തിരുവനന്തപുരം: റോഡില്‍ വച്ച് മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ യദുകൃഷ്ണനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിന് മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞ കാരണം പച്ചക്കള്ളം. മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് തന്നെ പുറത്താക്കിയതെന്ന ഗണേഷ് കുമാറിന്റെ ആരോപണം തളളി യദുകൃഷ്ണന്‍ രംഗത്ത് എത്തി. കെ എസ് ആര്‍ ടി സിയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ വച്ചാണ് യദുവിന്റെ വാദം
ആര്യ രാജേന്ദ്രനുമായി പ്രശ്‌നമുണ്ടാക്കിയതുകൊണ്ടല്ല യദുവിനെ പുറത്താക്കിയതെന്നും, തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഇയര്‍ഫോണ്‍ വെച്ച് ഫോണില്‍ സംസാരിച്ചതിനാണ് നടപടിയെന്നുമായിരുന്നു മുന്‍ മന്ത്രിയുടെ നിലപാട്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ യദു ഫോണില്‍ സംസാരിച്ച കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കോള്‍ ഡീറ്റെയില്‍സ് സഹിതം കെഎസ്ആര്‍ടിസി സിഎംഡിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗണേഷ് കുമാര്‍ ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഔദ്യോഗിക രേഖകള്‍ പുറത്തുവിട്ടുകൊണ്ട് മുന്‍ മന്ത്രിയുടെ വാദങ്ങള്‍ പൂര്‍ണ്ണമായും കളവാണെന്ന് തെളിയിക്കുകയാണ് യദു ഇപ്പോള്‍ ചെയ്യുന്നത്. താന്‍ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട ഒരു രേഖയും മറുപടിയില്‍ പറയുന്നതെന്നും, മുന്‍ മേയറും കുടുംബവും ബസ് തടഞ്ഞത് ചോദ്യം ചെയ്തതിനാലാണ് തനിക്കെതിരെ നടപടിയുണ്ടായതെന്നും യദു വ്യക്തമാക്കുന്നു.
മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും സഞ്ചരിച്ചിരുന്ന കാറില്‍ ബസ് തട്ടിയെന്ന് ആരോപിച്ച് 2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്ക് പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ വച്ചായിരുന്നു കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് തര്‍ക്കമുണ്ടായത്. ഈ സംഭവത്തില്‍ മേയറെയും കുടുംബത്തെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് കാണിച്ച് പൊലീസ് കേസെടുത്തതോടെയാണ് യദുവിന് കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ ജോലി നഷ്ടമാകുന്നത്. താന്‍ ഫോണില്‍ സംസാരിച്ചാണ് വാഹനം ഓടിച്ചതെന്ന് മന്ത്രി ആരോപിച്ചപ്പോള്‍ തന്നെ ഇതിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ അടുത്ത നടപടിയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും, അങ്ങനെയാണ് വിവരാവകാശം നല്‍കിയതെന്നും യദു കൂട്ടിച്ചേര്‍ത്തു.
സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസന്വേഷണം
എവിടെയും എത്തിയിട്ടില്ലാത്തതിനാല്‍ യദുവിന് ഇതുവരെ തിരികെ ജോലിയില്‍
പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ തിരികെ കെഎസ്ആര്‍ടിസിയില്‍ ജോലിയില്‍
പ്രവേശിച്ചെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ പൂര്‍ണ്ണമായും
തെറ്റാണെന്ന് യദു വ്യക്തമാക്കി. നിലവില്‍ കുടുംബം പുലര്‍ത്താന്‍ മറ്റ്
വഴികളില്ലാതായതോടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം (ഡെലിവറി ബോയ്) ഉള്‍പ്പടെയുള്ള ജോലികള്‍
ചെയ്താണ് യദു ജീവിക്കുന്നത്.
