തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് പുതിയ അധ്യയന വര്‍ഷത്തിന് ആവേശോജ്ജ്വലമായ തുടക്കം. സംസ്ഥാനതല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ കെ. മുരളീധരന്‍, എ.പി. അനില്‍കുമാര്‍, മേയര്‍ വി.വി. രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്ന് ഒന്നാം ക്ലാസിലേക്ക് എത്തിയ കുരുന്നുകളെ സ്‌നേഹത്തോടെ സ്വീകരിക്കുകയും, അവര്‍ക്ക് പുതിയ സ്‌കൂള്‍ ബാഗുകളും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു.സംസ്ഥാനത്തൊട്ടാകെ 44 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് വിദ്യാലയങ്ങളിലേക്ക് പുതുതായി എത്തുന്നത്. ഇതില്‍ മൂന്ന് ലക്ഷത്തിലധികം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയവരാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ കേരളത്തിലെത്തി പഠിക്കുന്ന രീതിയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഈ അവസരത്തില്‍ ഉറപ്പുനല്‍കി.
പഠനത്തോടൊപ്പം സഹജീവികളോടുള്ള സ്‌നേഹവും കാരുണ്യവും കുട്ടികളില്‍ വളര്‍ത്തിയെടുക്കണമെന്നും ലഹരിക്കെതിരെ പ്രവര്‍ത്തിക്കണമെന്നും ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ ആഹ്വാനം ചെയ്തു. സ്‌കൂള്‍ കാലഘട്ടത്തിലെ തന്‍റെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സംസാരിച്ച് തുടങ്ങിയത്. സ്‌കൂളിലും കോളേജിലുമായി പഠിച്ച 12 വര്‍ഷത്തെ കാലയളവിനിടയില്‍ ഒരിക്കല്‍ പോലും വീട്ടില്‍ നിന്ന് ആരും തന്നെ അന്വേഷിച്ച് വിദ്യാലയത്തില്‍ വന്നിട്ടില്ലെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. പഠനകാലത്ത് ചില കുസൃതികളൊക്കെ കാട്ടിയപ്പോള്‍ വീട്ടില്‍ നിന്ന് ആളെ വിളിച്ചുകൊണ്ടുവരാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടെങ്കിലും, അതൊക്കെ താന്‍ തന്നെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യുകയായിരുന്നുവെന്ന് തമാശരൂപേണ അദ്ദേഹം പറഞ്ഞു.പ്രീഡിഗ്രിക്ക് ചേര്‍ക്കാന്‍ വേണ്ടി മാത്രമാണ് അന്ന് രക്ഷിതാക്കള്‍ ഒപ്പം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ അമ്മമാര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, പി.ടി.എ. യോഗങ്ങളില്‍ പങ്കെടുക്കുന്നവരില്‍ 80 ശതമാനവും സ്ത്രീകളാണെന്നത് കുട്ടികളുടെ പഠനകാര്യത്തില്‍ അമ്മമാര്‍ക്കുള്ള താല്പര്യത്തിന്റെ തെളിവാണെന്ന് വ്യക്തമാക്കി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കേരളം ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ നല്ലൊരു സൗഹൃദം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത് കുട്ടികളിലെ സവിശേഷമായ കഴിവുകള്‍ തിരിച്ചറിയാന്‍ എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്റെ മകന്‍ ലണ്ടനിലെ സ്‌കൂളില്‍ പഠിക്കുമ്പോള്‍, അവിടുത്തെ അധ്യാപകര്‍ കുട്ടിയുടെ ഗണിതത്തിലുള്ള പ്രത്യേക കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സമാനമായ രീതിയില്‍ നമ്മുടെ നാട്ടിലെ ഓരോ കുട്ടിക്കുമുള്ള വ്യത്യസ്തമായ താല്പര്യങ്ങള്‍ ചെറുപ്പത്തില്‍ തന്നെ കണ്ടെത്താന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സാധിക്കണം.
വിജ്ഞാന വിസ്‌ഫോടനം നടക്കുന്ന ഈ ആധുനിക കാലത്ത് അറിവുകള്‍ വേഗത്തില്‍ കാലഹരണപ്പെട്ടുപോകുന്ന സാഹചര്യമാണുള്ളത്. ഓരോ മിനിറ്റിലും ഉണ്ടാകുന്ന പുതിയ അറിവുകള്‍ കണ്ടെത്തി പഠിക്കുകയെന്നതാണ് കുട്ടികളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. വായനയിലൂടെയും അധ്യാപകരിലൂടെയും പുതിയ അറിവുകള്‍ തേടാന്‍ വിദ്യാര്‍ത്ഥികള്‍ നിരന്തരം ശ്രമിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി മനുഷ്യബുദ്ധിയേക്കാള്‍ വേഗത്തില്‍ വളരുന്ന പുതിയ കാലഘട്ടത്തെക്കുറിച്ചും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മുന്‍പ് മനുഷ്യന്‍ കണ്ടുപിടിച്ച കഠാരയോ തോക്കോ ബോംബോ പ്രവര്‍ത്തിക്കാന്‍ ഒരു മനുഷ്യന്റെ സഹായം ആവശ്യമായിരുന്നുവെങ്കില്‍, മനുഷ്യചരിത്രത്തില്‍ ആദ്യമായി സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള കണ്ടുപിടുത്തമായി നിര്‍മ്മിത ബുദ്ധി മാറുകയാണ്. ഈ സാഹചര്യത്തില്‍ അറിവ് തേടിയുള്ള അന്വേഷണമാണ് ജീവിതമെന്ന് മനസ്സിലാക്കി
പുതിയ കാര്യങ്ങള്‍ അറിയാനുള്ള ജിജ്ഞാസ കുട്ടികള്‍ വളര്‍ത്തിയെടുക്കണം. കുട്ടികളില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കേരള പോലീസ് സൈബര്‍ഡോം നടപ്പാക്കുന്ന 'കിഡ് ഗ്ലൗ' പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബര്‍ സുരക്ഷാ പ്രതിജ്ഞയും ഉള്‍പ്പെടുത്തിയിരുന്നു.
പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ പഠനസമയം കൃത്യമായി ഉറപ്പാക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ കലണ്ടര്‍ അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്‍.പി. സ്‌കൂളുകളില്‍ 800 മണിക്കൂറും, യു.പി. സ്‌കൂളുകളില്‍ 1000 മണിക്കൂറും, ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂറുമായിരിക്കും അധ്യയന സമയം. ഈ സമയക്രമം പാലിക്കുന്നതിനായി എല്‍.പി. സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമുണ്ടാകില്ല. എന്നാല്‍ യു.പി. വിഭാഗത്തില്‍ മൂന്ന് ശനിയാഴ്ചകളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഏഴ് ശനിയാഴ്ചകളും പ്രവൃത്തിദിനമായിരിക്കും.
