്രൂപ്പില്‍ ആദ്യം പങ്കുവെച്ചത്. ഇവിടെ നിന്നാണ് മറ്റ് ഇടങ്ങളിലേക്കും സൈബര്‍
ഗ്രൂപ്പുകളിലേക്കും ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു .
ഈ സ്‌ക്രീന്‍ഷോട്ട്
യഥാര്‍ത്ഥത്തില്‍ നിര്‍മ്മിച്ചത് ആരാണ്,
ഇതിന് പിന്നില്‍ പാര്‍ട്ടിയിലെ ഉന്നതരുടെ ആരുടെയെങ്കിലും വ്യക്തമായ
നിര്‍ദ്ദേശമുണ്ടോ, ഇത് പ്രചരിപ്പിച്ചതിന് പിന്നില്‍
ആരുടെയൊക്കെ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ്
ഇനി പോലീസിന് ഉത്തരം കണ്ടെത്തേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന
സംഭവമായതിനാല്‍ പഴയ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ
കേസെടുത്തിട്ടുള്ളത്. സാമുദായിക ഐക്യം തകര്‍ക്കല്‍, കലാപമുണ്ടാക്കാനുള്ള
ഗൂഢശ്രമം, തെളിവ് നശിപ്പിക്കല്‍, കുറ്റം
ചെയ്യാനുള്ള പ്രേരണ അടക്കമുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും എല്‍ഡിഎഫ്
സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച്, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍
മുഹമ്മദ് കാസിമിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ പോസ്റ്റാണ് ഇവര്‍
പ്രചരിപ്പിച്ചത്. നിരപരാധിയായ യുവാവിനെ ഇരയാക്കിയായിരുന്നു ഈ സൈബര്‍ ഗുണ്ടായിസം.
മുന്‍പ് നടന്ന
അന്വേഷണങ്ങള്‍ 'റെഡ് എന്‍കൗണ്ടര്‍'
എന്ന വാട്‌സാപ്പ് ഗ്രൂപ്പിലും ഡിവൈഎഫ്‌ഐ നേതാവ് റിബേഷ്
രാമകൃഷ്ണനിലും എത്തി നിശ്ചലമായ അവസ്ഥയിലായിരുന്നു. എന്നാല്‍ പുതിയ കണ്ടെത്തലോടെ
അണിയറയിലെ വന്‍സ്രാവുകളിലേക്ക് അന്വേഷണം നീളുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍
ഉയര്‍ത്തിയ വര്‍ഗീയ വിരുദ്ധ വികാരം സ്വന്തം അണികള്‍ തന്നെ ഉണ്ടാക്കിയ
നാടകമായിരുന്നു എന്ന് തെളിഞ്ഞത് പാര്‍ട്ടിയെ രാഷ്ട്രീയമായി വല്ലാതെ
വെട്ടിലാക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സൈബര്‍ സഖാക്കളിലേക്ക് അന്വേഷണം
നീളുമെന്നാണ് സൂചന.
ഫോണിലെ
വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയിലൂടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഡിലീറ്റ് ചെയ്യപ്പെട്ട ചാറ്റുകളും ചിത്രങ്ങളും തിരികെ ലഭിച്ചാല്‍ അതില്‍ നിന്ന് ഈ
വ്യാജരേഖ ജിതിന് കൈമാറിയ യഥാര്‍ത്ഥ സൂത്രധാരനിലേക്ക് എത്താന്‍ കഴിയുമെന്നാണ്
അന്വേഷണസംഘത്തിന്റെ വിശ്വാസം. സൈബര്‍ ഇടങ്ങളിലെ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
പിന്നില്‍ വലിയൊരു സംഘം തന്നെയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വടകരയിലെ
തിരഞ്ഞെടുപ്പ് ഫലത്തെപ്പോലും സ്വാധീനിക്കാന്‍ തക്കവണ്ണം സമൂഹത്തില്‍ വലിയ
ചേരിതിരിവ് ഉണ്ടാക്കിയ സംഭവമാണിത്. അതുകൊണ്ടുതന്നെ കോടതിയും ഈ കേസിനെ അതീവ
ഗൗരവത്തോടെയാണ് കാണുന്നത്.
പ്രതിക്ക് നാളെ
ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തെളിവ് നശിപ്പിച്ചു എന്ന് പ്രതി തന്നെ സമ്മതിച്ച സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം
ചെയ്യലിനായി പോലീസിന് കസ്റ്റഡിയില്‍ ലഭിച്ചേക്കും. ഈ വ്യാജ പ്രചാരണത്തിന് പിന്നില്‍
പ്രവര്‍ത്തിച്ച സകലരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി
പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്. പോലീസ് അന്വേഷണം വന്‍സ്രാവുകളിലേക്ക് നീളുമ്പോള്‍
പാര്‍ട്ടി തലത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ സമ്മര്‍ദ്ദങ്ങള്‍
നടക്കുന്നതായും ആക്ഷേപമുണ്ട്. എന്നാല്‍ കോടതിയുടെ കര്‍ശന നിരീക്ഷണമുള്ളതിനാല്‍
അന്വേഷണസംഘത്തിന് പിന്നോട്ട് പോകാന്‍ കഴിയില്ല.
