വാഷിംഗ്ടണ്‍/ടെഹ്റാന്‍: മധ്യപൂര്‍വേഷ്യയെ
യുദ്ധഭീതിയിലാഴ്ത്തിയ പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക അയവുവരുത്തിക്കൊണ്ട് ഇറാനും
അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സമാധാന
ചര്‍ച്ചകളുടെ മുന്നോടിയായി ഇരുപക്ഷവും വലിയ വിട്ടുവീഴ്ചകള്‍ക്ക് ഒരുങ്ങുന്നതായാണ്
അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ ഇറാന്റെ
എണ്ണ മേഖലയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ താല്‍ക്കാലികമായി നീക്കാന്‍ അമേരിക്ക
സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാന്റെ 'തസ്‌നീം' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്
ചെയ്തു. അന്തിമ കരാര്‍ ഒപ്പിട്ടതിന് ശേഷം മാത്രം ഉപരോധം നീക്കുന്ന മുന്‍
നിശ്ചയത്തിന് പകരം, ചര്‍ച്ചകള്‍ നടക്കുന്ന കാലയളവില്‍ തന്നെ
ഇറാന്റെ എണ്ണ കയറ്റുമതിയെ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കാനാണ്
വാഷിംഗ്ടണിന്റെ പുതിയ നിര്‍ദ്ദേശം. എണ്ണ വിലയില്‍ നേരിയ കുറവ് യു.എസ് ട്രഷറി
വകുപ്പിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ (OFAC)നിയന്ത്രിക്കുന്ന ഉപരോധങ്ങളില്‍ താല്‍ക്കാലിക ഇളവ് നല്‍കുന്ന
സംവിധാനത്തിലാണ് നിലവില്‍ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചര്‍ച്ചകള്‍ക്കിടയില്‍
തന്നെ പരിമിതമായ ഉപരോധ ഇളവുകള്‍ അവതരിപ്പിക്കുന്നതിലൂടെ നിലവിലെ നയതന്ത്ര
പ്രതിസന്ധി മറികടക്കാനാണ് അമേരിക്കയുടെ ശ്രമം. ഉപരോധം പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള
സൂചനകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ നേരിയ കുറവ്
രേഖപ്പെടുത്തിയിട്ടുണ്ട്. ഉപരോധം പൂര്‍ണ്ണമായി നീക്കുന്ന പക്ഷം വിപണിയില്‍ എണ്ണവില
ഗണ്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
മുഴുവന്‍ ഉപരോധങ്ങളും നീക്കണമെന്ന വാശിയില്‍
ഇറാന്‍ അതേസമയം, ഏതൊരു
ശാശ്വത കരാറിന്റെയും ഭാഗമായി തങ്ങള്‍ക്ക് മേലുള്ള മുഴുവന്‍ ഉപരോധങ്ങളും പൂര്‍ണ്ണമായും
സ്ഥിരമായും നീക്കണമെന്ന നിലപാടിലാണ് ടെഹ്റാന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്.
എല്ലാ ഉപരോധങ്ങളും നീക്കുന്നത് അമേരിക്കയുടെ ഔദ്യോഗിക പ്രതിബദ്ധതയുടെ
ഭാഗമായിരിക്കണമെന്ന് ഇറാന്‍ നിര്‍ബന്ധം പിടിക്കുന്നു. സമാധാനശ്രമങ്ങളുടെ ഭാഗമായി
പുതുക്കിയ 14 ഇന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ അമേരിക്കയ്ക്ക്
കൈമാറിയിട്ടുണ്ട്. യുദ്ധത്തിന് വലിയ തുക നഷ്ടപരിഹാരമായി വേണമെന്ന മുന്‍ നിലപാടില്‍
നിന്ന് ഇറാന്‍ പിന്നോട്ടുപോയതായാണ് ലഭിക്കുന്ന വിവരങ്ങള്‍. യുദ്ധ നഷ്ടപരിഹാരത്തിന്
പകരം തങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങളില്‍
പൂര്‍ണ്ണമായ ഇളവുകള്‍ നല്‍കിയാല്‍ മതിയെന്ന നിലപാടിലേക്ക് ഇറാന്‍ എത്തിയിട്ടുണ്ട്.
കൂടാതെ, തങ്ങളുടെ ആണവ പദ്ധതികള്‍ ദീര്‍ഘകാലത്തേക്ക്
മരവിപ്പിക്കാനും നിലവിലുള്ള യുറേനിയം ശേഖരം റഷ്യയ്ക്ക് കൈമാറാനും ഇറാന്‍ സന്നദ്ധത
പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് പകരമായി ദീര്‍ഘകാല സുരക്ഷാ-സാമ്പത്തിക ഉടമ്പടിയാണ്
ഇറാന്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ പാക്കിസ്ഥാന്‍ മുഖേന ഇറാന്‍ പുതുക്കിയ മറ്റൊരു
നിര്‍ദ്ദേശം അമേരിക്കയ്ക്ക് സമര്‍പ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇസ്ലാമാബാദില്‍ അടുത്തിടെ
നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍
മധ്യസ്ഥതയില്‍ പുതിയ ഓഫര്‍ കൈമാറിയത്. യു.എസിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക്
തങ്ങള്‍ കൃത്യമായ മറുപടി നല്‍കിയതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്
ചൈനീസ് കമ്പനികളുടെ മേലുള്ള ഉപരോധവും
നീക്കിയേക്കും ഇറാനില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങുന്ന ചൈനീസ് കമ്പനികള്‍ക്ക്
മേലുള്ള ഉപരോധം പിന്‍വലിക്കുന്നത് പരിഗണനയിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്
ട്രംപ് വ്യക്തമാക്കിയിരുന്നു. നേരത്തെ നടത്തിയ രണ്ടുദിവസത്തെ ചൈനീസ് സന്ദര്‍ശന
വേളയില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ചൈനീസ് പ്രസിഡന്റ് ഷി
ജിന്‍പിങ്ങിനെ ബോധ്യപ്പെടുത്താന്‍ ട്രംപിന് കഴിഞ്ഞിരുന്നില്ല. ചൈന ഇറാന് സൈനിക
ഉപകരണങ്ങള്‍ നല്‍കില്ലെന്ന് സമ്മതിച്ചെങ്കിലും എണ്ണ വാങ്ങുന്നത് തുടരുമെന്ന്
വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇറാന്റെ മേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം
വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇറാനിയന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്ന
യുഎസ് ഇതര സ്ഥാപനങ്ങള്‍ക്കും വിദേശ സര്‍ക്കാരുകള്‍ക്കും ബാങ്കുകള്‍ക്കുമെതിരെ
അമേരിക്ക രണ്ടാംഘട്ട ഉപരോധങ്ങള്‍ കര്‍ശനമാക്കിയിരുന്നത്
വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍
പുരോഗതിയുണ്ടെങ്കിലും മേഖലയില്‍ കടുത്ത യുദ്ധപ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
സമാധാന ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെഹ്റാന്
കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറാനെ സംബന്ധിച്ചിടത്തോളം സമയം അതിവേഗം
നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും, അവര്‍ എത്രയും വേഗം ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതാണ് നല്ലത് എന്നും,
അല്ലാത്തപക്ഷം അവശേഷിക്കാന്‍ ഒന്നും ഉണ്ടാകില്ലെന്നും ട്രംപ് തന്റെ
ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. കഴിഞ്ഞ ഫെബ്രുവരി അവസാന വാരത്തില്‍
അമേരിക്കന്‍-ഇസ്രായേല്‍ സഖ്യസേന ഇറാനില്‍ ശക്തമായ ആക്രമണം നടത്തിയതോടെയാണ്
ഇരുപക്ഷവും തമ്മില്‍ നേരിട്ടുള്ള യുദ്ധം ആരംഭിച്ചത്. മധ്യപൂര്‍വേഷ്യയെയാകെ
ഉലയ്ക്കുകയും ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമാവുകയും ചെയ്ത ഈ സംഘര്‍ഷം
അവസാനിപ്പിക്കാന്‍ അമേരിക്ക കടുത്ത ശ്രമത്തിലാണ്. തന്ത്രപ്രധാനമായ ഹോര്‍മൂസ്
കടലിടുക്കിലെ കപ്പല്‍ ഗതാഗതം നിയന്ത്രിക്കാനായി ഇറാന്‍ രൂപം നല്‍കിയ 'പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി'യുടെ
പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇതിനകം പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. നിലവില്‍
1500-ഓളം ചരക്കുകപ്പലുകളാണ് ഹോര്‍മൂസ് കടലിടുക്ക്
കടക്കാനാകാതെ കാത്തുകിടക്കുന്നത്.
ഡ്രോണ്‍ ആക്രമണങ്ങള്‍ ആശങ്ക താല്‍ക്കാലിക
വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗള്‍ഫ് മേഖലയിലുണ്ടായ പുതിയ ഡ്രോണ്‍
ആക്രമണങ്ങള്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും വലിയ ഭീഷണിയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ
ഞായറാഴ്ച ഇറാഖ് വ്യോമപാതയില്‍ നിന്നും തങ്ങളുടെ അതിര്‍ത്തിയിലേക്ക് കടന്ന മൂന്ന്
ഡ്രോണുകള്‍ തടഞ്ഞുനശിപ്പിച്ചതായി സൗദി അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ
പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്നും കടന്നുകയറിയ മൂന്ന് ഡ്രോണുകളില്‍ ഒന്ന്
തങ്ങളുടെ ബറാക്ക ആണവനിലയത്തില്‍ തീപിടുത്തമുണ്ടാക്കിയതായി യുണൈറ്റഡ് അറബ്
എമിറേറ്റും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വിട്ടുവീഴ്ചകള്‍ക്ക് ഇരുപക്ഷവും
തയ്യാറായില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള സൈനിക നീക്കങ്ങളെക്കുറിച്ചും, അടുത്ത ഘട്ടങ്ങളെക്കുറിച്ചും
ട്രംപ് തന്റെ ദേശീയ സുരക്ഷാ സംഘവുമായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍
നെതന്യാഹു ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായും നിരന്തരം കൂടിയാലോചനകള്‍
നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്
മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ കൂടുതല്‍ നിര്‍ണ്ണായകമാകുന്നത്.
