കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കനത്ത ഭരണപ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തെ 128 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഭരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ് (ടിഎംസി). എന്നാല്‍, മുന്‍കാലങ്ങളിലെ ഭരണപരമായ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും പുതിയ ബിജെപി സര്‍ക്കാര്‍ കര്‍ശനമായി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിയതോടെ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും കൂട്ടത്തോടെ ഒഴിഞ്ഞുപോവുകയാണ്. പല മുനിസിപ്പാലിറ്റികളിലെയും തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ ഇതിനകം രാജിവെച്ചൊഴിഞ്ഞപ്പോള്‍, വിജിലന്‍സ് അന്വേഷണം ഭയന്ന് നിരവധി ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ വരുന്നത് പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ചെയര്‍പേഴ്‌സണ്‍മാരും
കൗണ്‍സിലര്‍മാരും ഓഫീസുകളില്‍ വരാത്തത് വലിയ ഭരണസ്തംഭനമാണ് ഉണ്ടാക്കുന്നതെന്നും
എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന
നഗരവികസന-മുനിസിപ്പല്‍ കാര്യ മന്ത്രി അഗ്‌നിമിത്ര പോള്‍ വ്യക്തമാക്കി.
ഒളിച്ചോടിയവരെ കാത്തിരിക്കാന്‍ സര്‍ക്കാരിന് സമയമില്ലെന്നും, ഇതിനകം പ്രവര്‍ത്തനരഹിതമായ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം സുഗമമാക്കാന്‍ പകരം
അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയമിക്കാന്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു. തിരികെ
വന്ന് സഹകരിക്കാന്‍ തയ്യാറുള്ളവര്‍ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കും, അല്ലാത്തപക്ഷം കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രി
മുന്നറിയിപ്പ് നല്‍കി.
നോര്‍ത്ത് 24-പര്‍ഗാനാസ് ജില്ലയിലെ ഹാലിസഹാര്‍, ഭട്പാറ എന്നീ മുനിസിപ്പാലിറ്റികളിലാണ് നിലവില്‍ ഏറ്റവും വലിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ഹാലിസഹാറിലെ ആകെ 23 കൗണ്‍സിലര്‍മാരില്‍ 16 പേരും വ്യാഴാഴ്ച രാജി സമര്‍പ്പിച്ചു. തൊട്ടുപിന്നാലെ വെള്ളിയാഴ്ച ഭട്പാറ മുനിസിപ്പാലിറ്റിയിലെ 35 കൗണ്‍സിലര്‍മാരില്‍ 30 പേരും കൂട്ടത്തോടെ രാജിവെച്ചൊഴിഞ്ഞു. ജനപ്രതിനിധികള്‍ കൂട്ടത്തോടെ ഒഴിഞ്ഞ ദുര്‍ഗാപൂരിലും ഹൗറയിലും പുതിയ ബിജെപി സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിച്ച് ഭരണം ഏറ്റെടുത്തുകഴിഞ്ഞു. ഇതിന് പുറമെ പ്രതിസന്ധിയിലായ മറ്റ് ഏഴ് മുനിസിപ്പാലിറ്റികളിലും അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സീരീസ്
മുന്‍ തൃണമൂല്‍ ഭരണകാലത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന വ്യാപകമായ സാമ്പത്തിക
ക്രമക്കേടുകളെക്കുറിച്ചും അഴിമതികളെക്കുറിച്ചും പുതിയ സര്‍ക്കാര്‍ സമഗ്രമായ
അന്വേഷണം പ്രഖ്യാപിച്ചതാണ് പെട്ടെന്നുള്ള ഈ കൂട്ടരാജിക്ക് പിന്നിലെന്ന് പ്രാദേശിക
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതിയില്‍ പങ്കാളികളായ ഉദ്യോഗസ്ഥരും
പിടിവീഴുമെന്ന ഭയത്താല്‍ ഒളിവിലാണ്. അതേസമയം, തദ്ദേശ
സ്ഥാപനങ്ങളിലെ ഈ കൂട്ടത്തകര്‍ച്ചയും ഭരണപ്രതിസന്ധിയും ചര്‍ച്ച ചെയ്യുന്നതിനായി
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ
കൗണ്‍സിലര്‍മാരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. തങ്ങളുടെ കൗണ്‍സിലര്‍മാരെ
ഭയപ്പെടുത്തി ഭരണം പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് തൃണമൂല്‍
ക്യാമ്പ് ആരോപിക്കുന്നത്.
