വെടിക്കെട്ട് തുടക്കമിട്ട് സഞ്ജു; താളം കണ്ടെത്താതെ ഋതുരാജ്; കാര്‍ത്തിക്കും ബ്രവിസും തിളങ്ങി; ജീവന്‍മരണപ്പോരില്‍ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി ചെന്നൈ; ഹൈദരാബാദിന് 181 റണ്‍സ് വിജയലക്ഷ്യം


ചെന്നൈ: ഐപിഎല്ലിലെ പ്ലേ ഓഫ് ബെര്‍ത്ത് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. ഒരു ബാറ്റര്‍ പോലും അര്‍ധസെഞ്ചുറി നേടാതിരുന്ന മത്സരത്തില്‍ ശിവം ദുബെ(23 പന്തില്‍ 26), നായകന്‍ ഋതുരാജ് ഗെയ്ക്വാദ്(21 പന്തില്‍ 15), ഊര്‍വില്‍ പട്ടേല്‍(8 പന്തില്‍ 13 എന്നിവര്‍ക്കും കാര്യമായ ഇംപാക്ട് ഉണ്ടാക്കാനായില്ല. ഹൈദരാബാദിനായി നായകന്‍ പാറ്റ് കമിന്‍സ് നാലോവോറില്‍ 28 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റെടുത്തു.

 

ടോസ് ജയിച്ച് ക്രീസിലിറങ്ങിയ ചെന്നൈക്ക് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സഞ്ജുവിന്റെ സിക്‌സിന്റെയും രണ്ട് ബൗണ്ടറികളുടെയും മികവില്‍ ചെന്നൈ 15 റണ്‍സടിച്ചു. പ്രഫുല്‍ ഹിംഗെ എറിഞ്ഞ രണ്ടാം ഓവറില്‍ സഞ്ജു ഹാട്രിക്ക് ബൗണ്ടറി നേടിയതോടെ രണ്ടോവറില്‍ ചെന്നൈ 27 റണ്‍സിലെത്തി. എന്നാല്‍ പാറ്റ് കമിന്‍സ് എറിഞ്ഞ മൂന്നാം ഓവറില്‍ കളി മാറി. ആദ്യം സഞ്ജുവിനെ(13 പന്തില്‍ 27) മടക്കിയ കമിന്‍സിനെ ഉര്‍വില്‍ പട്ടേല്‍ രണ്ട് തവണ സിക്‌സിന് പറത്തിയെങ്കിലും തന്റെ രണ്ടാം ഓവറില്‍ ഊര്‍വില്‍ പട്ടേലിനെയും കമിന്‍സ് മടക്കി. ഇതോടെ പവര്‍ പ്ലേയില്‍ ചെന്നൈ 57-2 ല്‍ ഒതുങ്ങി. ഋതുരാജ് താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ കാര്‍ത്തിക് ശര്‍മയുടെ പോരാട്ടവീര്യമാണ് ചെന്നൈയെ 100 കടത്തിയത്. പത്താം ഓവറില്‍ സ്‌കോര്‍ 90ല്‍ നില്‍ക്കെ കാര്‍ത്തിക് ശര്‍മയും പിന്നാലെ റുതുരാജും മടങ്ങിയതോടെ പന്ത്രണ്ടാം ഓവറില്‍ 100-4 എന്ന സ്‌കോറില്‍ പതറിയ ചെന്നൈയെ ഡെവാള്‍ഡ് ബ്രെവിസും ശിവം ദുബെയും ചേര്‍ന്നുള്ള 59 റണ്‍സ് കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍ അവസാന രണ്ടോവറില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ബ്രെവിസിനെ പതിനെട്ടാം ഓവറില്‍ മടക്കിയ ഇഷാന്‍ മലിംഗയും പത്തൊമ്പതാം ഓവറില്‍ ശിവം ദുബെയെ മടക്കിയ സാക്കിബ് ഹൊസൈനും ചെന്നൈ 200 കടക്കുന്നത് തടഞ്ഞു.

 

ലഖ്നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈ ഒരു മാറ്റം വരുത്തി. ഗുര്‍ജപ്നീത് സിംഗിന് പകരം സ്പിന്നര്‍ അക്കീല്‍ ഹൊസൈന്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് (+0.027) കുറവായതിനാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിര്‍ത്താന്‍ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈയ്ക്ക് ശേഷിച്ച രണ്ട് കളിയും ജയിച്ചാലും പ്ലേ ഓഫില്‍ എത്തണമെങ്കില്‍ മറ്റ് മത്സരങ്ങളും നിര്‍ണായകമാണ്. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഹൈദരാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ സണ്‍റൈസേഴ്‌സ് പത്ത് റണ്‍സിന് ചെന്നൈയെ തോല്‍പിച്ചിരുന്നു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items