കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ
ഹിമപാതത്തിൽ പർവതാരോഹകരുടെ ബേസ് ക്യാമ്പ് പൂർണ്ണമായും മഞ്ഞുമൂടി. ചൈനയുടെ
അധീനതയിലുള്ള ടിബറ്റൻ അതിർത്തി പ്രദേശത്ത് മെയ് 12-നായിരുന്നു
സംഭവം. ഹിമാലയൻ യാത്രകളിലെ പ്രവചനാതീതമായ അപകടങ്ങളുടെ ആഴം വ്യക്തമാക്കുന്ന,
പർവതാരോഹകർ തന്നെ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ
സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഏവറസ്റ്റിന്റെ തെക്കുഭാഗത്തുള്ള പർവതാരോഹകരുടെ ക്യാമ്പിലാണ്
ഹിമപാതമുണ്ടായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദൂരെ നിന്നുയർന്ന നേർത്ത
മുഴക്കത്തോടെയാണ് അപകടത്തിന്റെ തുടക്കം. എന്നാൽ, കണ്ണടച്ചു
തുറക്കുന്ന വേഗതയിൽ വൻ മഞ്ഞുമല താഴേക്ക് പതിക്കുകയായിരുന്നു. പിന്നാലെ പ്രദേശം
മുഴുവൻ മഞ്ഞ് നിറഞ്ഞ ഒരു വൻമതിൽ രൂപപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ ആകാശം
ഇരുണ്ടതായും കനത്ത മഞ്ഞുമേഘങ്ങൾ പ്രദേശമാകെ മൂടിയതായും പർവതാരോഹകർ
സാക്ഷ്യപ്പെടുത്തുന്നു
കാഴ്ച പൂർണ്ണമായും തടസ്സപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാതെ
പർവതാരോഹകരും ഗൈഡുകളും ജീവൻ രക്ഷിക്കാനായി ടെന്റുകളിലേക്ക് ഓടിക്കയറുന്ന ദൃശ്യങ്ങൾ
വീഡിയോയിലുണ്ട്. ശക്തമായ മഞ്ഞുവീഴ്ചയിൽ പര്യവേഷണ സംഘത്തിന്റെ ടെന്റുകൾ തകരുകയും
ക്യാമ്പ്‌സൈറ്റിന്റെ ഭൂരിഭാഗവും മഞ്ഞിനടിയിലാവുകയും ചെയ്തു. അത്യന്തം അപകടകരമായ
സാഹചര്യമായിരുന്നിട്ടും പര്യവേഷണ സംഘം കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ
പാലിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
കനത്ത കാറ്റും കൊടുങ്കാറ്റും മഞ്ഞുചരിവുകളിൽ വന്നിടിക്കുമ്പോൾ
പരിചയസമ്പന്നരായ പർവതാരോഹകർ പോലും അടിയറവ് പറയേണ്ടി വരാറുണ്ട്. എത്രയൊക്കെ സുരക്ഷാ
മുൻകരുതലുകൾ സ്വീകരിച്ചാലും ഏവറസ്റ്റ് പര്യവേഷണം എപ്പോഴും മരണമുനമ്പിലൂടെയുള്ള
യാത്രയാണെന്ന് ഈ അപകടവും ഓർമ്മിപ്പിക്കുന്നു. ചരിത്രത്തിൽ ഇതിനകം തന്നെ
ആയിരക്കണക്കിന് ജീവനുകളാണ് ഹിമാലയൻ യാത്രകളിൽ പൊലിഞ്ഞിട്ടുള്ളത്.
