നജീബ് ചെറിയ മീനല്ല; അവയവ ദാനത്തിന് പിന്നില്‍ മാഫിയ തട്ടിപ്പിന്റെ വ്യാപ്തി വിദേശ രാജ്യങ്ങളിലേക്കും നീളുന്നു; ഇന്റര്‍പോളിന്റെ സഹായം അനിവാര്യത; സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരും സംശയ നിഴലില്‍


കൊച്ചി: മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് വിദേശത്തേക്ക് അവയവക്കടത്തിനായി മനുഷ്യക്കടത്ത് നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസിലെ മുഖ്യപ്രതി നജീബ് 'കല്ലട്രാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ മറവില്‍ പാവപ്പെട്ടവരെ കടത്തിയിരുന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന. 2024-ല്‍ കേരളത്തെ നടുക്കിയ 'സ്റ്റെമ്മ ക്ലബ്' അവയവക്കടത്ത് കേസിന് സമാനമായ രീതിയിലാണ് നജീബും വലവിരിച്ചിരുന്നത്.


സങ്കീര്‍ണ്ണമായ ഈ ശൃംഖലയെക്കുറിച്ച് അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കൊച്ചി ഡി.സി.പി ഷഹന്‍ഷാ വ്യക്തമാക്കി. കേസിന്റെ വ്യാപ്തിയും വിദേശ ബന്ധങ്ങളും കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘം പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് വ്യാജരേഖകള്‍ നിര്‍മ്മിച്ചു നല്‍കി വിദേശത്തേക്ക് അയക്കുകയായിരുന്നു നജീബിന്റെ രീതി. അവയവദാതാവാണെന്ന് തോന്നിപ്പിക്കാത്ത വിധം മെഡിക്കല്‍ ടൂറിസ്റ്റ് എന്ന വ്യാജേനയാണ് ഇവരെ കടത്തിയിരുന്നത്. സ്റ്റെമ്മ ക്ലബ് ഉടമ മധു ജയകുമാര്‍ നടത്തിയതിന് സമാനമായ തട്ടിപ്പാണ് നജീബും ആസൂത്രണം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. വിദേശത്തെ വന്‍കിട റാക്കറ്റുകളുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കേസില്‍ സംസ്ഥാനത്തെ ചില പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും അധികൃതരുടെയും പങ്കും അന്വേഷണ പരിധിയിലുണ്ട്. അവയവ കൈമാറ്റത്തിന് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധനാ റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നതില്‍ ഇവര്‍ക്ക് അറിവോ പങ്കോ ഉണ്ടോ എന്ന് കണ്ടെത്താന്‍ പോലീസ് ഇവരുടെ മൊഴിയെടുക്കും. നിയമപരമായ അവയവദാന നടപടികളെ നജീബ് എങ്ങനെ മറികടന്നു എന്നതിനെക്കുറിച്ച് വിശദമായ പരിശോധന നടക്കും.

കൊച്ചി ആസ്ഥാനമായാണ് നജീബ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും പല ജില്ലകളിലായി ഇയാള്‍ക്ക് ഏജന്റുമാരുണ്ടായിരുന്നു. പാവപ്പെട്ട ആളുകളെ കണ്ടെത്തി അവയവക്കച്ചവടത്തിനായി പ്രലോഭിപ്പിക്കുകയായിരുന്നു ഇവരുടെ ജോലി. തട്ടിപ്പിന്റെ വ്യാപ്തി വിദേശ രാജ്യങ്ങളിലേക്കും നീളുന്നതിനാല്‍ ഇന്റര്‍പോളിന്റെ ഉള്‍പ്പെടെ സഹായം തേടേണ്ടി വരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
അവയവക്കച്ചവടത്തിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ഡിജിറ്റല്‍ രേഖകളും ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിച്ചു വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items