ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന് ശേഷം വിരാട് കോഹ്‌ലി ഓസ്ട്രേലിയൻ താരം ട്രവിസ് ഹെഡിന് ഹസ്തദാനം നൽകാൻ നിഷേധിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. സാധാരണയായി മൈതാനത്തെ തർക്കങ്ങൾ അവിടെത്തന്നെ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യാറുള്ള കൊഹ്‌ലി , ഇത്തവണ കടുത്ത നിലപാടിലായിരുന്നു. ഇപ്പോഴിതാ മൈതാനത്ത് കൃത്യമായി എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ആ സമയത്ത് കമന്ററി ബോക്സിലുണ്ടായിരുന്ന ഇർഫാൻ പത്താൻ ജിയോസ്റ്റാറിലാണ് കാര്യങ്ങൾ വിശദീകരിച്ചത്. മത്സരത്തിനിടയിൽ വിരാടും ഹെഡും തമ്മിലുണ്ടായ വാഗ്വാദം കൊഹ്‌ലിയെ ചൊടിപ്പിക്കുകയും, പന്തെറിയാൻ ഹെഡിനെ വിരാട് പരസ്യമായി വെല്ലുവിളിക്കുകയുമായിരുന്നു എന്ന് ഇർഫാൻ പറയുന്നു. ഹെഡ് ഈ മത്സരത്തിൽ ഒരു 'ഇംപാക്ട് പ്ലെയർ' അല്ലെന്ന് കോഹ്‌ലി ചൂണ്ടിക്കാട്ടി.
"ഞാൻ ആ സമയത്ത് കമന്ററി പറയുകയായിരുന്നു. ഓസ്ട്രേലിയൻ താരങ്ങളെപ്പോലെ അല്പം അഗ്രഷനോടെയും സ്ലെഡ്ജിങ്ങോടെയും ക്രിക്കറ്റ് കളിക്കാൻ വിരാടും ഇഷ്ടപ്പെടുന്നുണ്ട്. 'ധൈര്യമുണ്ടെങ്കിൽ വന്ന് കുറച്ച് പന്തെറിയൂ' എന്നാണ് വിരാട് ഹെഡിനോട് പറഞ്ഞത്. നീ ഇന്ന് ഇംപാക്ട് പ്ലെയറല്ലല്ലോ എന്നും വിരാട് ചോദിച്ചു. സാധാരണയായി ഹെഡ് ഇംപാക്ട് പ്ലെയറായി വന്ന് ബാറ്റിങ്ങിന് ശേഷം ഫീൽഡ് ചെയ്യാതെ മടങ്ങാറാണ് പതിവ്. ബൗൾ ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് മൈതാനത്ത് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. മത്സരത്തിന് ശേഷം നടന്നതിനെക്കുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല. എന്നാൽ മൈതാനത്ത് നടന്നത് ക്രിക്കറ്റിൽ സാധാരണമാണ്. ആവേശത്തോടെ കളിക്കുമ്പോൾ ഇത്തരം ചെറിയ തർക്കങ്ങൾ ഉണ്ടാകാറുണ്ട്," ഇർഫാൻ പത്താൻ വ്യക്തമാക്കി.
എങ്കിലും
മത്സരശേഷമുള്ള ഹസ്തദാനം വിരാട് കോഹ്‌ലി ഒഴിവാക്കേണ്ടതായിരുന്നു എന്നും ഇർഫാൻ
കൂട്ടിച്ചേർത്തു. ഈ സീസണിൽ ഇരുടീമുകളും നേർക്കുനേർ വന്ന രണ്ട് മത്സരങ്ങളിൽ
ആദ്യത്തേതിൽ ബെംഗളൂരുവും രണ്ടാമത്തേതിൽ ഹൈദരാബാദുമാണ് ജയിച്ചത്. ഇരുടീമുകളും പ്ലേ
ഓഫിലേക്ക് യോഗ്യത നേടിയതിനാൽ ഇനിയുമൊരു പോരാട്ടത്തിന് സാധ്യതയുണ്ട്.
വെള്ളിയാഴ്ചത്തെ മത്സരത്തിൽ 11 പന്തിൽ 15 റൺസ് മാത്രം എടുത്ത് വിരാട് കൊഹ്‌ലി പുറത്താവുകയായിരുന്നു.
