കോഴിക്കോട്: 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന 'കാട്ടാളൻ' സിനിമയുടെ പ്രസ് മീറ്റ് കോഴിക്കോട് അസ്കോട്ട് ഹോട്ടലിൽ നടന്നു. ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽ, കബീർ സിങ്, ദുഷാര വിജയൻ, സംഗീത സംവിധായകൻ രവി ബസ്രൂർ, സംവിധായകൻ പോൾ ജോർജ്ജ്, ഹിപ്സ്റ്റർ പ്രണവ് രാജ് തുടങ്ങി നിരവധി പ്രമുഖർ പ്രസ് മീറ്റിൽ പങ്കെടുത്തു. ചിത്രം മെയ് 28ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും.
'പുഷ്പ' പോലെ വലിയൊരു ക്യാൻവാസിലുള്ള സിനിമയാണ് കാട്ടാളൻ എന്ന് നടൻ സുനിൽ പറഞ്ഞു. 'മാർക്കോ'യിലെ വില്ലൻ കഥാപാത്രമായ സൈറസിനേക്കാൾ ഒട്ടും താഴെയല്ല കാട്ടാളനിലെ 'എഡ്ഡി' എന്ന കഥാപാത്രമെന്ന് കബീർ സിംഗ് വ്യക്തമാക്കി. നിർമ്മാതാവ് ഷരീഫ് മുഹമ്മദ് നൽകിയ വലിയ പിന്തുണയെക്കുറിച്ച് സംവിധായകൻ പോൾ ജോർജ്ജ് സംസാരിച്ചു. തനിക്ക് വലിയൊരു സ്പേസ് നൽകിയ നിർമ്മാണ കമ്പനിയാണ് ക്യൂബ്സ് എന്ന് രവി ബസ്രൂർ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച സൗണ്ട് ഡിസൈൻ പ്രേക്ഷകർക്ക് ഈ സിനിമയിലൂടെ അനുഭവിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രേക്ഷകർ ഈ വർഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി (IMDb) പട്ടികയിൽ 'കാട്ടാളൻ' ഒന്നാം സ്ഥാനത്താണ്. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഭയാനകവും വന്യവുമായ ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണിത്. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. 'കെജിഎഫ്' ചിത്രങ്ങളിലൂടെ തരംഗം സൃഷ്ടിച്ച രവി ബസ്രൂർ ഒരുക്കുന്ന പശ്ചാത്തല സംഗീതം ഈ സിനിമയുടെ വലിയൊരു ഹൈലൈറ്റാണ്. കന്നഡയിലെ പ്രശസ്ത സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും ഈ ചിത്രത്തിനായി സംഗീതമൊരുക്കുന്നുണ്ട്. ടി-സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയത്. ഷിമാരൂ ആണ് ഡിജിറ്റൽ, സാറ്റലൈറ്റ് വിതരണാവകാശം നേടിയിരിക്കുന്നത്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ
ഫസ്റ്റ് ലുക്കും മറ്റ് അപ്‌ഡേറ്റുകളും ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമാണ്. സിനിമയിലെ
ആനയുമായുള്ള സംഘട്ടന രംഗങ്ങൾ വിഎഫ്എക്സ് ഉപയോഗിച്ചല്ല ചിത്രീകരിച്ചിരിക്കുന്നത്.
യഥാർത്ഥ ആനയെത്തന്നെ ഉപയോഗിച്ചാണ് ഈ രംഗങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന്
അണിയറപ്രവർത്തകർ വ്യക്തമാക്കി. വമ്പൻ ബഡ്ജറ്റിൽ വലിയ സാങ്കേതിക മികവോടെയാണ് ചിത്രം
ഒരുങ്ങുന്നത്. 'കെ.ജി.എഫ്', 'കാന്താര'
തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ്
കാട്ടാളന്റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക്
സ്വന്തമാക്കിയത്. ഫാർസ് ഫിലിംസിനാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം.
മലയാളത്തിൽ നിന്നും മറ്റ് ഇൻഡസ്ട്രികളിൽ നിന്നുമുള്ള വൻ താരനിര അണിനിരക്കുന്ന
ചിത്രം തിയേറ്ററുകളിൽ ദൃശ്യവിസ്മയമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
