സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തല കരുത്തനാകുമോ? മന്ത്രിസഭയില്‍ സമുദായ സന്തുലിതാവസ്ഥ പാലിക്കേണ്ടത് വലിയ വെല്ലുവിളി;


തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ, പാര്‍ട്ടിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ പരിഹരിക്കാനും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുമുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള കടുത്ത അതൃപ്തി ചെന്നിത്തല നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.

പത്തുദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനവികാരം പരിഗണിച്ച് സതീശനെ തിരഞ്ഞെടുത്തപ്പോള്‍, തന്റെ സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടുവെന്ന വികാരത്തിലാണ് ചെന്നിത്തല. പ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചപ്പോള്‍, അച്ചടക്കം പാലിച്ചിട്ടും തന്നെ മാറ്റിനിര്‍ത്തിയതിലുള്ള അമര്‍ഷം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു. ഏകദേശം അരമണിക്കൂറോളം നീണ്ട ആ ഫോണ്‍ സംഭാഷണത്തില്‍, 2021-ല്‍ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായതും ഇപ്പോള്‍ മുഖ്യമന്ത്രി പദം കൈവിട്ടുപോയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം, വഴുതയ്ക്കാട്ടെ വീട്ടില്‍ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ പിന്‍വാതിലിലൂടെ പുറത്തേക്ക് പോയത് അതൃപ്തിയുടെ ആഴം വ്യക്തമാക്കുന്നു. ചെന്നിത്തല ഗുരുവായൂരില്‍ പോയതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് അനുയായികള്‍ വിശദീകരിക്കുമ്പോഴും, അദ്ദേഹം മന്ത്രിസഭയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

നിലവില്‍ ചെന്നിത്തലയെ അനുനയിപ്പിക്കാനായി സ്പീക്കര്‍ പദവി ചര്‍ച്ചകളില്‍ വരുന്നുണ്ടെങ്കിലും, അത്തരം പദവികള്‍ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ സോണിയ ഗാന്ധി നേരിട്ട് ഇടപെടുകയും ക്യാബിനറ്റ് റാങ്കോടെയുള്ള മറ്റ് പദവികളോ അല്ലെങ്കില്‍ വളരെ പ്രധാനപ്പെട്ട വകുപ്പുകളോ വാഗ്ദാനം ചെയ്യുകയോ ചെയ്താല്‍ മാത്രമേ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകൂ. ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ സമുദായ സന്തുലിതാവസ്ഥ പാലിക്കേണ്ടതും വലിയ വെല്ലുവിളിയാണ്. ചെന്നിത്തലയ്ക്കൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍ എന്നിവര്‍ കൂടി മന്ത്രിസഭയിലെത്തിയാല്‍ നായര്‍ സമുദായത്തില്‍ നിന്നുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത് മറ്റ് സമുദായങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇതിനുപുറമെ, വനിതാ പ്രാതിനിധ്യത്തിനായി ബിന്ദുകൃഷ്ണയെപ്പോലുള്ളവരെയും യുവതലമുറയെയും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ഘടകകക്ഷികളായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, ആര്‍.എസ്.പി, സി.എം.പി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് അര്‍ഹമായ പരിഗണനയും നല്‍കി മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയാക്കുക എന്നത് സതീശനെ സംബന്ധിച്ച് കനത്ത പരീക്ഷണമായിരിക്കും. അതൃപ്തിക്കിടയിലും സതീശനെ പിന്തുണച്ചുകൊണ്ടുള്ള കത്ത് കെപിസിസി അധ്യക്ഷന് കൈമാറിയ ചെന്നിത്തലയെ എങ്ങനെ ഭരണത്തിന്റെ ഭാഗമാക്കാം എന്നതിലാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധ.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items