കൊച്ചി: മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച 'പേട്രിയറ്റ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 വഴി പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രത്തിൽ ഡാനിയൽ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
വൻ ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സി.ആർ. സലീം, സുഭാഷ് ജോർജ്ജ് മാനുവൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, എഡിറ്റിങ് എന്നിവ നിർവ്വഹിച്ചിരിക്കുന്നതും മഹേഷ് നാരായണൻ തന്നെയാണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, സറിൻ ഷിഹാബ്, ജിനു ഏബ്രഹാം, ഇന്ദ്രൻസ്, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, വിനീത് തട്ടിൽ, ഗീതി സംഗീത എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഇതിനൊപ്പം ലേഡി സൂപ്പർസ്റ്റാർ നയൻതാര ഒരു സർപ്രൈസ് കഥാപാത്രമായി ചിത്രത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
'പെരിസ്‌കോപ്പ്' എന്നൊരു പ്രത്യേക പ്രോഗ്രാമിങ് വഴി ജനങ്ങളെ നിയമവിരുദ്ധമായി നിരീക്ഷിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളും, അതിനെ തടയാനായി സാമൂഹിക ഉത്തരവാദിത്വമുള്ള ഒരു കൂട്ടർ രംഗത്തിറങ്ങുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കരിയറിൽ അൻപതിലധികം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ വീണ്ടും ഒരേ ഫ്രെയിമിൽ പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തിന്റെ
എഴുത്തുജോലികൾ പൂർണ്ണമായി പൂർത്തിയാക്കിയ ശേഷമാണ് ഓരോ കഥാപാത്രത്തിനും യോജിച്ച
താരങ്ങളെ ഇതിലേക്ക് തിരഞ്ഞെടുത്തതെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു.
സാധാരണയായി ആദ്യം കഥ കേൾക്കുമ്പോൾ പറയുന്ന വലിയ ലൊക്കേഷനുകളും അഭിനേതാക്കളുമെല്ലാം
ചിത്രീകരണം തുടങ്ങുമ്പോൾ ബഡ്ജറ്റ് കാരണം ചെറുതാകാറാണ് പതിവെന്നും എന്നാൽ 'പേട്രിയറ്റി'ലേക്ക് എത്തിയപ്പോൾ എല്ലാം
വിചാരിച്ചതിലും കൂടുതൽ വലുതാകുകയാണ് ചെയ്തതെന്നും മമ്മൂട്ടി വ്യക്തമാക്കി. ഇത്രയും
വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാലും
പറഞ്ഞിരുന്നു.
