മലയിടംതുരുത്തിലെ കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസം; നാളെ ഒഴിപ്പിക്കലുണ്ടാകില്ല; സർക്കാർ നേരിട്ട് ഹൈക്കോടതിയിലേക്ക്; അനുകൂലമല്ലെങ്കിൽ പൂർണ്ണ പുനരധിവാസമെന്ന് മന്ത്രി റോജി എം. ജോൺ

കൊച്ചി: മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പൂർണ്ണമായും അവർക്കൊപ്പമുണ്ടെന്ന് മന്ത്രി റോജി എം. ജോൺ. എറണാകുളം കളക്ടറേറ്റിൽ കുടുംബങ്ങളുമായി നടത്തിയ ദീർഘനേരത്തെ അടിയന്തര ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ട മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികൾ നാളെയുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.

മലയിടംതുരുത്തിലെ താമസക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പൂർണ്ണമായും അവർക്കൊപ്പമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ബുധനാഴ്ചയുണ്ടായ പോലീസ് നടപടിയെ തുടർന്ന് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് രാത്രി വൈകി സർക്കാർ ഇടപെട്ട് അനുനയ ചർച്ച നടത്തിയത്. താമസക്കാരുമായും അവരുടെ അഭിഭാഷകരുമായും യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തി.

കഴിഞ്ഞ കുറേ വർഷങ്ങളായി ഈ കേസിന്റെ നടത്തിപ്പിൽ വലിയ വീഴ്ചകളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്ന് കുടുംബങ്ങൾ ചൂണ്ടിക്കാണിച്ചു. പതിറ്റാണ്ടുകളായി തുടരുന്ന ഈ തർക്കത്തിൽ ചരിത്രത്തിലാദ്യമായി സർക്കാർ നേരിട്ട് ഇടപെടാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഈ കേസിൽ സർക്കാരിന്റെ ഭാഗം കൃത്യമായി ബോധിപ്പിക്കുന്നതിനായി തിങ്കളാഴ്ച തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും.

ഇതിനായി അഡ്വക്കേറ്റ് ജനറലിന് (AG) ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. കേസിന്റെ ചരിത്രത്തിൽ ഇന്നേവരെ ഒരു സർക്കാരും ഈ വിഷയത്തിൽ ഇടപെട്ട് കോടതിയിൽ വാദമുഖങ്ങൾ അവതരിപ്പിച്ചിട്ടില്ല. സർക്കാർ ഇടപെടലിലൂടെ കോടതിയിൽ നിന്ന് ഈ കുടുംബങ്ങൾക്ക് ന്യായമായ വിധി ലഭ്യമാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇനി ഏതെങ്കിലും സാഹചര്യത്തിൽ കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ പോലും ആശങ്കപ്പെടേണ്ടതില്ലെന്ന് സർക്കാർ കുടുംബങ്ങൾക്ക് ഉറപ്പുനൽകി. കോടതിവിധി പൂർണ്ണമായും എതിരാകുന്ന സാഹചര്യമുണ്ടായാൽ ഈ എട്ട് കുടുംബങ്ങളെയും സുരക്ഷിതമായി പുനരധസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒരു കാരണവശാലും ഈ ദളിത് കുടുംബങ്ങളെ പെരുവഴിയിലേക്ക് തള്ളിവിടാൻ സർക്കാർ അനുവദിക്കില്ല. അങ്ങനെയൊരു ഘട്ടമുണ്ടായാൽ കുടുംബങ്ങളുമായി നേരിട്ട് സംസാരിച്ച്, എല്ലാവർക്കും പങ്കാളിത്തമുള്ള മികച്ചൊരു പുനരധിവാസ പാക്കേജ് സർക്കാർ ചർച്ച ചെയ്ത് തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുമെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items