കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഫാല്‍ട്ട നിയമസഭാ മണ്ഡലത്തില്‍ റീപോളിങ് നടക്കാന്‍ വെറും രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) സ്ഥാനാര്‍ത്ഥി അപ്രതീക്ഷിതമായി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ അടുത്ത അനുയായിയായ ജഹാംഗീര്‍ ഖാനാണ് മത്സരരംഗത്തുനിന്ന് സ്വയം പിന്മാറുന്നതായി പ്രഖ്യാപിച്ചത്. വോട്ടെടുപ്പിന് തൊട്ടുമുന്‍പുള്ള ഈ നാടകീയ നീക്കം തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. പത്രിക പിന്‍വലിക്കാനുള്ള ജഹാംഗീര്‍ ഖാന്റെ തീരുമാനം പാര്‍ട്ടി മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് ടിഎംസി വക്താവ് അരൂപ് ചക്രവര്‍ത്തി പ്രതികരിച്ചു.
ബംഗാളിലെ
സൗത്ത് പര്‍ഗാനാസ് ജില്ലയില്‍ ഉള്‍പ്പെടുന്ന ഫാല്‍ട്ട മണ്ഡലം ടിഎംസിക്ക് ഏറെ നിര്‍ണ്ണായകമായ
സ്വാധീനമേഖലയാണ്. അഭിഷേക് ബാനര്‍ജിയുടെ ലോക്‌സഭാ മണ്ഡലമായ ഡയമണ്ട് ഹാര്‍ബറിന്റെ
പരിധിയിലാണ് ഫാല്‍ട്ട വരുന്നത്. ഏപ്രില്‍ 29-ന് ഈ
മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നുവെങ്കിലും വോട്ടിങ് മെഷീനുകളിലെ
ക്രമക്കേടുകളെയും കടുത്ത തിരഞ്ഞെടുപ്പ് സംഘര്‍ഷങ്ങളെയും തുടര്‍ന്ന് തിരഞ്ഞെടുപ്പ്
കമ്മീഷന്‍ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ണ്ണമായി റദ്ദാക്കുകയായിരുന്നു.
മണ്ഡലത്തിന്റെ പരിധിയിലുള്ള 285 പോളിങ് സ്റ്റേഷനുകളിലെയും
വോട്ടെടുപ്പ് റദ്ദാക്കിയ കമ്മീഷന്‍ മേയ് 21-ന് റീപോളിങ്ങും
മേയ് 24-ന് വോട്ടെണ്ണലും നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ്
സ്ഥാനാര്‍ത്ഥിയുടെ ഈ അപ്രതീക്ഷിത പിന്മാറ്റം.
ബിജെപി
സര്‍ക്കാരിന്റെ പ്രത്യേക വികസന പാക്കേജില്‍ ആകൃഷ്ടനായാണ് താന്‍
പിന്മാറുന്നതെന്നാണ് ജഹാംഗീര്‍ ഖാന്‍ നല്‍കുന്ന വിശദീകരണം. താന്‍ ഫാല്‍ട്ടയുടെ
മകനാണെന്നും, ഈ മണ്ഡലത്തെ സമാധാനപരവും സുരക്ഷിതവും
മികച്ചതുമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു 'സുവര്‍ണ്ണ ഫാല്‍ട്ട' (സോനാര്‍ ഫാല്‍ട്ട) എന്നതാണ്
തന്റെ സ്വപ്നമെന്നും, ഇതിനായി മുഖ്യമന്ത്രി സുവേന്ദു അധികാരി
ഫാല്‍ട്ടയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക വികസന പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിന്റെ വികസനത്തിനും
സമാധാനത്തിനും വേണ്ടിയാണ് താന്‍ ഉപതിരഞ്ഞെടുപ്പില്‍ നിന്ന് സ്വയം
പിന്മാറുന്നതെന്നും ജഹാംഗീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍
ഫാള്‍ട്ടയുടെ മകനാണ്. ഫാള്‍ട്ട മണ്ഡലത്തെ എനിക്ക് സമാധാനപരവും ആരോഗ്യപരവും
മികച്ചതുമാക്കണം. ഫാള്‍ട്ടയില്‍ എനിക്ക് കൂടുതല്‍ കൂടുതല്‍ വികസനം വേണം. ഒരു സുവര്‍ണ
ഫാള്‍ട്ട ആണ് എന്റെ സ്വപ്നം. അതിനുവേണ്ടിയാണ് നമ്മുടെ മുഖ്യമന്ത്രി ഫാള്‍ട്ടയുടെ
വികസനത്തിന് വേണ്ടി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത്. അതുകാരണം
ഉപതെരഞ്ഞെടുപ്പില്‍നിന്ന് ഞാന്‍ സ്വയം പിന്മാറുകയാണ്'- ജഹാംഗീര്‍
ഖാന്‍ പറഞ്ഞു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 207
സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി ഇവിടെ അധികാരം
പിടിച്ചെടുത്തത്. തുടര്‍ന്ന് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സംസ്ഥാനത്ത്
ആദ്യമായി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യങ്ങള്‍
നിലനില്‍ക്കെയാണ്, മുഖ്യമന്ത്രിയുടെ പ്രത്യേക പാക്കേജിനെ
പുകഴ്ത്തി ടിഎംസി സ്ഥാനാര്‍ത്ഥി കളം വിട്ടത്. ജഹാംഗീര്‍ ഖാന്‍ മത്സരത്തില്‍നിന്ന്
പിന്മാറിയതോടെ ഫാല്‍ട്ടയിലെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണ്ണമായും മാറിമറിഞ്ഞു.
ബിജെപിക്കായി ദേബാംഗ്ഷു പാണ്ഡയും, കോണ്‍ഗ്രസിനായി റസാഖ്
മൊല്ലയും, സിപിഎമ്മിനായി ശംഭു നാഥ് കുര്‍മിയുമാണ് ഇനി
മണ്ഡലത്തില്‍ പ്രധാനമായും മത്സരരംഗത്തുള്ളത്. സ്ഥാനാര്‍ത്ഥിയുടെ പിന്മാറ്റത്തോടെ
വോട്ടെടുപ്പിന് മുന്‍പ് തന്നെ ഫാല്‍ട്ടയില്‍ രാഷ്ട്രീയ മേല്‍ക്കൈ നേടാന്‍
കഴിഞ്ഞതിന്റെ ആവേശത്തിലാണ് ബിജെപി ക്യാമ്പ്.
