ആലപ്പുഴ: കഴിഞ്ഞകാല തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് പാഠം
ഉൾക്കൊണ്ട്, പാർട്ടി സംഘടനാരംഗത്ത് കഠിനാധ്വാനത്തിലൂടെ
കരുത്ത് തെളിയിച്ച എം. ലിജുവിന് കന്നി നിയമസഭാ വിജയത്തിൽ തന്നെ മന്ത്രിപദം.
കെ.പി.സി.സി വൈസ് പ്രസിഡന്റ് അടക്കം നിരവധി സുപ്രധാന സംഘടനാ ചുമതലകളുമായി
സംസ്ഥാനമൊട്ടാകെ ഓടിനടന്ന് പ്രവർത്തിച്ച ജനകീയ നേതാവിന് ഒടുവിൽ അർഹിച്ച പദവി തന്നെ
കൈവന്നിരിക്കുകയാണ്. വൈകി വന്നതാണെങ്കിലും ആലപ്പുഴയിലെ കോൺഗ്രസ് അണികൾക്ക് ഇരട്ടി
മധുരം നൽകുന്നതാണ് ഈ അംഗീകാരം.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുൻപ് മൂന്ന് തവണ മത്സരിച്ചെങ്കിലും
ലിജുവിന് വിജയം കൈവരിക്കാനായിരുന്നില്ല. 2016-ൽ കായംകുളത്തും
2011, 2021 വർഷങ്ങളിൽ അമ്പലപ്പുഴയിലും ജനവിധി തേടിയെങ്കിലും
പരാജയപ്പെടാനായിരുന്നു ലിജുവിന്റെ വിധി. എന്നാൽ തോൽവികളിൽ തളരാതെ വീണ്ടും
ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹം ഇത്തവണ കായംകുളത്ത് സിറ്റിങ് എം.എൽ.എ
യു. പ്രതിഭയെ അട്ടിമറിച്ചാണ് തന്റെ കന്നി നിയമസഭാ വിജയം പ്രൗഢിയോടെ
സ്വന്തമാക്കിയത്.
സംസ്ഥാന രാഷ്ട്രീയത്തിൽ എം. ലിജു എന്ന മികച്ച സംഘാടകനെ
അടയാളപ്പെടുത്തിയത് അദ്ദേഹം നേതൃത്വം നൽകിയ പ്രക്ഷോഭങ്ങളാണ്. കരിമണൽ
ഖനനത്തിനെതിരായ ജനകീയ സമരം, വൈക്കം സത്യാഗ്രഹ ശതാബ്ദി
ആഘോഷങ്ങൾ, ഗുരു-ഗാന്ധി സംഗമത്തിന്റെ നൂറാം വാർഷികം
എന്നിവയുടെ വിജയകരമായ സംഘാടനം ലിജുവിലെ നേതാവിന്റെ കരുത്ത്
തെളിയിക്കുന്നതായിരുന്നു.
വിശ്വാസസംരക്ഷണത്തിനായി ആലപ്പുഴ മുതൽ പത്തനംതിട്ട വരെ അദ്ദേഹം
നയിച്ച ജാഥ വലിയ ജനപിന്തുണയാണ് നേടിയത്. ഇതിനൊപ്പം തീരദേശ ജനതയോടുള്ള
ഭരണകൂടത്തിന്റെ അവഗണനക്കെതിരെ ലിജു നയിച്ച ‘കടലിരമ്പം’ പ്രക്ഷോഭം ഇപ്പോഴും
തീരദേശവാസികളുടെയും പൊതുജനങ്ങളുടെയും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ജനകീയ
പ്രശ്നങ്ങളിൽ എപ്പോഴും മുൻപന്തിയിലുണ്ടാകും എന്നതിന്റെ തെളിവായിരുന്നു ഈ സമരങ്ങൾ.
വളരെ സാധാരണ പശ്ചാത്തലത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെയാണ് ലിജു
തന്റെ ജീവിതവും രാഷ്ട്രീയവും പടുത്തുയർത്തിയത്. സ്വന്തം പഠനച്ചെലവുകൾക്കായി
ട്യൂഷനെടുത്തും മറ്റ് ജോലികൾ ചെയ്തുമാണ് അദ്ദേഹം ചെറുപ്പത്തിൽ പണം കണ്ടെത്തിയത്.
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ഫിസിക്‌സിൽ ബിരുദവും തുടർന്ന് നിയമത്തിൽ
ബിരുദാനന്തര ബിരുദവും (LLM) നേടിയ ലിജു അഭിഭാഷകനായി തന്റെ
പ്രൊഫഷണൽ കരിയർ ആരംഭിച്ചു.
ഹരിപ്പാട് കാർത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ
കെ.എസ്.യു പ്രവർത്തകനായാണ് ലിജു തന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്
തുടക്കമിടുന്നത്. പിന്നീട് ഹരിപ്പാട് നങ്ങ്യർകുളങ്ങര ടി.കെ.എം.എം കോളജിലെ
പഠനകാലത്ത് സർവകലാശാല കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കേരള സർവകലാശാല
സെനറ്റ് അംഗമായി പ്രവർത്തിച്ചുകൊണ്ട് ക്യാമ്പസ് രാഷ്ട്രീയത്തിൽ അദ്ദേഹം സ്വന്തമായി
ഇടംനേടി.
വിദ്യാർത്ഥി രാഷ്ട്രീയത്തിലെ മികവ് ലിജുവിനെ കെ.എസ്.യു സംസ്ഥാന ജനറൽ
സെക്രട്ടറി പദവിയിലെത്തിച്ചു. തുടർന്ന് യുവജന രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച
അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായും പിന്നീട് സംസ്ഥാന
പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ യുവാക്കളെ കോൺഗ്രസ്
പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു.
യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ലിജു,
പിന്നീട് മാതൃസംഘടനയായ കോൺഗ്രസിന്റെ നേതൃനിരയിലേക്ക് ഉയർന്നു.
കെ.പി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി
രാഷ്ട്രീയകാര്യസമിതി അംഗം, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ്,
കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി എന്നീ സുപ്രധാന പദവികളെല്ലാം
അദ്ദേഹം വിജയകരമായി കൈകാര്യം ചെയ്തു. ഹരിപ്പാട് ആനാരിയിലെ മീനത്തേതിൽ വീട്ടിൽ ഒരു
സാധാരണ കുടുംബത്തിലാണ് ലിജുവിന്റെ ജനനം. കേരള പൊലീസിൽ കോൺസ്റ്റബിളായി
സേവനമനുഷ്ഠിച്ച് വിരമിച്ച എം. മോഹൻലാലിന്റെയും ചന്ദ്രികയുടെയും മകനാണ് അദ്ദേഹം.
ലളിതമായ ജീവിതശൈലിയും സാധാരണക്കാരോട് വേഗത്തിൽ ഇടപഴകാനുള്ള കഴിവും ലിജുവിന്
കുടുംബത്തിൽ നിന്നും ലഭിച്ച വലിയ പാരമ്പര്യമാണ്. തിരക്കേറിയ രാഷ്ട്രീയ
ജീവിതത്തിലും ലിജുവിന് പൂർണ്ണ പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്. അമ്പിളിയാണ്
ഭാര്യ. ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി എന്നിവർ
മക്കളാണ്. നീണ്ട കാത്തിരിപ്പിനും കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഒടുവിൽ എം.
ലിജു മന്ത്രിസഭയിലേക്ക് എത്തുമ്പോൾ ആലപ്പുഴയ്ക്കും കേരളത്തിലെ കോൺഗ്രസ്
പ്രസ്ഥാനത്തിനും അത് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്.
