പെരുമ്പെട്ടി: റോഡിൽ വീണുകിട്ടിയ സ്വർണ്ണമാല സ്റ്റേഷനിലേൽപ്പിച്ച് വീട്ടമ്മ മാതൃകയായി. പെരുമ്പെട്ടി പോലീസിന്റെ സമയോചിതമായ ഇടപെടലിൽ മിനിറ്റുകൾക്കകം തന്നെ മാലയുടെ യഥാർത്ഥ ഉടമയെ കണ്ടെത്തുകയും ചെയ്തു. പെരുമ്പെട്ടി കോട്ടാങ്ങൽ ചുങ്കപ്പാറ പി.ഒ. പെരുന്തോട്ടുകാവിൽ വീട്ടിൽ കുഞ്ഞുകുഞ്ഞമ്മയ്ക്കാണ് ഇന്ന് രാവിലെ ചുങ്കപ്പാറ ജംഗ്ഷനിൽ വെച്ച് 11 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ലഭിച്ചത്.
മാല കിട്ടിയ ഉടൻ തന്നെ കുഞ്ഞുകുഞ്ഞമ്മ ഇത് പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലെത്തിച്ച് പോലീസുകാരെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് മാലയുടെ ഉടമസ്ഥയായ സുജാ ബാബുവിനെ കണ്ടെത്തിയത്. സ്വകാര്യ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണ്ണമാല ഇന്ന് രാവിലെ തിരികെ എടുത്ത് മടങ്ങുന്നതിനിടയിലാണ് ചുങ്കപ്പാറ ജംഗ്ഷനിൽ വെച്ച് സുജയുടെ കൈയിൽ നിന്നും ഇത് റോഡിലേക്ക് വീണുപോയത്.
മാല നഷ്ടപ്പെട്ട സങ്കടത്തിലിരുന്ന സുജയെ പോലീസ്
വിവരമറിയിച്ച് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മാല
കണ്ടെത്തി നൽകിയ കുഞ്ഞുകുഞ്ഞമ്മയെക്കൊണ്ട് തന്നെ പോലീസ് മാല ഉടമയ്ക്ക് തിരികെ
നൽകിച്ചു. പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ഷിജു, ബോസ്, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ അലക്സ്, രതീഷ്, അനന്തു, അഷ്ഫാക് എന്നിവരടങ്ങുന്ന സംഘമാണ് മാല സ്റ്റേഷനിൽ ലഭിച്ച്
നിമിഷങ്ങൾക്കകം ഉടമയെ കണ്ടെത്താൻ സഹായിച്ചത്. കുഞ്ഞുകുഞ്ഞമ്മയുടെ സത്യസന്ധതയെയും
പെരുമ്പെട്ടി പോലീസിന്റെ കാര്യക്ഷമതയെയും നാട്ടുകാർ ഒന്നടങ്കം അഭിനന്ദിച്ചു.
