എന്റെ കല്യാണം നടത്തിത്തരണം; ആജീവനാന്തം കഴിക്കാനുള്ള ഭക്ഷണം വാങ്ങിത്തരണം; മരുന്നും മറ്റ് സൗകര്യങ്ങളും വേണം'; ഫയര്‍ ഫോഴ്സിനെ ഫോണില്‍ വിളിച്ച് വട്ടംകറക്കി അജ്ഞാതന്‍; രാത്രിയില്‍ നിര്‍ത്താതെ ദേശീയഗാനം പാടുന്നതും പതിവ്; പരാതി നല്‍കി ഉദ്യോഗസ്ഥര്‍

 


ഷൊര്‍ണൂര്‍: വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തുടര്‍ച്ചയായി ഫോണ്‍ വിളിച്ച് ഷൊര്‍ണൂര്‍ അഗ്‌നിരക്ഷാസേനാ നിലയത്തിലെ ഉദ്യോഗസ്ഥരെ വലച്ച് അജ്ഞാതന്‍. കഴിഞ്ഞ 25 ദിവസത്തിനിടയില്‍ അമ്പതിലധികം തവണയാണ് ഒരു പ്രത്യേക നമ്പറില്‍നിന്ന് ഷൊര്‍ണൂര്‍ ഫയര്‍ സ്റ്റേഷനിലേക്ക് ഇത്തരത്തില്‍ ശല്യപ്പെടുത്തുന്ന ഫോണ്‍ കോളുകള്‍ എത്തിയത്. ഒടുവില്‍ സഹികെട്ട അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുകയാണ്.

 

തന്റെ കല്യാണം നടത്തിത്തരണമെന്നും, ആജീവനാന്തം കഴിക്കാനുള്ള ഭക്ഷണം വാങ്ങി നല്‍കണമെന്നുമാണ് ഫോണിലൂടെ ഇയാള്‍ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍. ഇതിനുപുറമെ തനിക്ക് മരുന്നുകളും മറ്റ് ആഡംബര സൗകര്യങ്ങളും ഏര്‍പ്പാടാക്കി തരണമെന്ന് ആവശ്യപ്പെട്ടും ഇയാള്‍ ഉദ്യോഗസ്ഥരെ സ്ഥിരമായി വിളിക്കാറുണ്ട്. പുലര്‍ച്ചെ രണ്ടര, മൂന്ന്, നാല് മണി തുടങ്ങിയ സമയങ്ങളിലെല്ലാം ഫയര്‍ ഫോഴ്‌സിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നത് ഇയാളുടെ പതിവാണ്. ഒരു തവണ ഫോണ്‍ കട്ട് ചെയ്താലും പിന്നീട് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുന്നതുവരെ ഇയാള്‍ തുടര്‍ച്ചയായി വിളിച്ചുകൊണ്ടേയിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 

രാത്രികാലങ്ങളില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുത്താലുടന്‍ നിര്‍ത്താതെ ദേശീയഗാനം പാടുന്നതും ഇയാളുടെ വിനോദമാണ്. കൂടാതെ പലവിധ രാഷ്ട്രീയ സംശയങ്ങള്‍ ചോദിക്കാനായി വിളിക്കുകയും, ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ അവരെ കടുത്ത ഭാഷയില്‍ അസഭ്യം പറയുകയും ചെയ്യുന്നതും പതിവാക്കിയിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഉദ്യോഗസ്ഥര്‍ക്ക് ഇയാളുടെ ഈ ഫോണ്‍വിളികള്‍ വലിയ ബുദ്ധിമുട്ടാണ് നിലവില്‍ സൃഷ്ടിക്കുന്നത്. കൂടുതൽ കണ്ടെത്തുക

 

വ്യാജ കോളുകള്‍ കാരണം യഥാര്‍ത്ഥത്തില്‍ അപകടങ്ങളില്‍പ്പെടുകയും അടിയന്തര സഹായം തേടുകയും ചെയ്യുന്ന അത്യാവശ്യക്കാര്‍ക്ക് കൃത്യസമയത്ത് ഉദ്യോഗസ്ഥരെ ഫോണില്‍ ലഭ്യമാകാത്ത ഗുരുതരമായ സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത് ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് അഗ്‌നിരക്ഷാസേന പോലീസിനെ സമീപിച്ചത്. ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയാണ് ഈ വിചിത്ര ഫോണ്‍വിളികള്‍ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്താനുള്ള സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items