മോഡലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടിയെ ദുബായിലെത്തിച്ച് പലര്‍ക്കായി കാഴ്ചവെച്ചു; രണ്ട് യുവതികള്‍ അറസ്റ്റില്‍

 


കൊച്ചി: കൊച്ചിയില്‍ മോഡലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ വിദേശത്തേക്ക് കടത്തി ചൂഷണത്തിന് ഇരയാക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവതികള്‍ മരട് പോലീസിന്റെ പിടിയില്‍. സിന്ധു, അലീന എന്നിവരെയാണ് ഇരയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു ക്രിമിനല്‍ ശൃംഖലയാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.

 

മോഡലിങ് രംഗത്ത് വന്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പരാതിക്കാരിയായ പെണ്‍കുട്ടിയെ ദുബായിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തിച്ച ശേഷം പെണ്‍കുട്ടിക്ക് നിര്‍ബന്ധപൂര്‍വ്വം മയക്കുമരുന്ന് നല്‍കുകയും, തുടര്‍ന്ന് ബോധരഹിതയായ സമയത്ത് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങള്‍ കാണിച്ച് ക്രൂരമായി ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ദുബായില്‍ പലര്‍ക്കായി കാഴ്ചവെച്ചതെന്ന് പോലീസ് വ്യക്തമാക്കി. ദുബായിലെ നരകയാതനകള്‍ക്കൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ധീരമായി പോലീസിനെ സമീപിച്ചതോടെയാണ് ഈ ഞെട്ടിക്കുന്ന മനുഷ്യക്കടത്ത് വിവരം പുറംലോകം അറിയുന്നത്.

 

ഇതേ സംഘത്തിന്റെ കെണിയില്‍ പെട്ട് നിരവധി പെണ്‍കുട്ടികള്‍ ദുബായിലും മറ്റ് വിദേശരാജ്യങ്ങളിലും സമാനമായ രീതിയില്‍ കുടുങ്ങിപ്പോയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ ഈ റാക്കറ്റിനെതിരെ കൂടുതല്‍ പരാതികള്‍ മരട് പോലീസിന് മുന്നില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ മൊഴി നല്‍കാന്‍ തയ്യാറാകുമെന്നാണ് സൂചന.

 

അറസ്റ്റിലായവരില്‍ അലീന എന്ന യുവതി കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വൈറ്റിലയിലെ ഒരു ബാറിലുണ്ടായ വലിയ സംഘര്‍ഷത്തിലും അടിപിടി കേസിലും അലീന പ്രതിയായിരുന്നു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items