തിരുവനന്തപുരം: ചാത്തന്നൂരില്‍ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച് ഇതാദ്യമായി നിയമസഭയില്‍ എത്തിയ ബി.ബി.ഗോപകുമാറിന്റെ കന്നിപ്രസംഗത്തിന് കയ്യടി. കന്നി അംഗമെന്ന ലാഞ്ചന പോലുമില്ലാതെ അനുഭവസമ്പന്നനായ എംഎല്‍എയെ പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
പുതുതായി ചുമതലയേറ്റെടുത്ത സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ച ഗോപകുമാര്‍ തിരുവഞ്ചൂര്‍ സൃഷ്ടിച്ച പൂര്‍വ മാതൃകകളെ എടുത്തുപറഞ്ഞത്. തന്റെയും തന്റെ പ്രസ്ഥാനത്തിന്റെയും പേരിലുള്ള അഭിനന്ദനങ്ങളാണ് അദ്ദേഹം സഭയില്‍ രേഖപ്പെടുത്തിയത്. ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തന പരിചയമുള്ള, മികച്ചൊരു എം.എല്‍.എ കൂടിയായ തിരുവഞ്ചൂരിനെ അഭിനന്ദിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിയുടെ ഒരു പ്രതിനിധി നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു മന്ത്രിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും സ്പീക്കര്‍ മുന്‍പ് കാട്ടിയിട്ടുള്ള മാതൃകകള്‍ ഏറെ പ്രശംസനീയമാണെന്ന് ഗോപകുമാര്‍ ഓര്‍മ്മിപ്പിച്ചു. താന്‍ വിജയിച്ച അടൂര്‍ അടക്കമുള്ള മണ്ഡലങ്ങളിലേക്ക് പിന്നീട് കടന്നുചെല്ലാന്‍ കാണിക്കുന്ന മനസ്സ് ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ സ്പീക്കര്‍ മുന്‍പ് കാണിച്ച ആര്‍ജ്ജവം ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതൽ കണ്ടെത്തുക സിനിമ അവലോകനങ്ങൾ യാത്രാ വിവരണം വിദേശകാര്യ റിപ്പോർട്ട് 'രേഖകളില്‍ വരാനല്ല, ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനാണ് ഈ സഭ' സ്പീക്കര്‍ മുന്‍പ് എം.എല്‍.എ ആയിരുന്ന കാലത്തെ ഒരു പഴയ സംഭവം ബി.ബി. ഗോപകുമാര്‍ പ്രസംഗത്തില്‍ അനുസ്മരിച്ചു: 'അങ്ങ് മുന്‍പ് സഭയില്‍ ഒരു സബ്മിഷന്‍ ഉന്നയിച്ചപ്പോള്‍, അത് ചട്ടപ്രകാരമല്ലെന്നും അതിനാല്‍ സഭാ രേഖകളില്‍ ഉണ്ടാകില്ലെന്നും അന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. എന്നാല്‍, സഭാ രേഖകളില്‍ വരാന്‍ വേണ്ടിയല്ല താന്‍ സംസാരിക്കുന്നതെന്നും ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയാനുള്ള വേദിയാണിതെന്നുമാണ് അന്ന് അങ്ങ് മറുപടി നല്‍കിയത്. തങ്ങള്‍ക്കും ഇപ്പോള്‍ ഇതുതന്നെയാണ് പറയാനുള്ളത്.സഭയില്‍ തങ്ങള്‍ക്ക് മൂന്ന് അംഗങ്ങള്‍ മാത്രമേ ഉള്ളൂ എങ്കിലും, ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തുന്ന ആ കാര്യങ്ങളുടെ പ്രസക്തി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ സ്പീക്കറുടെ ഭാഗത്തുനിന്ന് പിന്തുണ വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും
അടുത്ത വിശ്വസ്തനായ നേതാവാണ് പുതിയ സ്പീക്കറെന്ന് ഗോപകുമാര്‍ പറഞ്ഞു. മുന്‍പ്
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങളിലെ( ടിപി വധക്കേസ്)
പ്രതികളെയും അതിന്റെ പിന്നിലെ ഗൂഢാലോചനയെയും പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം നടത്തിയ
ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ സഭയിലെ അംഗബലം 137 പ്ലസ് 3 എന്ന രീതിയിലാണ് നില്‍ക്കുന്നത്.
പ്രതിപക്ഷത്തുള്ള ഈ 3 പേരുടെയും ആവശ്യങ്ങളും ചോദ്യങ്ങളും
നിയമസഭയില്‍ ഉന്നയിക്കാനുള്ള തുല്യമായ അവസരം സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടാകണം. ഈ
പരമോന്നത പദവിയില്‍ ഏറ്റവും മികച്ച രീതിയില്‍ ശോഭിക്കാന്‍ തിരുവഞ്ചൂരിന്
സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും ബി.ബി. ഗോപകുമാര്‍ വ്യക്തമാക്കി.
