ഹൈദരാബാദ്: ഐപിഎല്ലിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന നിർണ്ണായക പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നിൽ റൺമലയുയർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ്മ എന്നിവരുടെ അർധസെഞ്ചുറികളാണ് ഹൈദരാബാദിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 46 പന്തിൽ 79 റൺസ് നേടിയ ഇഷാൻ കിഷനാണ് ടീമിന്റെ ടോപ് സ്കോറർ.
പതിവുപോലെ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്നാണ് സൺറൈസേഴ്സ് ഇന്നിംഗ്സ് തുടങ്ങിയത്. തുടക്കം മുതൽ തന്നെ ഇരുവർക്കും ആർസിബി ബൗളർമാരെ തല്ലിച്ചതച്ചു. നാലാം ഓവറിലെ അവസാന പന്തിൽ ഹെഡിനെ (16 പന്തിൽ 26) റാസിഖ് സലാം ദാർ ബൗൾഡാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പവർപ്ലേ പൂർത്തിയാകുമ്പോൾ 63 ന് 1 എന്ന ശക്തമായ നിലയിലായിരുന്നു ഹൈദരാബാദ്. നേരിട്ട 20-ാം പന്തിൽ സിക്സറോടെ അഭിഷേക് ശർമ്മ തന്റെ ഫിഫ്റ്റി തികച്ചു. എന്നാൽ ഒൻപതാം ഓവറിലെ രണ്ടാം പന്തിൽ അഭിഷേകിനെ സുയാഷ് ശർമ്മ പുറത്താക്കി. 22 പന്തിൽ 4 ഫോറും 5 സിക്സുമടക്കം 56 റൺസാണ് താരം അടിച്ചുകൂട്ടിയത്.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഇഷാൻ കിഷനും ഹെൻറിച്ച് ക്ലാസനും ചേർന്നാണ് മത്സരത്തിന്റെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുത്തത്. 13-ാം ഓവറിൽ ജോഷ് ഹേസൽവുഡിനെതിരെ 27 റൺസ് അടിച്ചുകൂട്ടിയ ഇരുവരും ടീം സ്കോർ 150 കടത്തി. തകർപ്പൻ അടി തുടർന്നതോടെ 16-ാം ഓവറിൽ ടീം സ്കോർ 200-ഉം പിന്നിട്ടു. സീസണിലെ തന്റെ ആറാം ഫിഫ്റ്റി പിന്നിട്ട ക്ലാസനെ തൊട്ടടുത്ത ഓവറിൽ ക്രുനാൽ പാണ്ഡ്യ പുറത്താക്കി. 36 പന്തിൽ 2 ഫോറും 5 സിക്സുമടക്കം 66 റൺസായിരുന്നു ക്ലാസന്റെ സമ്പാദ്യം. പിന്നീട് ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി വന്നയുടൻ രണ്ട് സിക്സറുകൾ പായിച്ച് തനിനിറം കാട്ടി. ഇന്നിംഗ്സിലെ അവസാന പന്തിലാണ് ഇഷാൻ കിഷൻ (79) പുറത്തായത്. നിതീഷ് കുമാർ റെഡ്ഡി 12 പന്തിൽ 29 റൺസോടെ പുറത്താകാതെ നിന്നു. പ്ലേയിംഗ് ഇലവനുകള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോലി, ദേവ്‌ദത്ത് പടിക്കല്‍ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെഫേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ്മ, റാസിഖ് സലാം ദാർ.
സണ്‍റൈസേഴ്‌സ്
ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‍റിച്ച്
ക്ലാസന്‍, സലില്‍ അറോറ, സ്‌മാരന്‍
രവിചന്ദ്രന്‍, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ്
കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവാങ് കുമാര്‍, ഇസ്‌ഹാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍.
