തിരുവനന്തപുരം: എല്ലാവരെയും വിശ്വാസത്തില്‍ എടുത്ത്
മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും നിയുക്ത മന്ത്രി
കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യപ്രതിജ്ഞക്ക് മുന്‍പായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതായിരുന്നു
അദ്ദേഹം. ദേവന്റെ സ്വത്ത് കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്നും അദ്ദേഹം
ശബരിമല
സ്വര്‍ണകൊളളയില്‍ നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ തുടര്‍അന്വേഷണം
വേണ്ടിവരുമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. ദേവസ്വത്തില്‍ നിന്നും ഭഗവാന്റെ
സ്വത്ത് കട്ടെടുക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി നല്‍കുമെന്ന് പറഞ്ഞ വകുപ്പ്
തന്നെ നല്‍കിയെന്നും മറ്റ് വകുപ്പുകള്‍ സംബന്ധിച്ച് പുറത്തുവന്നത് തെറ്റായ
റിപ്പോര്‍ട്ടുകളാണെന്നുമാണ് കെ മുരളീധരന്‍ വിശദമാക്കുന്നത്. ശബരിമല സ്വര്‍ണകൊളളയില്‍
തുടര്‍ അന്വേഷത്തിനൊരുങ്ങുകയാണ് വി ഡി സര്‍ക്കാരെന്ന സൂചനയാണ് കെ മുരളീധരന്‍ നല്‍കുന്നത്.
മന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന്
പിന്നാലെ വകുപ്പിന്റെ പേരില്‍ ഇടഞ്ഞ കെ.മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യ
വകുപ്പും ദേവസ്വം വകുപ്പും നല്‍കിയാണ് അനുനയിപ്പിച്ചത്. വി ഡി സതീശന്‍
മന്ത്രിസഭയില്‍ ആരോഗ്യവകുപ്പാണ് മുരളീധരന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സതീശന്‍
മന്ത്രിസഭയിലെ വകുപ്പുകള്‍ കെ സി വേണുഗോപാല്‍ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന്
വകുപ്പ് നഷ്ടപ്പെട്ടത്. കെ സി വേണുഗോപാല്‍ വിഭാഗത്തിന്റെ ഭാഗമായ എ.പി. അനില്‍കുമാറിന്
ആരോഗ്യം നല്‍കാനായിരുന്നു നീക്കം. വകുപ്പില്‍ എതിര്‍പ്പ് അറിയിച്ച മുരളീധരന്‍
വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ്
തീരുമാനത്തില്‍ മാറ്റമുണ്ടായത്. കെ. മുരളീധരന് മന്ത്രിപദത്തില്‍ ഇത് രണ്ടാമൂഴമാണ്.
വട്ടിയൂര്‍ക്കാവില്‍ ത്രികോണപ്പോരില്‍ ജയിച്ചതിന്റെ തിളക്കത്തോടെയാണ്
മന്ത്രിപദവിയിലെത്തുന്നത്. 1957 മേയ് 14ന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെയും
കല്യാണിക്കുട്ടിയമ്മയുടെയും മകനായി തൃശൂരില്‍ ജനനം. തൃശൂര്‍ പൂങ്കുന്നം ഗവ. ഹൈസ്‌കൂള്‍,
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലായി
വിദ്യാഭ്യാസം. തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി. 1989ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടുനിന്ന് ആദ്യജയം. 1991ല്‍ വീണ്ടും ജയിച്ചെങ്കിലും '96ല്‍ പരാജയപ്പെട്ടു. 1998 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലും പരാജയപ്പെട്ടു.
കെ.പി.സി.സി പ്രസിഡന്റായിരിക്കെ ആന്റണി
മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായെങ്കിലും ആറുമാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പില്‍
വടക്കാഞ്ചേരിയില്‍ പരാജയപ്പെട്ടു. കെ. കരുണാകരനും അനുയായികളും കോണ്‍ഗ്രസ് സംസ്ഥാന
നേതൃത്വമായി കലഹിച്ചതിനെ തുടര്‍ന്ന് മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം
രാജിവെച്ചു. 2005ല്‍
വിവാദ പരാമര്‍ശത്തില്‍ ആറുവര്‍ഷത്തെ സസ്‌പെന്‍ഷനും ഡി.ഐ.സി (കെ) രൂപീകരണവും. 2006 ല്‍ യു.ഡി.എഫ് നേതൃത്വവുമായി ഡി.ഐ.സി (കെ) ധാരണയിലെത്തി.
മുരളീധരന്‍ കൊടുവള്ളിയില്‍ മത്സരിച്ചെങ്കിലും
തോറ്റു. കെ. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയെങ്കിലും മുരളി എന്‍.സി.പിയില്‍
തുടര്‍ന്നു. 2009
ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ എന്‍.സി.പി ടിക്കറ്റില്‍
മത്സരിച്ചെങ്കിലും തോറ്റു. 2011 ഫെബ്രുവരി 15ന് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 2011, 2016 നിയമസഭ
തെരഞ്ഞെടുപ്പുകളില്‍ വട്ടിയൂര്‍ക്കാവില്‍ വിജയിച്ചു. 2019
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലും ജയം. 2021ല്‍ നേമത്ത്
തോല്‍വി. ഭാര്യ:ജ്യോതി, മക്കള്‍: ശബരീഷ്, അരുണ്‍.
