വിവാഹം കഴിഞ്ഞ് അഞ്ചാം മാസം മരണം; ട്വിഷയ്ക്ക് ഇരട്ട വ്യക്തിത്വം, മരുന്ന് കഴിക്കാൻ ആവശ്യപ്പെടുമ്പോൾ തട്ടിക്കയറി; ഗർഭകാലത്ത് അമിതമായി കഞ്ചാവ് ഉപയോഗിച്ചു, ഗർഭച്ഛിദ്രം സ്വന്തം ഇഷ്ടപ്രകാരം എന്ന് മുൻ ജഡ്ജിയായ അമ്മായിയമ്മ; മരണത്തിന് തൊട്ട് മുൻപ് അമ്മയ്ക്ക് കോൾ; 33കാരിയുടെ മരണത്തിൽ ദുരൂഹത


ഭോപ്പാൽ: ഭോപ്പാലിൽ വിവാഹം കഴിഞ്ഞ് അഞ്ചാം മാസം നോയിഡ സ്വദേശിനി ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, യുവതിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി ഭർതൃമാതാവ് രംഗത്ത്. മുപ്പത്തിമൂന്നുകാരിയായ മരുമകൾക്ക് ഗുരുതരമായ മാനസിക രോഗമുണ്ടായിരുന്നെന്നും ഇരട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നെന്നുമാണ് ട്വിഷയുടെ ഭർത്താവിന്റെ അമ്മയും മുൻ ജഡ്ജിയുമായ ഗിരിബാല സിങ്ങിന്റെ വാദം. സ്ത്രീധന പീഡനത്തെത്തുടർന്നാണ് ട്വിഷ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുമ്പോൾ, ട്വിഷയുടെ അസ്ഥിരമായ മാനസികാവസ്ഥയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഭർതൃവീട്ടുകാരുടെ ആവർത്തിച്ചുള്ള വിശദീകരണം. 2024-ൽ ഒരു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ട്വിഷയും ഗിരിബാല സിങ്ങിന്റെ മകൻ സമർത്ഥും പരിചയപ്പെട്ടത്. കഴിഞ്ഞ 2025 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഭോപ്പാലിലെ കടാര ഹിൽസ് ഏരിയയിലുള്ള വീട്ടിലായിരുന്നു താമസം. മെയ് 12-നാണ് ട്വിഷയെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സമർത്ഥിനെ കണ്ടെത്താൻ ഭോപ്പാൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും 10,000 രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

 

"കൊലപാതകവും ആത്മഹത്യയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആത്മഹത്യ ഒരാളുടെ സ്വന്തം തീരുമാനമാണ്. അന്ന് രാത്രി വീട്ടിൽ ഞങ്ങൾ മൂന്നുപേർ മാത്രമല്ല ഉണ്ടായിരുന്നത്, നാലാമതൊരാൾ കൂടിയുണ്ടായിരുന്നു. അത് അവളുടെ മനസ്സിലെ അസുഖമായിരുന്നു. രണ്ട് വ്യക്തിത്വങ്ങളാണ് ട്വിഷയ്ക്കുള്ളിൽ ജീവിച്ചിരുന്നത്. മരുന്ന് കൃത്യമായി കഴിക്കാത്തതുകൊണ്ടുണ്ടായ പാർശ്വഫലങ്ങളാകാം ആത്മഹത്യയ്ക്ക് കാരണം. മരുന്ന് കഴിക്കാൻ പറയുമ്പോഴൊക്കെ 'എന്നെ നിരീക്ഷിക്കേണ്ട' എന്ന് പറഞ്ഞ് അവൾ തട്ടിക്കയറുമായിരുന്നു." ആത്മഹത്യാ പ്രേരണാക്കുറ്റം നിഷേധിച്ചുകൊണ്ട് ഗിരിബാല സിങ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. "ചില ദിവസങ്ങളിൽ അവൾ പറയും, 'നിങ്ങൾക്ക് എന്നെ തിന്നാൻ തന്ന് കാളയെപ്പോലെ തടിപ്പിച്ചു കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാനാണ് താല്പര്യം' എന്ന്. എന്നാൽ മറ്റ് ചില ദിവസങ്ങളിൽ കുഞ്ഞുങ്ങൾ വേണമെന്നും അവരെ വളർത്തുന്നതിനെക്കുറിച്ചും ചോദിക്കും." ട്വിഷ തൂങ്ങിനിൽക്കുന്നത് കണ്ട് മകൻ സമർത്ഥ് കെട്ടിപ്പിടിച്ചു കരഞ്ഞെന്നും താൻ കഴുത്തിലെ ബെൽറ്റ് അഴിച്ചുമാറ്റി സിപിആർ നൽകിയെന്നും തങ്ങൾ കുറ്റവാളികളല്ലെന്നും ഗിരിബാല സിങ് കൂട്ടിച്ചേർത്തു.

 

ട്വിഷയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ ഭർതൃവീട്ടുകാരുടെ വാദങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. മെയ് 12 രാത്രി 10:05-ന് ട്വിഷ അമ്മയെ വിളിച്ച് ഭർതൃവീട്ടിൽ താൻ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. സമർത്ഥ് മുറിയിലേക്ക് കയറിവന്നതോടെ ഈ ഫോൺ കോൾ പെട്ടെന്ന് കട്ടാവുകയായിരുന്നു. പിന്നീട് 10:20-നാണ് പെൺകുട്ടിക്ക് ശ്വാസമില്ലെന്ന വിവരം ഭർതൃവീട്ടുകാർ അറിയിക്കുന്നത്. ഇതിനുപുറമെ, ഏപ്രിൽ 30-ലെ വാട്സാപ്പ് ചാറ്റുകളിൽ തന്നെ എന്തിനാണ് ഭോപ്പാലിലേക്ക് അയച്ചതെന്ന് ട്വിഷ അമ്മയോട് ചോദിക്കുന്നുണ്ട്. നോയിഡയിലെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ അവൾ അമ്മയോട് അപേക്ഷിക്കുന്ന ചാറ്റുകളും പുറത്തുവന്നു. താൻ വിവാഹജീവിതത്തിൽ ഒട്ടും സന്തുഷ്ടയല്ലെന്നും കടുത്ത മാനസിക പീഡനം അനുഭവിക്കുന്നുണ്ടെന്നും ട്വിഷ അമ്മയോട് പറഞ്ഞിരുന്നു.

 

ട്വിഷയുടെ പിതാവ് നവനീതി ശർമ്മ ഭർതൃവീട്ടുകാർക്കെതിരെ പരോക്ഷമായ സ്ത്രീധന ആവശ്യങ്ങളും പീഡനങ്ങളും ആരോപിച്ചു. എന്നാൽ, ട്വിഷയുടെ ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ തങ്ങൾ അങ്ങോട്ട് 8 ലക്ഷത്തോളം രൂപ നൽകിയിട്ടുണ്ടെന്നാണ് ഗിരിബാല സിങ് പറയുന്നത്. ഇതിന്റെ ബാങ്ക് ഇടപാട് രേഖകളും അവർ പുറത്തുവിട്ടു.

 

തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ട്വിഷയുടെ മാതാപിതാക്കൾക്കെതിരെയും മുൻ ജഡ്ജി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. മകളുടെ ഭംഗി വെച്ച് പണമുണ്ടാക്കാൻ ചെറുപ്പത്തിലേ അവളെ ഗ്ലാമർ ലോകത്തേക്ക് തള്ളിവിട്ടവരാണ് മാതാപിതാക്കളെന്നും പിന്നീട് അവർ അവളെ ഉപേക്ഷിച്ചതാണെന്നും ഗിരിബാല ആരോപിച്ചു. ഗർഭകാലത്ത് ട്വിഷ അമിതമായി കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഗർഭച്ഛിദ്രം നടത്തിയതെന്നും അമ്മായിയമ്മ പറയുമ്പോൾ, ഭർതൃവീട്ടുകാർ നിർബന്ധിച്ച് അബോർഷൻ ചെയ്യിച്ചതാണെന്നാണ് ട്വിഷയുടെ സഹോദരന്റെ ആരോപണം. ഭർത്താവ് സമർത്ഥ് ഒളിവിൽ പോയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, മുൻകൂർ ജാമ്യത്തിനായുള്ള നിയമപരമായ വഴികൾ തേടുകയാണെന്നാണ് അമ്മയുടെ മറുപടി. "യുഎപിഎ നിയമപ്രകാരം പോലും ജാമ്യം എന്നത് അവകാശവും ജയിൽ എന്നത് അപവാദവുമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. പൗരന്മാർ എന്ന നിലയിൽ സ്വയം രക്ഷപ്പെടാൻ ഞങ്ങൾക്കും അവകാശമുണ്ട്. ഞങ്ങളെ ക്രിമിനലുകളെപ്പോലെ വേട്ടയാടുകയാണ്. ഈ കേസ് കാരണം മാനസികമായി തകർന്ന ഞങ്ങൾക്ക് ഇനി ദീർഘകാല മാനസികരോഗ ചികിത്സ വേണ്ടിവരും." – മുൻ ജഡ്ജി പറഞ്ഞു നിർത്തി.

 

അതേസമയം,ട്വിഷയുടേത് തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ശരീരത്തിലുടനീളം മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് കണ്ടെത്തി. അതിലുപരി, ഒരാഴ്ച മുന്‍പ് ട്വിഷയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്റെ തെളിവുകളും ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരു ജീവന്‍ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ച ക്രൂരതയാണ് ഇവിടെ പുറത്തുവരുന്നത്. മകളെ ആശുപത്രിയിലെത്തിക്കാന്‍ പോലും ഭര്‍തൃവീട്ടുകാര്‍ തയ്യാറായില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ട്വിഷയുടെ കുടുംബം ഉറച്ചു വിശ്വസിക്കുന്നു.

 

ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ ഗൗരവകരമായ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമം പഠിച്ചവരും നീതിപീഠത്തില്‍ ഇരുന്നവരും തന്നെ ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത് ഭോപ്പാലില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. യുവതിയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items