ന്യൂഡല്‍ഹി:
സി.എം.ആര്‍.എല്‍ - എക്‌സാലോജിക് സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)
നടത്തിയ മിന്നല്‍ റെയ്ഡിന്റെ പശ്ചാത്തലത്തില്‍, പിണറായി
വിജയനും സി.പി.എമ്മിനുമെതിരെ കടുത്ത രാഷ്ട്രീയ പ്രഹരവുമായി ആഭ്യന്തര-പട്ടികജാതി
ക്ഷേമ വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍. നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ക്കെതിരെ കഴിഞ്ഞ 10 വര്‍ഷമായി
ഒരൊറ്റ വാക്ക് പോലും മിണ്ടാന്‍ ധൈര്യമില്ലാത്ത പിണറായി വിജയന്‍, കേന്ദ്ര ഭരണാധികാരികളെ ഇപ്പോഴും ഭയപ്പെടുകയാണെന്ന് അനില്‍ കുമാര്‍ ഡല്‍ഹിയില്‍
മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരെയും
മകള്‍ക്കെതിരെയും കേന്ദ്ര ഏജന്‍സിയുടെ ഇത്രയും വലിയ അന്വേഷണവും റെയ്ഡും
നടന്നിട്ടും പ്രധാനമന്ത്രിക്കെതിരെ ഒരു വിരല്‍ ചൂണ്ടാന്‍ പോലും പിണറായി വിജയന്‍
തയാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. റെയ്ഡ് കഴിഞ്ഞ ശേഷം വൈകുന്നേരം
മാധ്യമങ്ങളെ കണ്ടപ്പോഴും കേന്ദ്ര നേതൃത്വത്തെ വിമര്‍ശിക്കാന്‍ അദ്ദേഹം
ഭയപ്പെടുകയായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി അദ്ദേഹം ഉള്ളില്‍ കൊണ്ടുനടക്കുന്ന
ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് ഈ നിലപാടിലൂടെ വ്യക്തമാണെന്ന് മന്ത്രി
പരിഹസിച്ചു.
ദേശീയ
തലത്തില്‍ കേന്ദ്ര ഏജന്‍സികളെയും ഇ.ഡിയെയും മുന്‍നിര്‍ത്തിയുള്ള ബി.ജെ.പിയുടെ
രാഷ്ട്രീയ വേട്ടയാടലുകള്‍ക്കെതിരെ നെഞ്ചുവിരിച്ച് നിന്ന് പോരാടുന്നത് കോണ്‍ഗ്രസും
രാഹുല്‍ ഗാന്ധിയുമാണ്. അല്ലാതെ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന
സി.പി.എമ്മല്ലെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍ ഓര്‍മ്മിപ്പിച്ചു.
