ലക്ഷദ്വീപ് രജിസ്‌ട്രേഷന്റെ മറവില്‍ കേരളത്തിലേക്ക് കടത്തിയത് കോടികളുടെ ആഡംബര കാറുകള്‍; ഭൂട്ടാനില്‍ നിന്നും നേപ്പാളില്‍ നിന്നും കടത്തിയ വന്‍കിട എസ് യു വികളുടെ കള്ളക്കടത്ത് നിയന്ത്രിക്കുന്നത് ബിശ്വദീപ് ദാസ്; ഡല്‍ഹിയിലെ ഏജന്റ് വഴി ഈ ലക്ഷ്വറി വാഹനങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തിരുന്നത് കോഴിക്കോട്ടെ പ്രമുഖ ആഡംബര കാര്‍ വില്‍പ്പനക്കാരായ 'എം-എസ് റോഡ് വേ കാര്‍സ്'; ദുല്‍ഖറിന് വിശദീകരണം നല്‍കേണ്ടി വരും

 


കൊച്ചി: ഭൂട്ടാന്‍, നേപ്പാള്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് അത്യാധുനിക ആഡംബര എസ്.യു.വികള്‍ കടത്തുന്ന അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തെ തകര്‍ക്കാന്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ നുംഖോര്‍' അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്. സിനിമാ താരങ്ങളെയും വ്യവസായികളെയും കേന്ദ്രീകരിച്ച് കേരളത്തില്‍ നടന്ന സാധാരണ ഒരു നികുതിവെട്ടിപ്പ് കേസ് എന്നതിനപ്പുറം, അസം മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അന്താരാഷ്ട്ര കള്ളക്കടത്ത് മാഫിയയും തമ്മില്‍ ഒത്തുകളിച്ച രാജ്യവ്യാപകമായ വന്‍ തട്ടിപ്പിന്റെ വിവരങ്ങളാണ് കസ്റ്റംസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഭൂട്ടാന്‍ വഴി കടത്തിയ വണ്ടികള്‍ക്ക് ലക്ഷദ്വീപിന്റെ വ്യാജ വിലാസത്തില്‍ അസമില്‍ വെച്ച് രജിസ്‌ട്രേഷന്‍ ഒപ്പിച്ചു നല്‍കുന്നതായിരുന്നു ഇവരുടെ തട്ടിപ്പ് രീതി.

കേസിന്റെ അന്വേഷണത്തിനിടയില്‍ കസ്റ്റംസ് സംഘത്തിന് ലഭിച്ച സമാന്തര വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസമിലെ ബൊംഗൈഗാവ് പൊലീസുമായി ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വ്യാജവും വ്യാജമായി ചമച്ചതുമായ രേഖകള്‍ ഉപയോഗിച്ച് ബൊംഗൈഗാവ് ആര്‍.ടി.ഒ ഓഫീസില്‍ മാത്രം 464 ആഡംബര വാഹനങ്ങളാണ് നിയമവിരുദ്ധമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം വാഹനങ്ങള്‍ക്കും ആദ്യ രജിസ്‌ട്രേഷന്‍ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലാണെന്ന വ്യാജ രേഖകളാണ് ഇവര്‍ ഉണ്ടാക്കിയെടുത്തത്. ഇതേത്തുടര്‍ന്ന് ബൊംഗൈഗാവ് ഡി.ടി.ഒ ദീപക് പൊതാവരി, ജോയിന്റ് ഡി.ടി.ഒ എന്നിവരുള്‍പ്പെടെ ഒന്‍പത് പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കള്ളക്കടത്ത് വാഹനങ്ങള്‍ക്ക് വ്യാജ രജിസ്‌ട്രേഷന്‍ നല്‍കാന്‍ നേരിട്ട് ഒത്താശ ചെയ്ത കുറ്റത്തിന് ഡി.ടി.ഒ ദീപക് പൊതാവരിയെയും മറ്റ് നാല് പേരെയും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.

ഭൂട്ടാനില്‍ നിന്നും നേപ്പാളില്‍ നിന്നും അതിര്‍ത്തി കടത്തി ഇന്ത്യയിലെത്തിക്കുന്ന വന്‍കിട എസ്.യു.വികളുടെ കള്ളക്കടത്ത് നിയന്ത്രിക്കുന്നത് ബിശ്വദീപ് ദാസ് എന്ന കിങ്പിന്‍ ആണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. ഡല്‍ഹി സ്വദേശിയായ ഒരു ഏജന്റ് വഴി ബിശ്വദീപ് ദാസ് കടത്തിക്കൊണ്ടുവരുന്ന ഈ ലക്ഷ്വറി വാഹനങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തിരുന്നത് കോഴിക്കോട്ടെ പ്രമുഖ ആഡംബര കാര്‍ വില്‍പ്പനക്കാരായ 'എം/എസ് റോഡ് വേ കാര്‍സ്' വഴിയായിരുന്നു. ഈ സ്ഥാപനത്തിന്റെ പങ്കാളിയായ സൈന്‍ മര്‍വ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധം പുലര്‍ത്തുകയും ഭൂട്ടാന്‍ വഴി വരുന്ന വാഹനങ്ങള്‍ കേരളത്തിലെ വിവിഐപികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ നേതൃത്വം നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്ന ഏഴ് അത്യാധുനിക എസ്.യു.വികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 1.5 കോടി രൂപയിലധികം കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച് കടത്തിയ ഈ ഏഴ് വാഹനങ്ങളുടെയും ഇടപാടില്‍ നേരിട്ട് പങ്കാളിയാണെന്ന് വ്യക്തമായതോടെ സൈന്‍ മര്‍വയെ 2026 മേയ് 14-ന് കസ്റ്റംസ് ആക്ട് 1962 പ്രകാരം കൊച്ചി കസ്റ്റംസ് ഓഫീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേരളത്തില്‍ ഈ വണ്ടികള്‍ വാങ്ങിയ പ്രമുഖരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

ഈ അന്താരാഷ്ട്ര റാക്കറ്റുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന മറ്റൊരു നിര്‍ണ്ണായക റെയ്ഡില്‍, നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ലക്കി ഭാസ്‌കര്‍' എന്ന സിനിമയില്‍ ഫീച്ചര്‍ ചെയ്ത വന്‍ വിലമതിപ്പുള്ള 'നിസാന്‍ പട്രോള്‍' എസ്.യു.വിയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കളമശ്ശേരിയിലെ 'സിഗ്‌നേച്ചര്‍ കാര്‍സ്' ഉടമ എല്‍ദോ പോള്‍ എന്നയാളുടെ പക്കല്‍ നിന്നാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് ഈ വാഹനം പിടിച്ചെടുത്തത്. ഈ വാഹനം ഭൂട്ടാന്‍/നേപ്പാള്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് പൂര്‍ണ്ണമായും നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നതാണെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി. സിനിമയുടെ ചിത്രീകരണത്തിനായി ഈ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാനിലേക്ക് നേരിട്ട് അന്വേഷണം നീളുന്ന തരത്തില്‍ മുന്‍പ് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും, വാഹനം നിലവില്‍ പിടിച്ചെടുത്തിരിക്കുന്നത് കൊച്ചിയിലെ കാര്‍ ഡീലറായ എല്‍ദോ പോളിന്റെ പക്കല്‍ നിന്നാണെന്ന് കസ്റ്റംസ് രേഖകള്‍ വ്യക്തമാക്കുന്നു. ഈ വാഹനം ഭൂട്ടാനില്‍ നിന്നും ആര് വഴിയാണ് കൊച്ചിയിലെത്തിച്ചതെന്നും, സിനിമയ്ക്കായി ഇത് വാടകയ്ക്ക് എടുത്തതാണോ അതോ മറിച്ചു വില്‍ക്കാന്‍ കൊണ്ടുവന്നതാണോ എന്നതിനെക്കുറിച്ചും കസ്റ്റംസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ വലിയ തുക വെട്ടിക്കാന്‍ സിനിമാ മേഖലയിലെയും കാര്‍ ഡീലിങ് രംഗത്തെയും പ്രമുഖര്‍ ഈ അന്താരാഷ്ട്ര മാഫിയയെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരും.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items