കോണ്‍ഗ്രസ് നിരയില്‍ ഏറ്റവും സീനിയോരിറ്റിയുള്ള വനിതാ എംഎല്‍എ; കെപിസിസി കോര്‍കമ്മിറ്റിയിലെ ഏക വനിതാ അംഗം; കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളിയില്‍ മന്ത്രിസ്ഥാനം നഷ്ടം; 1960 -ല്‍ നഫീസത്ത് ബീവി ഇരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ കസേരയിലേക്ക് 2026- ല്‍ ഷാനിമോള്‍ ഉസ്മാന്‍ എത്തുന്നു



തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയുടെ രൂപീകരണത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റിമറിക്കപ്പെട്ടപ്പോള്‍ അര്‍ഹമായ മന്ത്രിസ്ഥാനം കൈവിട്ടുപോയത് ഷാനിമോള്‍ ഉസ്മാന്‍ എന്ന മുതിര്‍ന്ന നേതാവാണ്. ഷാനിയെ മന്ത്രിസഭയില്‍ എത്തിക്കാന്‍ വി ഡി സതീശന്‍ ശക്തമായി വാദിച്ചെങ്കിലും അത് നടപ്പിലായില്ല. തല്ക്കാലം ഡെപ്യൂട്ടി സ്പീക്കര്‍ പദവികൊണ്ട് ഷാനിമോള്‍ക്ക് തൃപ്തപ്പെടേണ്ടി വന്നു. വനിതാ മന്ത്രിയായി ബിന്ദു കൃഷ്ണനും കെ എ തുളസിയും ഇടംപിടിച്ചു.

കോണ്‍ഗ്രസ് നിരയിലെ ഏറ്റവും സീനിയറായ വനിതാ നേതാവും കെപിസിസി കോര്‍കമ്മിറ്റിയിലെ ഏക പെണ്‍കരുത്തുമായി ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറാകും. 1960-ല്‍ നഫീസത്ത് ബീവി അലങ്കരിച്ച അതേ കസേരയിലേക്ക് 66 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മുസ്ലിം വനിതാ നേതാവ് എത്തുമ്പോള്‍ അത് ചരിത്ര നിയോഗമായി മാറുകയാണ്. സതീശന്‍ മന്ത്രിസഭയില്‍ ഷാനിമോള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്നതാണ്. എഐസിസി സെക്രട്ടറി എന്ന നിലയിലും കെപിസിസിയിലെ നിര്‍ണ്ണായക ശക്തി എന്ന നിലയിലും ഷാനിമോള്‍ക്ക് മുന്‍ഗണന ഉണ്ടായിരുന്നു. എന്നാല്‍ ഐ ഗ്രൂപ്പിലെയും കെ.സി വേണുഗോപാല്‍ പക്ഷത്തെയും പുരുഷ കേസരികള്‍ മന്ത്രിസ്ഥാനത്തിനായി പിടിമുറുക്കിയതോടെ ഷാനിമോള്‍ തഴയപ്പെട്ടു. വനിതാ പ്രാതിനിധ്യം വേണമെന്ന മുറവിളി ഉയര്‍ന്നപ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയാണ് ഷാനിമോള്‍ക്ക് ലഭിച്ചത്.

കേരള നിയമസഭയുടെ ചരിത്രത്തില്‍ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു നിയമനം നടക്കുന്നത്. 1960 മുതല്‍ 63 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന നഫീസത്ത് ബീവിക്ക് ശേഷം ആ പദവിയിലേക്ക് എത്തുന്ന മുസ്ലിം വനിതയാവുകയാണ് ഷാനിമോള്‍. കോണ്‍ഗ്രസില്‍ ദേശീയ തലത്തിലും അറിയപ്പെടുന്ന മുസ്ലിം വനിതാ നേതാവാണ് ഷാനിമോള്‍. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ ഒരു വിഭാഗം അണികള്‍ക്ക് അമര്‍ഷമുണ്ടെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലൂടെ ഷാനിമോള്‍ക്ക് അല്‍പ്പമെങ്കിലും നീതി ലഭിച്ചു. എന്നാല്‍, 1960 -ല്‍ നഫീസത്ത് ബീവി ഇരുന്ന കസേരയിലേക്കാണ് 2026- ല്‍ ഷാനിമോള്‍ ഉസ്മാന്‍ എത്തുന്നത് എന്നത് ചരിത്രത്തിന്റെ ഭാഗവുമാണ്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items