പത്തനാപുരത്തെ വീഴ്ചയ്ക്ക് കാരണം ഗണേഷിന്റെ പുച്ഛവും നാക്കും; പിണറായിയുടെ ധാര്‍ഷ്ട്യത്തിനെതിരെയും കുന്നിക്കോട് ഏരിയ കമ്മിറ്റിയില്‍ എതിര്‍പ്പ് രൂക്ഷം്; പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ ആവശ്യം, സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

 


കൊല്ലം: പത്തനാപുരത്ത് എല്‍.ഡി.എഫ് നേരിട്ട അപ്രതീക്ഷിത തോല്‍വിയുടെ പ്രധാന കാരണം മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അനിയന്ത്രിതമായ നാക്കും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളുമാണെന്ന് സി.പി.എം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഗണേഷ് കുമാര്‍ നടത്തിയ പല പ്രസംഗങ്ങളും വോട്ടര്‍മാരെ അകറ്റിയെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. ഇതിനൊപ്പം മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് സംസ്ഥാനത്തുടനീളം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം അടിയന്തരമായി ഒഴിയണമെന്നുമുള്ള കടുത്ത ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു.


 ആനാവൂര്‍ നാഗപ്പന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും നിലവിലെ നേതൃത്വത്തിനെതിരെ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്. കുന്നിക്കോടിന് പിന്നാലെ അഞ്ചല്‍ ഏരിയ കമ്മിറ്റിയിലും പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ സമാനമായ രീതിയില്‍ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങളുയര്‍ന്നു. മന്ത്രിയെന്ന നിലയില്‍ ഗണേഷ് കുമാറിന്റെ ഓഫീസ് ജനങ്ങളുടെ ഒരു വിഷയത്തിലും ഇടപെട്ടിരുന്നില്ലെന്ന് ഏരിയ കമ്മിറ്റി അംഗങ്ങള്‍ കുറ്റപ്പെടുത്തി. ജനങ്ങളോട് മാത്രമല്ല, വോട്ട് ചോദിച്ചു ചെല്ലേണ്ട പാര്‍ട്ടി നേതാക്കളോട് പോലും തികഞ്ഞ പുച്ഛഭാവത്തിലായിരുന്നു ഗണേഷിന്റെ ഇടപെടല്‍. പത്തനാപുരത്ത് നിര്‍ണ്ണായക ശക്തിയായ എന്‍.എസ്.എസുമായുള്ള ബന്ധം പൂര്‍ണ്ണമായി വഷളാക്കിയത് കെ.ബി. ഗണേഷ് കുമാര്‍ തന്നെയാണെന്നും, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേരിട്ട തോല്‍വിക്ക് കാരണക്കാരന്‍ ഗണേഷ് തന്നെയാണെന്നും ചിലര്‍ യോഗത്തില്‍ ആഞ്ഞടിച്ചു. 


ജി. സുധാകരനെതിരെ 'ചെറ്റ' എന്ന് വിളിച്ചത് ഒരു കമ്മ്യൂണിസ്റ്റുകാരും പറയാന്‍ പാടില്ലാത്ത പ്രയോഗമായിരുന്നുവെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. ചില ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ പാസ്സാക്കുന്ന വെറും പി.ആര്‍ ഏജന്‍സി മാത്രമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അധഃപതിച്ചെന്ന ഗുരുതരമായ ആക്ഷേപം യോഗത്തില്‍ ഉയര്‍ന്നു. ജനങ്ങളെ കേള്‍ക്കാത്ത, ജനവികാരം അറിയാത്ത ഒരു സെക്രട്ടറിയാണ് പാര്‍ട്ടിക്കുള്ളതെന്ന വിമര്‍ശനമാണ് നിലവിലെ നേതൃത്വത്തിനെതിരെ ഉയര്‍ന്നത്. അഞ്ചല്‍ ഏരിയ കമ്മിറ്റിയിലും നേതൃത്വത്തിനെതിരെ വന്‍ പൊട്ടിത്തെറിയാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തുടരുന്നത് പാര്‍ട്ടിയുടെ ഭാവിക്ക് വലിയ അപകടമാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മുന്‍പ് പിണറായി നടത്തിയ 'പരനാറി' പരാമര്‍ശത്തേക്കാള്‍ വലിയ ദോഷമാണ് തിരഞ്ഞെടുപ്പ് കാലത്തെ 'ഡാഷ് മോനേ' പ്രയോഗം പാര്‍ട്ടിക്കുണ്ടാക്കിയത്. 


മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പരിവാരങ്ങളും വഴിനീളെ കാണിച്ചുകൂട്ടിയ ഗുണ്ടായിസവും അതിക്രമങ്ങളും കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സാധാരണക്കാരായ ജനങ്ങളുടെ മുന്നിലേക്ക് തലയുയര്‍ത്തി ചെല്ലാന്‍ കഴിയാത്ത അവസ്ഥയായെന്നും നേതാക്കള്‍ തുറന്നടിച്ചു. ഉന്നത നേതാക്കള്‍ ജനങ്ങളില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും അകന്നതിന്റെ തിക്തഫലം അനുഭവിക്കുന്നത് താഴെത്തട്ടിലുള്ള സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുടെ ശക്തമായ തിരിച്ചുവരവിന് പുതിയൊരു സംസ്ഥാന നേതൃത്വം അടിയന്തരമായി ഉണ്ടാകണമെന്നാണ് കുന്നിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്ത 17 അംഗങ്ങളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. എന്നാല്‍, ഈ കടുത്ത സങ്കീര്‍ണ്ണതകള്‍ക്കിടയിലും പുനലൂര്‍ നിയോജക മണ്ഡലത്തില്‍ മികച്ച വിജയം നേടാനായത് മാത്രമാണ് പാര്‍ട്ടിക്കുള്ള ഏക ആശ്വാസമെന്നും യോഗം വിലയിരുത്തി.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items