ഇടുക്കി:മലയോര മേഖലയായ ഇടുക്കി മണിയാറന്‍കുടിയില്‍ വീടിന് സമീപം
ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ രീതിയില്‍ ജലം ഒഴുകുന്ന ശക്തമായ ശബ്ദം കേള്‍ക്കുന്നത്
പ്രദേശവാസികളില്‍ കനത്ത ആശങ്കയ്ക്കിടയാക്കുന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ
മണിയാറന്‍കുടി പള്ളി സിറ്റിക്ക് സമീപം ആറ്റുപുറത്ത് സുനീറിന്റെ വീടിനോട് ചേര്‍ന്നാണ്
ഭൂമിക്കടിയില്‍ നിന്ന് ജലം കുത്തിയൊഴുകുന്നതിന് സമാനമായ ശബ്ദം അനുഭവപ്പെടുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ സുനീറിന്റെ മാതാവ് പുറത്തിറങ്ങിയപ്പോഴാണ് ഈ അസാധാരണ ശബ്ദം
ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഈ കുടുംബം
യാതൊരുവിധ ഭീഷണികളുമില്ലാതെ ഇവിടെയാണ് താമസിച്ചു വരുന്നത്.
നിലവില്‍ വീടിന് സമീപത്തെ കല്‍ക്കെട്ടിനടിയില്‍ നിന്നാണ് ഒട്ടും
നിലയ്ക്കാതെ വെള്ളം കുത്തിയൊഴുകുന്നതുപോലുള്ള വലിയ ശബ്ദം പുറത്തുവരുന്നത്.
വിവരമറിഞ്ഞയുടന്‍ തന്നെ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റും മറ്റ് പൊതുപ്രവര്‍ത്തകരും
സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നേരിട്ട് കണ്ട് വിലയിരുത്തിയിട്ടുണ്ട്. ഗൗരവമേറിയ
സാഹചര്യമായതിനാല്‍ പഞ്ചായത്ത് അധികൃതര്‍ ഉടനടി തന്നെ വിഷയം ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ
ശ്രദ്ധയില്‍പ്പെടുത്തി.ഭൂമിക്കടിയില്‍ നിന്നുള്ള ഈ അസാധാരണ പ്രതിഭാസം മണിയാറന്‍കുടി
നിവാസികളില്‍ വലിയ ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കനത്ത നാശനഷ്ടം വിതച്ച 2018-ലെ മഹാപ്രളയത്തിന് തൊട്ടുമുന്‍പ് പ്രദേശത്ത് പലയിടങ്ങളിലും സമാനമായ
രീതിയില്‍ ഭൂമിക്കടിയില്‍ നിന്ന് ജലം ഒഴുകുന്ന ശബ്ദം കേട്ടിരുന്നതായി
പ്രദേശവാസികള്‍ ഓര്‍മ്മിക്കുന്നു. അതുകൊണ്ടുതന്നെ, മേഖലയില്‍
വ്യാപകമായി കണ്ടെത്തിയിട്ടുള്ള 'സോയില്‍ പൈപ്പിങ്' എന്ന അപകടകരമായ ഭൗമപ്രതിഭാസമാണോ ഇതെന്ന് നാട്ടുകാര്‍ ശക്തമായി
സംശയിക്കുന്നുണ്ട്.
കനത്ത മഴ പെയ്യുമ്പോള്‍ മണ്ണിലെ ലവണങ്ങള്‍ ഒലിച്ച് പോയി
ഭൂമിക്കടിയില്‍ വലിയ തുരങ്കങ്ങള്‍ രൂപപ്പെടുകയും അതിലൂടെ വെള്ളം ശക്തമായി
ഒഴുകുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഇത് പിന്നീട് വലിയ രീതിയിലുള്ള ഭൂമി
ഇടിഞ്ഞുതാഴലിനും മാരകമായ ഉരുള്‍പൊട്ടലിനും കാരണമായേക്കാം. വിഷയത്തിന്റെ ഗൗരവം
കണക്കിലെടുത്ത് സംസ്ഥാന ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും ഭൗമശാസ്ത്രജ്ഞരും
അടിയന്തിരമായി സ്ഥലത്തെത്തി ശാസ്ത്രീയമായ പരിശോധനകള്‍ നടത്തണമെന്ന് നാട്ടുകാര്‍
ആവശ്യപ്പെട്ടു. മലയോര മേഖലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍
സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
