അബുദാബിയിലെ ആണവനിലയം ലക്ഷ്യമാക്കി എത്തിയത് മൂന്ന് ഡ്രോണുകള്‍; യുഎഇ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് രണ്ട് ഡ്രോണുകളെ തകര്‍ത്തുവെങ്കിലും മൂന്നാമത്തേത് ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ പതിച്ചു; ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയെന്ന് നിഗമനം; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സിയും

 


അബുദാബി: യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കെയാണ് യു.എ.ഇക്കു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഞായറാഴ്ച മൂന്ന് ഡ്രോണുകളാണ് എത്തിയയത്. ഇതില്‍ രണ്ടെണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിജയകരമായി തടുത്തവെങ്കിലും ഒരെണ്ണം ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ പതിക്കുകയായിരുന്നു, സംഭവത്തിന് പിന്നില്‍ ഇറാനാണെന്നാണ് നിഗമനം.

ലോകം ഏറെ ഭീതിയോടെ നോക്കുന്ന ആണവനിലയത്തിന് തൊട്ടടുത്ത് ഇത്തരമൊരു സ്‌ഫോടനം നടന്നത് മിഡില്‍ ഈസ്റ്റിലെ സമാധാന അന്തരീക്ഷത്തെ ആശങ്കയിലാക്കി. ഇസ്രായേല്‍-ഇറാന്‍ പോര് രൂക്ഷമായിരിക്കെ നടന്ന ഈ നീക്കം വലിയൊരു പ്രാദേശിക യുദ്ധത്തിന് വഴിമരുന്നിടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ബറാക്കയില്‍ നടന്നത് എന്ത്? അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബറാക്ക ആണവനിലയത്തിന്റെ സുരക്ഷാ മതിലിന് പുറത്തുള്ള ജനറേറ്ററിനെ ലക്ഷ്യമിട്ടാണ് ഡ്രോണ്‍ എത്തിയത്. സ്‌ഫോടനത്തിന് പിന്നാലെ വന്‍ തീപിടിത്തമുണ്ടായെങ്കിലും യുഎഇയുടെ സുരക്ഷാ സേനയും അഗ്‌നിശമന വിഭാഗവും ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിലെ റിയാക്ടറുകള്‍ സുരക്ഷിതമാണെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. റേഡിയേഷന്‍ ഭീഷണി നിലവിലില്ലെന്ന് പറയുമ്പോഴും അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ എങ്ങനെ എത്തിയെന്നത് യുഎഇയെയും അന്താരാഷ്ട്ര ഏജന്‍സികളെയും ഞെട്ടിച്ചിട്ടുണ്ട.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയത്തിന്റെ വിരല്‍ നീളുന്നത് ഇറാനിലേക്കാണ്. ഇസ്രായേലുമായും അമേരിക്കയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന യുഎഇയെ ഭീഷണിപ്പെടുത്താന്‍ ഇറാന്‍ നടത്തുന്ന നീക്കമാണിതെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. നേരത്തെയും സൗദിയിലെയും യുഎഇയിലെയും എണ്ണക്കമ്പനികള്‍ക്ക് നേരെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ആണവനിലയത്തിന് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി യുഎഇയും ഇറാനും തമ്മില്‍ നയതന്ത്രപരമായ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യുഎഇയുടെ പ്രതിരോധ ബന്ധങ്ങള്‍ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് യുഎഇ മറുപടി നല്‍കി. യുഎഇയുടെ സുരക്ഷയെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന ഏത് നീക്കത്തോടും ശക്തമായി പ്രതികരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

ഇറാനും അമേരിക്കയും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കെ നടന്ന ഈ ആക്രമണം മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ യുഎഇയിലെ ഊര്‍ജ്ജ-നാവിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ട്രംപ്, യുഎഇയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ ശക്തമായി ഇടപെടുമോ എന്നും കണ്ടറിയണം. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് മന്ത്രാലയം വിശദീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും രാജ്യത്തിന് നേരെ ഉണ്ടാകുന്ന ഏത് ഭീഷണികളെയും നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നും യുഎഇ പ്രതിരോദ മന്ത്രാലയം വ്യക്തമാക്കി.



Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items