കോഴിക്കോട്: താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പാമ്പ് ശല്യം രൂക്ഷമാകുന്നു. ഇവിടെ ഒരു ദിവസത്തെ ഇടവേളയില്‍ പത്ത് വയസ്സുകാരനായ കുട്ടിക്കും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനും പാമ്പുകടിയേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോരങ്ങാട് സ്വദേശി യൂസഫിന്റെ മകന്‍ മുഹമ്മദ് റയാന്‍ (10), തച്ചംപൊയില്‍ ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പില്‍ ഷെമീദ് (21) എന്നിവര്‍ക്കാണ് പാമ്പുകടിയേറ്റത്.
കഴിഞ്ഞ
ദിവസം വൈകീട്ട് ആറുമണിയോടെയാണ് മുഹമ്മദ് റയാന് പാമ്പുകടിയേല്‍ക്കുന്നത്. വീടിന്
സമീപത്തെ വയലില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയെ ഉടന്‍
തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം
കൂടുതല്‍ വിദഗ്ദ്ധ പരിചരണത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്
മാറ്റുകയായിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ, ഇന്നലെ
രാത്രി എട്ടുമണിയോടെയാണ് യുവാവായ ഷെമീദിന് പാമ്പുകടിയേല്‍ക്കുന്നത്.
താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ കാരാടിയില്‍ വെച്ചായിരുന്നു അപകടം.
ഷെമീദിനെ കടിച്ചത് ഏത് ഇനത്തില്‍പ്പെട്ട പാമ്പാണെന്ന് വ്യക്തമായി
തിരിച്ചറിഞ്ഞിട്ടില്ല. ഇദ്ദേഹത്തെയും ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ്
എത്തിച്ചത്. അവിടെനിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ തന്നെ കോഴിക്കോട്
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുവര്‍ക്കും നിലവില്‍ ഒരേ
ആശുപത്രിയിലാണ് ചികിത്സ ലഭ്യമാക്കിയിട്ടുള്ളത്. ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട്
സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ പ്രദേശവാസികള്‍ കനത്ത ജാഗ്രതയിലാണ്.
