തമിഴ്‌നാട്ടിൽ വിജയ് സ്റ്റൈൽ തരംഗം; മുഖ്യമന്ത്രിയുടെ കറുത്ത ബ്ലേസറും വെള്ള ഷർട്ടും ഫാഷൻ വിപണി കീഴടക്കുന്നു; 3,999 രൂപയുടെ 'സിഎം കോംബോ'; മാറുന്ന രാഷ്ട്രീയത്തിന്റെ പുതിയ വേഷപ്പകർച്ച

ചെന്നൈ: സിനിമയിലെ സ്റ്റൈൽ മന്നൻ രാഷ്ട്രീയത്തിലെ മുഖ്യമന്ത്രിയായപ്പോൾ തമിഴ്‌നാട്ടിൽ മാറുന്നത് ഒരു കാലഘട്ടത്തിന്റെ ഫാഷൻ സങ്കൽപ്പങ്ങൾ കൂടിയാണ്. മുഖ്യമന്ത്രി വിജയ് ഔദ്യോഗിക വേദികളിൽ അണിയുന്ന കറുത്ത ബ്ലേസറും വെള്ള ഷർട്ടും ഇപ്പോൾ തമിഴ് മണ്ണിലെ ഏറ്റവും പുതിയ തരംഗമായി മാറിക്കഴിഞ്ഞു. പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ 'ദി ചെന്നൈ സിൽക്സ്' വിജയ് സ്റ്റൈൽ വസ്ത്രങ്ങൾക്കായി പ്രത്യേക കോംബോ പാക്കേജ് തന്നെ പുറത്തിറക്കി. വിജയിയുടെ മുഖ്യമന്ത്രി വേഷത്തിലുള്ള ചിത്രം സഹിതം ചെന്നൈ സിൽക്സ് പുറത്തിറക്കിയ പരസ്യം സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി. 3,999 രൂപയ്ക്കാണ് ബ്ലാക്ക് ബ്ലേസർ, വെള്ള ഷർട്ട്, കറുത്ത ട്രൗസർ എന്നിവയടങ്ങുന്ന പാക്കേജ് വിൽക്കുന്നത്. തിരുനെൽവേലി ഉൾപ്പെടെയുള്ള ശാഖകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്രങ്ങൾ തയ്ച്ചു വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി തുണിയായും ഇവ ലഭ്യമാണ്. ഷൂസ്, ബെൽറ്റ് തുടങ്ങിയ അനുബന്ധ ആഭരണങ്ങൾക്കും ആവശ്യക്കാരേറെയാണെന്ന് കടയിലെ ജീവനക്കാർ പറയുന്നു.

ദശകങ്ങളായി വെള്ള ഷർട്ടും മുണ്ടുമായിരുന്നു തമിഴ് രാഷ്ട്രീയത്തിലെ മുഖ്യമന്ത്രിമാരുടെ സ്ഥിരം വേഷം. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി പാശ്ചാത്യ ശൈലിയിലുള്ള ഫോർമൽ വേഷമാണ് വിജയ് തിരഞ്ഞെടുത്തത്. "ഒരു എക്സിക്യൂട്ടീവിനെപ്പോലെ ജോലി ചെയ്യാനെത്തിയ മുഖ്യമന്ത്രിയായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്" എന്ന് തമിഴക വെട്രി കഴകം (ടിവികെ) വക്താവ് ഫെലിക്സ് ജെറാൾഡ് പ്രതികരിച്ചു. യുവാക്കൾക്കിടയിൽ വിജയ് സ്റ്റൈലിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കോളേജ് ഫെയർവെൽ പാർട്ടി മുതൽ വിവാഹ വേഷമായി വരെ വിജയ് സ്റ്റൈൽ ബ്ലേസറുകൾ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് വിജയ് അണിഞ്ഞിരുന്ന വെള്ള ഷർട്ടും ബെയ്ജ് പാന്റ്‌സും വലിയ ട്രെൻഡായിരുന്നു. വോട്ടെടുപ്പ് ദിവസം നൂറുകണക്കിന് യുവാക്കളാണ് ഇതേ വേഷമണിഞ്ഞ് ബൂത്തുകളിലെത്തിയത്.

വിജയ് തരംഗം വിപണി കൊയ്തെടുക്കുമ്പോൾ ഇതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഒരു മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രതിച്ഛായയെ ഇത്തരത്തിൽ കച്ചവടവൽക്കരിക്കുന്നത് ധാർമ്മികമാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. എങ്കിലും സിനിമയും രാഷ്ട്രീയവും ഫാഷനും ഇഴചേരുന്ന തമിഴ് രാഷ്ട്രീയത്തിൽ വിജയ് എന്ന ബ്രാൻഡ് കൂടുതൽ കരുത്താർജ്ജിക്കുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items