തലസ്ഥാനത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; പെട്രോൾ അടിച്ചതിന്റെ പണത്തെച്ചൊല്ലി തർക്കം; പമ്പ് ജീവനക്കാർക്ക് ക്രൂരമർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പോലീസിന്; പ്രതികൾക്കായി തെരച്ചിൽ ഊർജിതം

 


തിരുവനന്തപുരം: നഗരത്തിൽ മദ്യപസംഘത്തിന്റെ ഗുണ്ടാവിളയാട്ടം. കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോൾ പമ്പ് ജീവനക്കാരെ കാറിലെത്തിയ മൂന്നംഗ മദ്യപസംഘം ക്രൂരമായി മർദ്ദിച്ചു. പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കാറിലെത്തിയ സംഘം ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോൾ അടിച്ചു. എന്നാൽ പണം നൽകേണ്ട സമയം വന്നപ്പോൾ, എത്ര തുകയ്ക്കാണ് പെട്രോൾ അടിച്ചതെന്നതിനെച്ചൊല്ലി കാറിലുണ്ടായിരുന്നവർ തമ്മിൽ വാക്കുതർക്കമായി. തുടർന്ന് ഇവർ പെട്രോൾ അടിച്ചുനൽകിയ ഉണ്ണിയോട് തുക എത്രയെന്ന് ചോദിച്ചു.

ഉണ്ണി കൃത്യമായ തുക പറഞ്ഞെങ്കിലും ഇതിൽ തൃപ്തരാകാത്ത സംഘം ജീവനക്കാരന് നേരെ അസഭ്യവർഷം ചൊരിയുകയായിരുന്നു. തെറിവിളി ചോദ്യം ചെയ്തതോടെ കാറിലിരുന്ന ഒരാൾ പുറത്തിറങ്ങി ഉണ്ണിയെ മർദ്ദിക്കാൻ തുടങ്ങി. ഈ പിടിവലിക്കിടെ അക്രമിയുടെ മുഖത്തേക്ക് പെട്രോൾ തെറിച്ചുവീണു. ഇതോടെ പ്രകോപിതനായ കാറിലെ രണ്ടാമനും പുറത്തിറങ്ങി ഉണ്ണിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സഹപ്രവർത്തകൻ മർദ്ദനമേൽക്കുന്നത് കണ്ട് തടയാൻ ചെന്ന മറ്റൊരു ജീവനക്കാരനായ രാജീവനെയും മദ്യപസംഘം വെറുതെവിട്ടില്ല. ഇവർ രാജീവനെയും ക്രൂരമായി മർദ്ദിച്ചവശനാക്കി. അക്രമത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടു. പമ്പ് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items