ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ
അന്തരീക്ഷം നിലനിൽക്കവെ അന്താരാഷ്ട്ര തലത്തിൽ പുതിയ ആരോപണ പ്രത്യാരോപണങ്ങൾ
മുറുകുന്നു. ഇറാനുമായി നിലനിൽക്കുന്ന യുദ്ധക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ
അമേരിക്ക ബോധപൂർവ്വം ശ്രമിക്കുകയാണെന്നാണ് ഇറാന്റെ പുതിയ ആരോപണം. നിലവിലെ പ്രതിസന്ധികൾക്ക്
കാരണം യുഎസ് ആണെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.
ഇറാനെ പ്രതിരോധത്തിലാക്കാൻ അമേരിക്ക പുതിയ
തന്ത്രങ്ങൾ മെനയുകയാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു.
ഇതിനായി മറ്റ് അയൽരാജ്യങ്ങളെ അമേരിക്ക തന്നെ ആക്രമിക്കുകയും, അതിന്റെ പഴി ഇറാന്റെ മേൽ കെട്ടിവെക്കാനുമാണ് വാഷിംഗ്ടൺ
ശ്രമിക്കുന്നതെന്നാണ് ടെഹ്‌റാന്റെ ആക്ഷേപം. മേഖലയിൽ തങ്ങൾക്കെതിരെ അന്താരാഷ്ട്ര
വികാരം ഉണർത്താനാണ് ഈ നീക്കമെന്നും ഇറാൻ കരുതുന്നു
യുഎഇക്ക്
പിന്നാലെ ഗൾഫിലെ മറ്റൊരു പ്രമുഖ ശക്തിയായ സൗദി അറേബ്യക്ക് നേരെയും ഇന്ന്
ആക്രമണമുണ്ടായതോടെ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. സൗദി ലക്ഷ്യമാക്കി
പാഞ്ഞുവന്ന മൂന്ന് കൊലയാളി ഡ്രോണുകളാണ് പ്രതിരോധ സംവിധാനങ്ങൾ തകർത്തത്. ആക്രമണം
വലിയൊരു ദുരന്തത്തിലാണ് കലാശിക്കുമായിരുന്നതെങ്കിലും സമയബന്ധിതമായ ഇടപെടൽ അപകടം
ഒഴിവാക്കി.
സൗദിക്ക് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിന്റെ
ഉറവിടത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇറാഖ്
വ്യോമഅതിർത്തിയിൽ നിന്നാണ് സൗദിക്ക് നേരെയുള്ള ഈ ഡ്രോൺ നീക്കങ്ങൾ ഉണ്ടായതെന്നാണ്
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് മിഡിൽ ഈസ്റ്റിലെ പ്രാദേശിക സഖ്യങ്ങൾക്കിടയിൽ
പുതിയ തർക്കങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
അതിനിടെ, യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത
പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി. അതീവ സുരക്ഷാ പ്രാധാന്യമുള്ള
ആണവനിലയത്തിന് നേരെയുണ്ടായ ഈ നീക്കം മിഡിൽ ഈസ്റ്റിലെ ഊർജ്ജ സുരക്ഷയെയും സമാധാന
അന്തരീക്ഷത്തെയും തകർക്കുന്നതാണെന്ന് യുഎഇ ചൂണ്ടിക്കാണിക്കുന്നു. യാതൊരു
പ്രകോപനവുമില്ലാതെ രാജ്യം നേരിട്ട ഈ ഭീകരാക്രമണം യുഎഇയുടെ സുരക്ഷയ്ക്ക് മേലുള്ള
നേരിട്ടുള്ള കടന്നാക്രമണമാണെന്ന് അബുദാബി വ്യക്തമാക്കി. ഇത്തരത്തിലുള്ള അക്രമണങ്ങൾ
ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും, രാജ്യത്തിന്റെ
പരമാധികാരം സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഔദ്യോഗിക
പ്രസ്താവനയിലൂടെ യുഎഇ മുന്നറിയിപ്പ് നൽകി.
യുഎഇക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ഗൾഫ്
രാജ്യങ്ങളായ കുവൈത്തും ഖത്തറും കടുത്ത ഭാഷയിൽ അപലപിച്ചു. യുഎഇയുടെ സുരക്ഷയ്ക്കും
സ്ഥിരതയ്ക്കും മേലുള്ള ഏത് കടന്നാക്രമണവും തങ്ങൾക്കെതിരെയുള്ളതാണെന്ന്
പ്രഖ്യാപിച്ച ഇരുരാജ്യങ്ങളും, പ്രതിസന്ധി ഘട്ടത്തിൽ യുഎഇക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും
ചെയ്തു. മേഖലയിലെ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുദ്ധം ഒഴിവാക്കാനും
സമാധാനം പുനഃസ്ഥാപിക്കാനുമായി ഖത്തർ അടിയന്തര നയതന്ത്ര ഇടപെടലുകൾ
ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ഇറാൻ ഭരണകൂടവുമായി
നേരിട്ട് ബന്ധപ്പെടുകയും നിലവിലെ ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ മുൻനിർത്തി ഇരുരാജ്യങ്ങളും സംയമനത്തോടെ
പ്രവർത്തിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ഇറാനോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ
മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പാകിസ്ഥാനുമായും ഖത്തർ
ഔദ്യോഗികമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.
ബറക ആണവനിലയത്തിന് സമീപമുണ്ടായ അക്രമണവും
സൗദിക്ക് നേരെയുള്ള തുടർച്ചയായ ഡ്രോൺ നീക്കങ്ങളും അന്താരാഷ്ട്ര തലത്തിൽ വലിയ
ചർച്ചകൾക്കാണ് നിലവിൽ വഴിവെച്ചിരിക്കുന്നത്. ആഗോള വിപണിയെയും എണ്ണവിലയെയും
ബാധിക്കാൻ സാധ്യതയുള്ള ഈ പ്രതിസന്ധി പരിഹരിക്കാൻ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള
അന്താരാഷ്ട്ര സംഘടനകൾ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
