കോഴിക്കോട്: യുഡിഎഫ് മന്ത്രിസഭയുടെ അണിയറയില്‍ വകുപ്പുകള്‍ക്കും
മന്ത്രിസ്ഥാനത്തിനുമായുള്ള വടംവലി മുറുകുന്നു. ഇത്തവണ മികച്ച വിജയം കൊയ്ത കേരള
കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് വി.ഡി. സതീശന് മുന്നില്‍ കടുത്ത ആവശ്യങ്ങളുമായി
രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മന്ത്രിസ്ഥാനം തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നും
അതില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. പിന്നാലെ, പാര്‍ട്ടിയിലെ ആദ്യ മന്ത്രിസ്ഥാനം മോന്‍സ് ജോസഫിനായിരിക്കുമെന്ന് പി.ജെ.
ജോസഫിന്റെ മകനും നിയുക്ത എംഎല്‍എയുമായ അപു ജോണ്‍ ജോസഫും പ്രഖ്യാപിച്ചതോടെ ജോസഫ്
ഗ്രൂപ്പിലെ അധികാര സമവാക്യങ്ങള്‍ തെളിയുകയാണ്.
പാര്‍ട്ടിയിലെ ഏറ്റവും സീനിയര്‍ നേതാവായ മോന്‍സ് ജോസഫിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള
ഒരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ലെന്നാണ് അപു ജോണ്‍ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്.
നേരത്തെ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മോന്‍സിന് ഇത്തവണയും
പ്രഥമ പരിഗണന നല്‍കണം. എട്ട് സീറ്റില്‍ മത്സരിച്ച് ഏഴിടത്തും ജയിച്ചുകയറിയ
തങ്ങളുടെ 'സ്‌ട്രൈക്ക് റേറ്റ്' മുന്നണി
കാണണമെന്നും, തൃക്കരിപ്പൂരും ഇടുക്കിയും അടക്കമുള്ള
സീറ്റുകള്‍ വിട്ടുനല്‍കി തങ്ങള്‍ കാട്ടിയ ഉദാരതയ്ക്ക് പ്രതിഫലമായി രണ്ട്
മന്ത്രിസ്ഥാനം വേണമെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ വാദം.
രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ ഒന്ന് മോന്‍സ് ജോസഫിനും മറ്റൊന്ന്
പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫിനും നല്‍കാനാണ് പ്ലാന്‍. കൃഷി വകുപ്പ്
ഏറ്റെടുക്കാന്‍ പി.ജെ. ജോസഫിന് താല്‍പ്പര്യമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പാര്‍ട്ടിയുടെ സ്വാധീനം
ഉറപ്പിക്കാനാണ് ഈ നീക്കം. എന്നാല്‍ മുസ്ലിം ലീഗും ആര്‍എസ്പിയും അടക്കമുള്ള
കക്ഷികള്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ
ആശ്രയിച്ചിരിക്കും ഈ മോഹങ്ങളുടെ ഭാവി.
മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ തങ്ങള്‍
ആഗ്രഹിക്കുന്നില്ലെന്നും തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തിലായിരിക്കും ചര്‍ച്ചകള്‍
പൂര്‍ത്തിയാക്കുകയെന്നും അപു ജോണ്‍ ജോസഫ് പറയുന്നുണ്ടെങ്കിലും, അണിയറയില്‍ സമ്മര്‍ദ്ദം ശക്തമാണ്. സതീശന്‍ മന്ത്രിസഭയില്‍ തങ്ങളുടെ
പ്രാതിനിധ്യം കുറഞ്ഞാല്‍ അത് അണികള്‍ക്കിടയില്‍ മോശം സന്ദേശം നല്‍കുമെന്ന് ജോസഫ്
വിഭാഗം ഭയക്കുന്നു. ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്ന സാഹചര്യത്തില്‍ കേരള
കോണ്‍ഗ്രസിന്റെ ഈ ആവശ്യം സതീശന് വലിയ തലവേദനയാകാനാണ് സാധ്യത.
