മുംബൈ: ഐപിഎല്ലിന് പിന്നാലെ വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ജൂണ്‍ ആറിന് ന്യൂ ചണ്ഡീഗഡില്‍ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനും പിന്നാലെ ധര്‍മ്മശാല, ലഖ്‌നൗ, ചെന്നൈ എന്നിവിടങ്ങളില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചില്ല. വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ (ജോലിഭാരം കുറയ്ക്കുന്നതിന്റെ) ഭാഗമായി മുന്‍നിര പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും പൂര്‍ണ്ണ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഋഷഭ് പന്തിനെ മാറ്റിയാണ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി കെ.എല്‍. രാഹുലിനെ നിയമിച്ചിരിക്കുന്നത്. ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യരാണ് ഏകദിനത്തിലെ വൈസ് ക്യാപ്റ്റന്‍. ഇടവേളയ്ക്കു ശേഷം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും താരത്തെ തഴഞ്ഞ് ഇഷാന്‍ കിഷനാണ് അവസരം നല്‍കിയത്.
യുവതാരം
ശുഭ്മന്‍ ഗില്‍ രണ്ട് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനെ നയിക്കും. ഐപിഎല്ലിന്റെ
തുടക്കത്തില്‍ പരിക്കേറ്റ് ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ വെറ്ററന്‍ താരം രോഹിത്
ശര്‍മ്മയും, മുംബൈ ഇന്ത്യന്‍സിന്റെ അവസാന കുറച്ച്
മത്സരങ്ങളില്‍ കളിക്കാതിരുന്ന ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വിരാട് കോഹ്ലിയും ഏകദിന ടീമിലുണ്ട്. എന്നാല്‍, രോഹിത്തിന്റെയും
ഹാര്‍ദിക്കിന്റെയും പങ്കാളിത്തം ബിസിസിഐയുടെ കടുത്ത ഫിറ്റ്‌നസ് പ്രോട്ടോക്കോളുകള്‍ക്ക്
വിധേയമായിട്ടായിരിക്കും. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ ജഡേജയും അക്‌സറും ഏകദിന
ടീമിലും ഇടംപിടിച്ചില്ല എന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന ഏകദിന
ലോകകപ്പിലേക്കുള്ള ഒരുക്കങ്ങളുടെ ആദ്യ പടിയായി യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം
നല്‍കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ആഭ്യന്തര ക്രിക്കറ്റിലെയും
ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ഷ് ദുബെ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ക്ക് രണ്ട് ഫോര്‍മാറ്റുകളിലേക്കും കന്നി
ഇന്ത്യന്‍ ജേഴ്‌സിക്കായുള്ള വിളി എത്തിയിട്ടുണ്ട്. പ്രിന്‍സ് യാദവിനെ ഏകദിന
ടീമിലേക്ക് മാത്രമായും തിരഞ്ഞെടുത്തു. വിക്കറ്റ് കീപ്പര്‍മാരായി കെ.എല്‍. രാഹുലും
ഇഷാന്‍ കിഷനും ഏകദിന ടീമിലുണ്ട്. ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ്
പന്തും ധ്രുവ് ജുറെലുമാണ് ഉള്ളത്. ഐപിഎല്ലില്‍ മികച്ച ഫോം കണ്ടെത്താന്‍
ബുദ്ധിമുട്ടിയ ഋഷഭ് പന്തിന് ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായെങ്കിലും വൈസ്
ക്യാപ്റ്റന്‍ പദവി നഷ്ടമായി. മുഹമ്മദ് സിറാജ് ടെസ്റ്റ് ടീമില്‍ പേസ് നിരയെ
നയിക്കുമ്പോള്‍, അര്‍ഷ്ദീപ് സിംഗ് ഏകദിന ടീമിലുണ്ട്.
പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവര്‍
രണ്ട് ടീമുകളിലും ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യന്‍
ഏകദിന ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ,
വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ്
ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍),
ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക്
പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍
സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ്
സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിന്‍സ്
യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ്
ദുബെ.
ഇന്ത്യന്‍
ടെസ്റ്റ് ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി
ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍),
ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത്
പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍
സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്
സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍,
ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ.
