പിന്നിലൂടെ നീന്തിയെത്തി ആക്രമണം; കുളിക്കടവിൽ തുണി നനച്ചുകൊണ്ടിരുന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; വീട്ടമ്മയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ നോക്കിയ പ്രതി ബെംഗളൂരുവിലേക്ക് കടന്നു; പരുമലക്കാരൻ സബീറിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

 


മാന്നാർ: കുളിക്കടവിൽ തുണി നനച്ചുകൊണ്ടിരുന്ന വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലിൽ സബീറിനായാണ് (ഷമീർ) മാന്നാർ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. സംഭവത്തിന് ശേഷം മാസങ്ങൾ നീണ്ട അന്വേഷണം നടത്തിയിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പോലീസിന്റെ ഈ അടിയന്തര നടപടി. ഇയാൾ നിലവിൽ ബെംഗളൂരുവിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച രഹസ്യവിവരം.

നാല് മാസം മുൻപ് മാന്നാർ കുരട്ടിക്കാട് തൊമ്മൻപറമ്പ് കടവിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പട്ടാപ്പകൽ കുളിക്കടവിൽ തുണി നനച്ചുകൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ പ്രതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവരെ പീഡിപ്പിക്കാനും നദിയിലെ വെള്ളത്തിൽ മുക്കിക്കൊല്ലാനും പ്രതി ശ്രമിച്ചു. കുളിക്കടവിൽ മറ്റാരുമില്ലാതിരുന്ന നേരം നോക്കിയാണ് പ്രതി അക്രമം നടത്തിയത്.

ആറ്റിലൂടെ പിന്നിലൂടെ നീന്തിയെത്തിയ സബീർ, വീട്ടമ്മയുടെ സ്വന്തം തുണികൊണ്ട് തന്നെ അവരുടെ മുഖം മൂടിയ ശേഷമാണ് ക്രൂരത കാട്ടിയത്. ഇതിനിടയിൽ മറ്റൊരു വീട്ടമ്മ കുളിക്കടവിലേക്ക് വരുന്നത് കണ്ട് ഭയന്ന പ്രതി ഉടൻ തന്നെ ആറ്റിലൂടെ നീന്തി രക്ഷപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ കഠിനമായ പരിക്കേറ്റ വീട്ടമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ദീർഘനാൾ ചികിത്സ തേടിയിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ ചെങ്ങന്നൂർ ഡിവൈഎസ്‌പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ പ്രതി ഒളിവിൽ കഴിയാൻ സാധ്യതയുള്ള നദീതീരങ്ങളിലും വലിയ പൊന്തക്കാടുകളിലും പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

നിലവിൽ ബംഗളൂരുവിൽ ഒളിവിൽ കഴിയുന്ന പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു: ചെങ്ങന്നൂർ ഡിവൈഎസ്‌പി: 9497990043 മാന്നാർ സ്റ്റേഷൻ ഇൻസ്പെക്ടർ: 9497987066 വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. ഇതിനൊപ്പം പ്രതിയുടെ വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങളും പോലീസ് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items