തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ ഏറ്റവും വലിയ സർപ്രൈസ്
എൻട്രിയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന്റേത്. പല
പ്രമുഖരുടെയും പേരുകൾ മാറിമറിഞ്ഞ മന്ത്രിചർച്ചകളുടെ അന്തിമഘട്ടത്തിലാണ് 37-കാരനായ ജനീഷിലേക്ക് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും
ശ്രദ്ധയെത്തുന്നത്. ഈഴവ പ്രാതിനിധ്യവും തൃശൂർ ജില്ലയ്ക്കുള്ള പരിഗണനയും
യുവത്വത്തിന് നൽകിയ മുൻഗണനയും ജനീഷിന് തുണയായി. പുതിയ കാബിനറ്റിലെ ഏറ്റവും പ്രായം
കുറഞ്ഞ അംഗമാണ് ഈ മുപ്പത്തിയെട്ടുകാരൻ.
തൊഴിലുറപ്പ് തൊഴിലാളിയായ അമ്മയുടെ കരുത്തിലും സ്വന്തം അധ്വാനത്തിലും
പടുത്തുയർത്തിയതാണ് ജനീഷിന്റെ ജീവിതം. പെരുമ്പാവൂർ പോളിടെക്‌നിക്കിൽ രണ്ടാം വർഷ
ഡിപ്ലോമ വിദ്യാർത്ഥിയായിരിക്കെയാണ് ചാലക്കുടിയിലെ ബാർ ജീവനക്കാരനായിരുന്ന അച്ഛൻ
ജനരഞ്ജൻ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിക്കുന്നത്. അതോടെ കുടുംബത്തിന്റെ ഭാരം അമ്മ
പുഷ്പയുടെ ചുമലിലായി. തൊഴിലുറപ്പ് ജോലിക്കു പോയാണ് പിന്നീട് രണ്ടു കുഞ്ഞുങ്ങളെ
അമ്മ പുഷ്പ പോറ്റിവളര്‍ത്തിയത്. വീട്ടിലെ ദുരിതം കണ്ടറിഞ്ഞ ജനീഷ് പഠനച്ചെലവിനായി
പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരനായും ഇന്റർനെറ്റ് കഫേയിലെ തൊഴിലാളിയായും
പാർട്ട് ടൈം ജോലി ചെയ്തു. കഠിനമായ ജീവിതസാഹചര്യങ്ങളോട് പടവെട്ടി ഉയർന്നുവന്ന
ജനീഷിനുള്ള വലിയൊരു അംഗീകാരം കൂടിയാണ് ഈ മന്ത്രിപദവി.
കുഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിലും പുത്തൻവേലിക്കര
വി.സി.എസ്.എച്ച്.എസ്.എസിലുമായിരുന്നു സ്കൂൾ പഠനം. പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്‌നിക്കിൽ
നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും, തൃശൂർ
ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബി.ബി.എ. എൽ.എൽ.ബി ബിരുദവും നേടി.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. പോളിടെക്‌നിക്കിലെ കെ.എസ്.യു
യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ യാത്ര 2007-ൽ മാള
നിയോജകമണ്ഡലം പ്രസിഡന്റ്, 2012-ൽ തൃശൂർ ജില്ലാ വൈസ്
പ്രസിഡന്റ്, 2017-ൽ ജില്ലാ പ്രസിഡന്റ് എന്നീ
പദവികളിലെത്തിച്ചു. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായും
2020-23 കാലയളവിൽ തൃശൂർ ജില്ലാ പ്രസിഡന്റായും തിളങ്ങി.
പാലിയേക്കര ടോൾ പ്ലാസയ്‌ക്കെതിരെ ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ ജനീഷ് നടത്തിയ
നിയമയുദ്ധം രാഷ്ട്രീയ കേരളത്തിൽ വലിയ കയ്യടി നേടിക്കൊടുത്തു. മുൻ സർക്കാരിന്റെ
നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി 21 ദിവസം
ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
2023 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജനീഷ്,
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ
ഒക്ടോബറിലാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ
ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായ കൊടുങ്ങല്ലൂരിൽ പാർട്ടി ജനീഷിനെ ഇറക്കുമ്പോൾ
കോൺഗ്രസ് നേതൃത്വം പോലും അത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, പരമ്പരാഗത വോട്ടുകൾ ഉറപ്പിച്ചും ഇടതു വോട്ടുകളിൽ വിള്ളലുണ്ടാക്കിയും ജനീഷ്
നടത്തിയ പ്രചാരണം ഫലം കണ്ടു. എൽഡിഎഫിലെ അതികായനായ സി.പി.ഐയിലെ വി.ആർ.
സുനിൽകുമാറിനെ 8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സഭയിലെ
പുതുമുഖമായ ജനീഷ് പരാജയപ്പെടുത്തിയത്. ആ പോരാട്ടവീര്യത്തിനുള്ള സമ്മാനമായാണ്
ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം ജനീഷ് ഇപ്പോൾ മന്ത്രിസഭയിലേക്ക് എത്തുന്നത്.
