ഇടുക്കി:
ജൂണ്‍ 15 മുതല്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര
അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുതിയ സര്‍ക്കാരിന്റെ ആദ്യ
കാബിനറ്റ് പ്രഖ്യാപനത്തിനെതിരെ കടുത്ത പരിഹാസവും വിവാദ പരാമര്‍ശങ്ങളുമായി സിപിഎം
മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി രംഗത്ത്. കെഎസ്ആര്‍ടിസി
ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി
വി.ഡി. സതീശന്‍ സ്വന്തം വീട്ടില്‍ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് എം.എം. മണി
പരിഹസിച്ചു. സൗജന്യങ്ങള്‍ പ്രഖ്യാപിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ പൊതുഗതാഗത
സംവിധാനം തകരാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള പണം സതീശന്‍ എങ്ങനെ ഉണ്ടാക്കുമെന്ന്
തങ്ങള്‍ക്ക് കാണാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
കഴിഞ്ഞ
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സംഭവിച്ച കനത്ത തകര്‍ച്ചയെക്കുറിച്ചും
അതിനുപിന്നാലെ പാര്‍ട്ടി കമ്മിറ്റികളില്‍ ഉയര്‍ന്ന ആഭ്യന്തര
കലഹങ്ങളെക്കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്
പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സേവനങ്ങളെല്ലാം ജനങ്ങള്‍ക്ക് മുന്‍പില്‍
കാഴ്ചവെച്ച ഒരു ഗവണ്‍മെന്റായിരുന്നു കേരളത്തില്‍ തോറ്റതെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ
മണി ന്യായീകരിച്ചു. വോട്ടര്‍മാരെല്ലാം കൃത്യമായി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും
വാങ്ങിച്ച് ഇപ്പോള്‍ നന്നായെന്നും, ഇനി സതീശന്‍
ഉണ്ടാക്കാന്‍ പോകുന്ന വികസനം എന്താണെന്ന് കാത്തിരുന്ന് കാണാമല്ലോ എന്നും അദ്ദേഹം
കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയെ കൊന്നവരുടെ കയ്യിലേക്ക് ഭരണം എത്തിച്ചുകൊടുത്ത
ചരിത്രമുള്ള മഹാപാപികളാണ് കോണ്‍ഗ്രസുകാരെന്നും അങ്ങനെയുള്ളവര്‍ കൊണ്ടുവരുന്ന
വികസനം എങ്ങനെയുള്ളതാണെന്ന് കേരളം കാണാന്‍ പോവുകയാണെന്നും മണി ആഞ്ഞടിച്ചു.
അതേസമയം, തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരെ ഉയര്‍ന്ന
കടുത്ത വിമര്‍ശനങ്ങളെ എം.എം. മണി പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിക്ക്
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമല്ല ഉത്തരവാദിയെന്നും ഏതെങ്കിലും ഒരു
വ്യക്തിയുടെ മാത്രം കാരണം കൊണ്ടാണ് പാര്‍ട്ടിക്ക് പരാജയമുണ്ടായതെന്ന്
കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയത്തിന് ശേഷം പിണറായി വിജയനെ എല്‍ഡിഎഫിന്റെ
പ്രതിപക്ഷ നേതാവാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ യാതൊരുവിധ എതിര്‍പ്പുമില്ലെന്നും
വ്യക്തികളെ മാത്രം കേന്ദ്രീകരിച്ച് കുറ്റപ്പെടുത്തലുകള്‍ നടത്തേണ്ട
കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കി ജില്ലയില്‍ നിന്ന് ഒട്ടനവധി
യുഡിഎഫ് എംഎല്‍എമാര്‍ ജയിച്ചിട്ടുണ്ടായിട്ടും ജില്ലയില്‍ നിന്ന് ഒരാളെപ്പോലും
മന്ത്രിയാക്കാതെ മറ്റ് ജില്ലക്കാര്‍ക്ക് മാത്രം മന്ത്രിസ്ഥാനങ്ങള്‍
വെച്ചുവിളമ്പിയത് എന്തിനാണെന്നും മണി ചോദിച്ചു.
തിരഞ്ഞെടുപ്പില്‍
തോറ്റതുകൊണ്ടൊന്നും തങ്ങളെ ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും ഒരു പുല്ലും
നടക്കാന്‍ പോകുന്നില്ലെന്നും മണി വികാരാധീനനായി പ്രതികരിച്ചു. തങ്ങള്‍ ഈ മുണ്ടും
മടക്കിക്കുത്തി ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ടാകും. ഏത് പ്രതികൂല സാഹചര്യങ്ങളെയും
രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടിയും അണികളും സജ്ജമാണ്. തുടര്‍ന്നും ജനങ്ങള്‍ക്കിടയില്‍
ശക്തമായി പ്രവര്‍ത്തനം സംഘടിപ്പിക്കും. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക്
എന്തെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് എന്താണെന്ന്
കൃത്യമായി പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എം.എം.
മണി വ്യക്തമാക്കി. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ സൗജന്യയാത്രാ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍
വലിയ ചര്‍ച്ചയായിരിക്കെയാണ് അതിനെതിരെ കടുത്ത രാഷ്ട്രീയ പരിഹാസവുമായി എം.എം. മണി
രംഗത്തെത്തിയിരിക്കുന്നത്.
