ബ്രാസ്വില്ലെ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ വീണ്ടും
പടര്‍ന്നുപിടിക്കുന്ന എബോള വൈറസ് ബാധ ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്നു.
ആഭ്യന്തരയുദ്ധം തകര്‍ത്ത മേഖലയില്‍ ആഴ്ചകളോളം ആരുമറിയാതെയാണ് രോഗം പടര്‍ന്നത്.
ഇതാണ് പ്രതിരോധപ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കുന്നത്. സാധാരണയായി
കാണപ്പെടാത്തതും അതീവ മാരകവുമായ എബോള വകഭേദമാണ് ഇപ്പോള്‍
സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരില്‍ മൂന്നിലൊന്നു പേരുടെയും ജീവനെടുക്കാന്‍
ശേഷിയുള്ള ഈ വൈറസിനെ തളയ്ക്കാന്‍ നിലവില്‍ ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
കുറവാണെന്നത് വെല്ലുവിളി വര്‍ദ്ധിപ്പിക്കുന്നു.
നിലവില്‍ എബോള എത്രത്തോളം വ്യാപിച്ചുവെന്നതില്‍
വ്യക്തതയില്ലെങ്കിലും, ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഇതിനകം തന്നെ 250-ഓളം പേര്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. 80 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. സാധാരണയായി എബോള വ്യാപനം ചെറിയ
തോതിലാണ് ഒതുങ്ങാറുള്ളത്. എന്നാല്‍, 2014-16 കാലഘട്ടത്തില്‍്
28,600-ലധികം ആളുകളെയാണ് രോഗം ബാധിച്ചത്. ചരിത്രത്തിലെ
ഏറ്റവും വലിയ എബോള വ്യാപനമായിരുന്നു അത്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്
ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, ഇത് കോവിഡ് പോലുള്ള ഒരു ആഗോള
മഹാമാരിയുടെ തുടക്കമാണെന്ന് കരുതേണ്ടതില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കുറവാണ്. മുന്‍പുണ്ടായ
വലിയ വ്യാപനത്തില്‍ പോലും യുകെയില്‍ കേവലം മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം
ബാധിച്ചത്. അവര്‍ അവിടെ സന്നദ്ധസേവനത്തിന് പോയ ആരോഗ്യപ്രവര്‍ത്തകരായിരുന്നു.
കോംഗോയുമായി അടുത്ത വ്യാപാര-യാത്രാ ബന്ധങ്ങളുള്ള അയല്‍രാജ്യങ്ങളായ ഉഗാണ്ട, ദക്ഷിണ സുഡാന്‍, റുവാണ്ട എന്നിവയ്ക്ക് ഈ സാഹചര്യം
വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ഇതിനകം തന്നെ ഉഗാണ്ടയില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും
അതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. വളരെ അപൂര്‍വ്വമായി മാത്രം
കാണപ്പെടുന്ന മാരകമായ രോഗമാണ് എബോള. സാധാരണയായി പഴംതീനി വവ്വാലുകള്‍ പോലുള്ള
മൃഗങ്ങളിലാണ് ഈ വൈറസ് കാണപ്പെടുന്നത്. ഇവയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ്
മനുഷ്യരിലേക്ക് രോഗം പടരുന്നത്. 'ബുണ്ടിബുഗ്യോ' എന്ന എബോള വകഭേദമാണ് ഇപ്പോള്‍ കോംഗോയില്‍ വില്ലനായിരിക്കുന്നത്. മുന്‍പ് 2007-ലും 2012-ലും മാത്രമാണ് ഈ വകഭേദം
രോഗബാധയുണ്ടാക്കിയിട്ടുള്ളത്.
ബുണ്ടിബുഗ്യോ വകഭേദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല. മറ്റ്
എബോള വകഭേദങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ ലഭ്യമാണെങ്കിലും, ബുണ്ടിബുഗ്യോയ്ക്ക് അംഗീകൃത വാക്സിനുകളോ ചികിത്സകളോ നിലവിലില്ല. ചില
പരീക്ഷണാത്മക മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. കൂടാതെ, സാധാരണ പരിശോധനകളിലൂടെ ഈ വൈറസിനെ കണ്ടെത്തുക പ്രയാസമാണ്. തുടക്കത്തില്‍
നടത്തിയ പരിശോധനകളെല്ലാം നെഗറ്റീവ് ആയിരുന്നു. പിന്നീട് അത്യാധുനിക ലബോറട്ടറി
പരിശോധനകളിലൂടെയാണ് ബുണ്ടിബുഗ്യോ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ഇതാണ്
ആരോഗ്യരംഗത്തെ പ്രമുഖരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.
