'രാപ്പകലില്ലാതെ അധ്വാനിച്ചുണ്ടാക്കിയ സ്വപ്നവീട്, പേരക്കുട്ടികൾക്ക് ഒന്ന് ഓടിക്കളിക്കാൻ പോലും പറ്റിയില്ല'; വിധി അനുകൂലമായിട്ടും പണം കിട്ടിയില്ല; മനസ്സ് തുറന്ന് ഹരിശ്രീ അശോകൻ


കൊച്ചി: കഠിനാധ്വാനത്തിലൂടെ സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ഹരിശ്രീ അശോകൻ. സിനിമയിൽ നിന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് കൊച്ചിയിൽ അദ്ദേഹം പണിത സ്വപ്നവീടായിരുന്നു 'പഞ്ചാബി ഹൗസ്'. എന്നാൽ, ഫ്ലോറിങ്ങിലെ അപാകത മൂലം തകർച്ചയുടെ വക്കിലായ തന്റെ വീടിനെക്കുറിച്ചും, അതിനെത്തുടർന്ന് കടന്നുപോയ കഠിനമായ നാളുകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ. 'വൺ ടു ടോക്സിന്' നൽകിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകൻ തന്റെ സങ്കടങ്ങൾ പങ്കുവെച്ചത്. "ഒരു ദിവസം രാത്രി പെട്ടെന്നാണ് ടൈൽസ് പൊട്ടുന്ന ശബ്ദം കേട്ടത്. ചെന്ന് നോക്കിയപ്പോൾ മുകളിലെ ഒരു ടൈൽ പൊങ്ങി നിൽക്കുന്നു. ടൈൽ ഇട്ട ആ വർഷം തന്നെയാണ് ഇത് സംഭവിക്കുന്നത്. അതിന് മുൻപ് ബാത്റൂമിലൊക്കെ ചെറിയ പ്രശ്നങ്ങൾ കണ്ടപ്പോൾ കരാറുകാരനെ വിളിച്ചെങ്കിലും അയാൾ വന്നിരുന്നില്ല. ടൈൽ പൊട്ടിയപ്പോൾ വീണ്ടും വിളിച്ചു. വന്ന് നോക്കിയിട്ട് കുഴപ്പമില്ല, ശരിയാക്കാം എന്ന് പറഞ്ഞ് പോയ അയാൾ പിന്നീട് ഫോൺ എടുക്കാതായി," ഹരിശ്രീ അശോകൻ ഓർക്കുന്നു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ ടൈലുകൾ വീണ്ടും പൊട്ടാൻ തുടങ്ങി. വീണ്ടുമെത്തിയ കരാറുകാരൻ ഇത് ശരിയാക്കണമെങ്കിൽ വീണ്ടും പണവും സാധനങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടു. മുൻപ് എല്ലാം നൽകിയതാണല്ലോ എന്ന് പറഞ്ഞപ്പോൾ, പൈസ തരാതെ ചെയ്യില്ലെന്ന് പറഞ്ഞ് അയാൾ ഇറങ്ങിപ്പോകുകയായിരുന്നു. ടൈലുകൾ പൂർണ്ണമായും പൊട്ടി നശിച്ചതോടെയാണ് ഹരിശ്രീ അശോകൻ ഉപഭോക്തൃ കോടതിയെ സമീപിക്കുന്നത്. കോടതി വിധി താരത്തിന് അനുകൂലമായി വന്നെങ്കിലും ദുരിതത്തിന് അറുതിയായില്ല. വിധി വന്നിട്ടും തനിക്ക് പണം ലഭിച്ചില്ലെന്നും എതിർകക്ഷി അപ്പീലിന് പോയതിനാൽ എട്ട് വർഷമായിട്ടും കേസ് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. "രാവും പകലും വെയിലും മഴയും കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ നിന്ന് അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വച്ച സ്വപ്നവീടാണത്. പക്ഷേ അതിലൊന്ന് സമാധാനത്തോടെ കിടക്കാൻ പറ്റിയിട്ടില്ല. മകന്റെയും മകളുടെയും കുട്ടികൾ ജനിച്ചിട്ട് ആ വീട്ടിൽ ഒന്ന് ഓടിക്കളിക്കാൻ പോലും പറ്റിയില്ല. ഒടുവിൽ 'ഗ്ലോറി ആൻഡ് കമ്പനി'യിലെ വിൽസൺ തന്ന കുറേ പരവതാനികൾ വിരിച്ചാണ് കുഞ്ഞുങ്ങളെ അതിലൂടെ നടത്തിച്ചത്. പിന്നീട് അവർക്ക് മരുമകളുടെ വീട്ടിലേക്ക് മാറി നിൽക്കേണ്ടി വന്നു. വലിയ വിഷമമുണ്ടായ ദിവസങ്ങളായിരുന്നു അത്," താരം സങ്കടത്തോടെ പറഞ്ഞു.

വീടുപണിയുടെ സമയത്ത് ഷൂട്ടിങ് കഴിഞ്ഞയുടൻ താൻ ഓടിയെത്തുമായിരുന്നെന്നും, മകളായിരുന്നു കണക്കുകളെല്ലാം നോക്കിയിരുന്നതെന്നും അദ്ദേഹം ഓർത്തു. അയൽവാസികൾക്ക് പോലും വലിയ സന്തോഷമുള്ള കാര്യമായിരുന്നു ആ വീട്. എന്നാൽ ടൈൽ പൊങ്ങി അത് കേസാവുകയും എട്ട് വർഷമായിട്ടും പരിഹാരമാകാതിരിക്കുകയും ചെയ്യുമ്പോൾ വലിയ വിഷമമുണ്ട്. എങ്കിലും, താൻ സത്യസന്ധമായി അധ്വാനിച്ചുണ്ടാക്കിയ കാശാണെങ്കിൽ തീർച്ചയായും ഇതിനൊരു നല്ല പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹരിശ്രീ അശോകൻ.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items