തലച്ചോറിൽ രക്തക്കട്ട, ഹൃദയ അറകൾ ശൂന്യം, ശരീരമാകെ ചോര വാർന്നു; മരണത്തിന് തൊട്ടുമുൻപ് ക്രൂര മർദ്ദനം; ലക്ഷങ്ങളും സ്കോർപിയോയും നൽകിയിട്ടും ഫോർച്യൂണറിനായി പീഡനം; ഭർതൃവീട്ടിലെത്തി പിതാവ് മടങ്ങിയതിന് പിന്നാലെ 25കാരി വീടിന് മുകളിൽ നിന്നും വീണു മരിച്ചു; സ്ത്രീധനക്കൊലയെന്ന് കുടുംബം


ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഭർതൃവീട്ടിലെ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഇരുപത്തഞ്ചുകാരിയായ ദീപിക നഗർ മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മരണത്തിന് തൊട്ട് മുൻപ് യുവതി ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. വീഴ്ചയുടെ ആഘാതത്തിന് പുറമെ, മരണത്തിന് തൊട്ടുമുൻപ് യുവതി ക്രൂരമായ ശാരീരിക മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശരീരത്തിന്റെ അകത്തും പുറത്തുമായി മാരകമായ നിരവധി പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും, തലച്ചോറിലെ രക്തക്കട്ടയും ആന്തരികാവയവമായ പ്ലീഹ തകർന്ന നിലയിലുമായിരുന്നത് മാരകമായ ആഘാതത്തിന്റെ ലക്ഷണങ്ങളാണ്, എന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ രക്തസ്രാവമുണ്ടായതായും ഹൃദയ അറകൾ പൂർണ്ണമായും രക്തമില്ലാതെ ശൂന്യമായ നിലയിലുമായിരുന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

ദീപികയുടെ പിതാവ് സഞ്ജയ് നഗർ നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് രിതിക് തൻവാറിനെയും അമ്മായിയപ്പനെയും പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര വർഷം മുൻപ് ഒരുകോടിയോളം രൂപ ചിലവഴിച്ച് ആഡംബരമായി നടത്തിയ വിവാഹത്തിന് പിന്നാലെയാണ് സ്ത്രീധനത്തിന്റെ പേരിൽ ദീപിക ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും ഒടുവിൽ ദാരുണമായി കൊല്ലപ്പെട്ടതും. ഞായറാഴ്ച രാത്രിയാണ് ദീപിക കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്. ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ തന്നെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് കാണിച്ച് ദീപിക കരഞ്ഞുകൊണ്ട് അന്ന് പകൽ പിതാവിനെ വിളിച്ചിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാനായി പിതാവ് സഞ്ജയ് നഗർ ഗ്രേറ്റർ നോയിഡയിലെ ഇവരുടെ വീട്ടിലെത്തി സംസാരിച്ച് മടങ്ങി മണിക്കൂറുകൾക്കകമാണ് ദാരുണ സംഭവം നടക്കുന്നത്. അർധരാത്രി 12.30ഓടെ ദീപിക കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റെന്നും നേരിട്ട് ആശുപത്രിയിലേക്ക് എത്തണമെന്നും കാണിച്ച് ഭർതൃവീട്ടുകാർ സഞ്ജയിനെ വിളിക്കുകയായിരുന്നു. എന്നാൽ താൻ ആശുപത്രിയിൽ എത്തുമ്പോൾ മകൾ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പിതാവ് കണ്ണീരോടെ പറയുന്നു. വിവാഹസമയത്ത് വൻ തുക നൽകിയിട്ടും ഭർതൃവീട്ടുകാരുടെ ആർത്തി അടങ്ങിയിരുന്നില്ലെന്ന് സഞ്ജയ് നഗർ ആരോപിക്കുന്നു. 'സ്‌കോർപിയോ എൻ' കാറും പലപ്പോഴായി ലക്ഷക്കണക്കിന് രൂപയും അവർക്ക് നൽകിയിരുന്നു.

 

ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയും ഒപ്പം 45 മുതൽ 50 ലക്ഷം രൂപ വരെയും അവർ വീണ്ടും സ്ത്രീധനമായി ആവശ്യപ്പെട്ടു. എന്നിട്ടും അവർ തന്റെ മകളെ തല്ലിക്കൊന്നു കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിടുകയായിരുന്നു എന്ന് പിതാവ് ആരോപിച്ചു. തനിക്ക് നീതി വേണമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രിതിക് തൻവാറിനെയും അമ്മായിയപ്പനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്," എന്ന് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിവാഹസമയത്ത് നൽകിയ സ്ത്രീധനത്തിൽ ദീപികയുടെ ഭർതൃവീട്ടുകാർ തൃപ്തരായിരുന്നില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

 

2024 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. അന്ന് സ്ത്രീധനമായി 11 ലക്ഷം രൂപയും 50 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും ഫർണിച്ചറുകളും ഒപ്പം ഒരു സ്‌കോർപിയോ കാറും താൻ നൽകിയിരുന്നതായി ഇരുപത്തഞ്ചുകാരിയായ ദീപികയുടെ പിതാവ് സഞ്ജയ് നഗർ വ്യക്തമാക്കി. ഗ്രേറ്റർ നോയിഡയെ നടുക്കുന്ന ആദ്യത്തെ സ്ത്രീധന മരണമല്ല ഇത്. തൊട്ടുമുൻപ് 2025 ഓഗസ്റ്റിൽ, 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് നിക്കി ഭാട്ടി എന്ന യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് തീക്കൊളുത്തിക്കൊന്ന സംഭവം സമാനമായ രീതിയിൽ വലിയ വിവാദമായിരുന്നു. ആ ഞെട്ടൽ മാറും മുൻപാണ് ദീപികയുടെ കൊലപാതകവും പുറത്തുവരുന്നത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items