ന്യൂഡൽഹി:
ജമ്മു കശ്മീരിലെ ബൈസരൺ താഴ്‌വരയിലുണ്ടായ പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന
വിവരങ്ങൾ പുറത്ത്. ആക്രമണത്തിന്റെ കൃത്യമായ സമയരേഖ വിശദീകരിക്കുന്ന 1,597 പേജുള്ള സമഗ്രമായ കുറ്റപത്രം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കോടതിയിൽ
സമർപ്പിച്ചു. 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക പോണി
ഓപ്പറേറ്ററും ഉൾപ്പെടെ 26 സാധാരണക്കാരാണ് ഭീകരരുടെ
വെടിയേറ്റു മരിച്ചത്. കൂട്ടക്കൊലയ്ക്ക് തൊട്ടുമുൻപ് മൂന്ന് പാക് ഭീകരർ പാർക്കിലെ
ഒരു മരത്തിന് താഴെയിരുന്ന് ശാന്തമായി ഉച്ചഭക്ഷണം കഴിച്ചിരുന്നതായി പുറത്തുവിട്ട
കുറ്റപത്രത്തിലെ വിവരങ്ങളിൽ പറയുന്നു.
പാകിസ്താൻ
പിന്തുണയുള്ള ലഷ്‌കറെ തൊയ്ബ, ദ റെസിസ്റ്റൻസ് ഫ്രണ്ട്
എന്നീ ഭീകര സംഘടനകൾ അതിർത്തി കടന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് പഹൽഗാമിൽ
നടപ്പിലാക്കിയത്. കുറ്റപത്രത്തിൽ പറയുന്ന സംഭവങ്ങളുടെ കൃത്യമായ ക്രമം ഇങ്ങനെയാണ്:
ഫൈസൽ ജാട്ട് (സുലൈമാൻ ഷാ), ഹബീബ് താഹിർ (ജിബ്രാൻ), ഹംസ അഫ്ഗാനി എന്നീ മൂന്ന് പാക് ഭീകരർ ദൂരയാത്രയ്ക്ക് ശേഷം അതിർത്തി കടന്ന്
കശ്മീരിലെത്തി. തുടർന്ന് വെള്ളവും അഭയവും തേടി ഇവർ പ്രാദേശിക നിവാസിയായ പർവേസ്
അഹമ്മദിന്റെ താൽക്കാലിക ഷെഡ്ഡിൽ എത്തിച്ചേർന്നു.
പർവേസ്
എൻഐഎയ്ക്ക് നൽകിയ മൊഴി കുറ്റപത്രത്തിൽ ഇങ്ങനെയുണ്ട്: "എന്റെ മാതൃസഹോദരൻ ബഷീർ
അഹമ്മദ് ജോതാർ പെട്ടെന്ന് അകത്തേക്ക് വന്ന് ഞങ്ങളോട് ഒച്ചവെക്കാതെ
നിശബ്ദരായിരിക്കാൻ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ തോക്കുകളുമായി മൂന്ന് പുരുഷന്മാർ
അദ്ദേഹത്തിന് പിന്നാലെ അകത്തുകയറി. വളരെ ക്ഷീണിതരായ അവർ ദൂരെ സ്ഥലത്തുനിന്നാണ്
വരുന്നതെന്ന് പറഞ്ഞ് കുടിക്കാൻ വെള്ളം ചോദിച്ചു." ഭീകരർക്ക്
ഒളിത്താവളമൊരുക്കിയ പർവേസിനെയും ജോതാറിനെയും പിന്നീട് ജൂൺ 22 ന് സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ആക്രമണദിവസം രാവിലെ ബൈസരൺ താഴ്‌വരയിലെ
പാർക്കിലേക്ക് കയറുന്നതിന് മുൻപ് ഭീകരർ പുൽമേട്ടിലെ ഒരു മരച്ചുവട്ടിൽ ഇരുന്ന്
ഉച്ചഭക്ഷണം കഴിച്ചു. തങ്ങളുടെ ബാഗിൽ നിന്ന് പുതപ്പുകൾ എടുത്ത് പുതച്ചാണ് ഇവർ
ആയുധങ്ങൾ ഒളിപ്പിച്ചത്. ഇതിൽ രണ്ടുപേർ വിനോദസഞ്ചാരികളുടെ നീക്കങ്ങൾ
നിരീക്ഷിക്കാനും പാർക്കിന്റെ കൃത്യമായ ലൊക്കേഷൻ കോർഡിനേറ്റുകൾ രേഖപ്പെടുത്താനും
സമീപത്തെ അരുവിയുടെ അടുത്തേക്ക് പോയി.
തിരിച്ചെത്തിയ
ശേഷം പ്രധാന ബാഗുകൾ അവിടെ ഉപേക്ഷിച്ച്, പാർക്കിന്റെ
വേലിക്കെട്ടിനടിയിലൂടെ ഇവർ മുന്നോട്ട് നീങ്ങി. വിനോദസഞ്ചാരികളെ വെടിവെച്ചു
കൊലപ്പെടുത്തുന്നത് തത്സമയം റെക്കോർഡ് ചെയ്യാൻ ഒരു ഭീകരൻ തന്റെ ഹെൽമെറ്റിൽ ഗോപ്രോ
ആക്ഷൻ ക്യാമറയും ഘടിപ്പിച്ചിരുന്നു. ആളുകൾ രക്ഷപ്പെടുന്നത് തടയാൻ പാർക്കിൽ ഒരു
ട്രാപ്പ് സോൺ സൃഷ്ടിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. ഇതിനായി രണ്ട് ഭീകരർ പ്രധാന
പ്രവേശന കവാടത്തിന് സമീപവും, മൂന്നാമൻ ടൂറിസ്റ്റ് സിപ്പ്‌ലൈനിന്റെ
അറ്റത്തും നിലയുറപ്പിച്ചു.
ഉച്ചയ്ക്ക്
കൃത്യം 2:23-ന് ഭീകരരുടെ പക്കലുണ്ടായിരുന്ന അത്യാധുനിക M-4
കാർബൈൻ റൈഫിളിൽ നിന്നാണ് ആദ്യ വെടിയുതിർന്നത്. തൊട്ടുപിന്നാലെ മറ്റ് രണ്ട് ഭീകരരും
ഭക്ഷണ സ്റ്റാളുകൾക്ക് (ധാബകൾ) സമീപവും കുന്നിൻചെരുവിലും ഉണ്ടായിരുന്നവർക്ക് നേരെ AK-47 റൈഫിളുകൾ ഉപയോഗിച്ച് തുരുതുരാ വെടിയുതിർത്തു. ജീവനഭയത്തോടെ ഓടിയ
വിനോദസഞ്ചാരികളെ ഭീകരർ പിന്തുടർന്നു പിടിച്ചു. തുടർന്ന് ഇസ്ലാം
മതവിശ്വാസപ്രകാരമുള്ള 'കലിമ' ചൊല്ലാൻ
ആവശ്യപ്പെടുകയും, അതിന് കഴിയാത്തവരെ വ്യവസ്ഥാപിതമായി
നിരത്തിനിർത്തി വധിക്കുകയുമായിരുന്നു. ഇതിനിടയിൽ, വിനോദസഞ്ചാരികളെ
സംരക്ഷിക്കാൻ പ്രാദേശിക പോണി ഓപ്പറേറ്ററായ സയ്യിദ് ആദിൽ ഹുസൈൻ ഷാ എന്ന യുവാവ് ഒരു
ഭീകരന്റെ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. എന്നാൽ മറ്റൊരു ഭീകരൻ ഇയാളെ
വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം വനത്തിലേക്ക് ഓടി
രക്ഷപ്പെടുന്നതിനിടയിലും മരങ്ങൾക്ക് പിന്നിൽ ഒളിച്ചിരുന്ന മൂന്ന് സാധാരണക്കാരെ
ഭീകരർ കണ്ടെത്തി അടുത്തുനിന്ന് വെടിവെച്ചു കൊന്നു. പാർക്കിന്റെ അതിർത്തി
കടന്നപ്പോൾ യാതൊരു പശ്ചാത്താപവുമില്ലാതെ വിജയാഘോഷത്തിന്റെ ഭാഗമായി ഇവർ
ആകാശത്തേക്ക് നിരവധി തവണ വെടിയുതിർത്തതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
പിന്നീട്
ഇന്ത്യൻ സൈന്യം നടത്തിയ 'ഓപ്പറേഷൻ മഹാദേവ'യിലൂടെ ഈ മൂന്ന് പാക് ഭീകരരെയും വധിച്ചിരുന്നു. ഇതിന് തിരിച്ചടിയായി
ഭീകരരുടെ ലോഞ്ച് പാഡുകൾ തകർക്കാൻ അതിർത്തി കടന്ന് ഇന്ത്യൻ സേന 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നീക്കവും
നടത്തിയിരുന്നു.