ലക്നൗ: രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. വരും ദിവസങ്ങളില്‍ രാജ്യം കഠിനമേറിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാകും കടന്നുപോകുകയെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രി
നരേന്ദ്ര മോദി ഇന്ത്യയുടെ സാമ്പത്തികഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ രാജ്യത്തെ ഒരു
വലിയ സാമ്പത്തിക കൊടുങ്കാറ്റിലേക്കാണ് നയിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി
ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന അദാനി - അംബാനി കോര്‍പ്പറേറ്റ്
ഘടകങ്ങള്‍ക്ക് ഇനി അധികകാലം ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും അത്
തകരുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ അദാനി, അംബാനി, അല്ലെങ്കില്‍ പ്രധാനമന്ത്രി മോദി എന്നിവരെ
യാതൊരുവിധത്തിലും ബാധിക്കില്ല. എന്നാല്‍ ഇതിന്റെ പൂര്‍ണ്ണമായ ദുരിതം
അനുഭവിക്കേണ്ടി വരുന്നത് രാജ്യത്തെ സാധാരണക്കാരായ ജനങ്ങളായിരിക്കും എന്നത് നിര്‍ഭാഗ്യകരമായ
കാര്യമാണെന്നും, വരാന്‍ പോകുന്നത് സാധാരണക്കാര്‍ക്ക്
കഠിനമേറിയ കാലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യയുടെ
സാമ്പത്തികഘടനയില്‍ മോദി മാറ്റം വരുത്തിയെന്ന് ഞാന്‍ കുറച്ചുദിവസങ്ങളായി പറയുന്നു.
ഒരു സാമ്പത്തിക കൊടുങ്കാറ്റ് വരാന്‍ പോകുന്നു. അദാനി - അംബാനി ഘടകങ്ങള്‍ ഇനി
അധികകാലം നിലനില്‍ക്കില്ല. അത് തകരും. സാധാരണക്കാര്‍ കഷ്ടപ്പെടുമെന്നത് നിര്‍ഭാഗ്യകരമായ
കാര്യമാണ്. ഈ സാമ്പത്തിക പ്രശ്‌നങ്ങള്‍ അദാനി, അംബാനി,
മോദി എന്നിവരെ ബാധിക്കില്ലെങ്കിലും സാധാരണക്കാരെ ഇത് ആഴത്തില്‍
ബാധിക്കും. കഠിനമേറിയ കാലമാണ് വരാന്‍ പോകുന്നത്'- രാഹുല്‍
വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍
നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ ആഗോളതലത്തില്‍ ഇന്ധന പ്രതിസന്ധി
രൂക്ഷമാക്കുന്നതിനിടയിലാണ് രാജ്യത്തും ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇന്ധനവില
വീണ്ടും ഉയര്‍ത്തിയത്. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില
വര്‍ദ്ധിപ്പിക്കുന്നത്. പെട്രോളിന് ലിറ്ററിന് 86
പൈസയും ഡീസലിന് ലിറ്ററിന് 83 പൈസയുമാണ് ഒടുവിലായി വര്‍ദ്ധിപ്പിച്ചത്.
പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം
ഇന്ധനവില കുതിച്ചുയര്‍ന്നു.
കേരളത്തിലും
ഈ വിലവര്‍ദ്ധനവ് വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം
തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 111.71
രൂപയായി ഉയര്‍ന്നു. ഡീസല്‍ വിലയാകട്ടെ 100 രൂപയും കടന്നു.
കൊച്ചിയില്‍ പെട്രോള്‍ വില 109.60 രൂപയായും ഡീസല്‍ വില 98.45 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളിലും
സ്ഥിതി സമാനമാണ്. തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 98.64
രൂപയും ഡീസലിന് 91.58 രൂപയുമാണ് പുതിയ നിരക്ക്. മുംബയില്‍
പെട്രോള്‍ വില 107.59 രൂപയിലും ഡീസല്‍ വില 94.08 രൂപയിലുമെത്തി. കൊല്‍ക്കത്തയില്‍ പെട്രോളിന് 109.70 രൂപയും ഡീസലിന് 96.07 രൂപയുമായി വില ഉയര്‍ന്നപ്പോള്‍,
ചെന്നൈയില്‍ പെട്രോള്‍ വില ലിറ്ററിന് 104.49
രൂപയായും ഡീസല്‍ വില 96.11 രൂപയായും വര്‍ദ്ധിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന
ഈ വിലവര്‍ദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന
ആശങ്കയിലാണ് പൊതുജനങ്ങള്‍.
