എംഎല്‍എ ആയപ്പോള്‍ ഇല്ലാത്ത 'മേനോന്‍' മുഖ്യമന്ത്രിയായപ്പോള്‍ എവിടുന്ന് വന്നു? വി.ഡി സതീശന്റെ ജാതിവാലിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനം; വടശ്ശേരി കുടുംബപ്പേര് തനിക്കുമുണ്ടെന്നും തങ്ങള്‍ ഈഴവരാണെന്നും ഓര്‍മ്മിപ്പിച്ച് അനൂപ് വി.ആറിന്റെ ഫേസ്ബുക്ക് ബോംബ്; ജിന്റോ ജോണിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവും


കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ജാതിപ്പേര് ഉപയോഗിച്ചതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം. എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴൊന്നും ഇല്ലാതിരുന്ന 'മേനോന്‍' പദവി മുഖ്യമന്ത്രിയായപ്പോള്‍ എങ്ങനെ പേരിന്റെ വാലായി വന്നുവെന്ന് ചോദിച്ച് കോണ്‍ഗ്രസ് വക്താവ് അനൂപ് വി.ആര്‍ രംഗത്തെത്തി. വായനയ്ക്കായി ഏറെ സമയം മാറ്റിവയ്ക്കുന്ന മുഖ്യമന്ത്രി, ഡോ. ബി.ആര്‍. അംബേദ്കറെ വായിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം കുറിച്ചു.

 

വടശ്ശേരി ദാമോദര മേനോന്‍ എന്നത് മുഖ്യമന്ത്രിയുടെ പേരിന്റെ എക്‌സ്പാന്‍ഷന്‍ (പൂര്‍ണ്ണരൂപം) മാത്രമാണെന്ന വാദത്തെ അനൂപ് ശക്തമായി ചോദ്യം ചെയ്യുന്നു. മുന്‍പ് എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴൊന്നും വരാത്ത 'മേനോന്‍' ഇപ്പോള്‍ എങ്ങനെ കടന്നുകൂടി എന്നതിലാണ് ദുരൂഹത. ജാതി എന്നത് ഒരേസമയം ഒരു സാമൂഹിക മൂലധനവും സാമൂഹിക അധികാരവുമാണെന്ന് അനൂപ് ഓര്‍മ്മിപ്പിക്കുന്നു.

 

സ്വന്തം കുടുംബപ്പേര് ചൂണ്ടിക്കാണിച്ചാണ് അനൂപ് ഈ ജാതി രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നത്. 'വടശ്ശേരി രവീന്ദ്രനാഥ് അനൂപ്' എന്നാണ് തന്റെ മുഴുവന്‍ പേരെന്നും, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മാത്രമല്ല, തന്റെയും കുടുംബപ്പേര് വടശ്ശേരി (വടാശ്ശേരി) ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ തങ്ങള്‍ മേനോനോ, നായരോ, വര്‍മ്മയോ അല്ലെന്നും തീയ്യ-ഈഴവ വിഭാഗത്തില്‍പ്പെട്ടവരാണെന്നും അനൂപ് പറയുന്നു. ഇതേ കുടുംബപ്പേരുള്ള മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെയും കണ്ടിട്ടുണ്ടെന്നും, അവര്‍ മുന്‍പ് ഈഴവരില്‍ നിന്ന് മതം മാറിയവരാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഏതാണ്ട് ഒരു വര്‍ഷം മുന്‍പ്, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ അന്തരിച്ച ചിന്തകന്‍ കെ.കെ. കൊച്ചിനെ സന്ദര്‍ശിച്ചപ്പോള്‍ 'തനിക്ക് അംബേദ്കറെ അധികം വായിക്കാന്‍ കഴിഞ്ഞിട്ടില്ല' എന്ന് പറഞ്ഞ കാര്യം അനൂപ് പോസ്റ്റില്‍ അനുസ്മരിച്ചു. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും വായനയ്ക്കായി വലിയ സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി, ഈ സാഹചര്യത്തില്‍ അംബേദ്കറെ വായിക്കാന്‍ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ജാതിപ്പേര് പ്രയോഗത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയോടെ രംഗത്തുവരുന്ന പശ്ചാത്തലത്തിലാണ് വക്താവിന്റെ ഈ പരസ്യ പ്രതികരണം.

 

അനൂപ് വി ആറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ADASSERY RAVEENDRANATH ANOOP എന്ന ഞാന്‍.. ട്രോള്‍ അല്ല. VADASSERY ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മാത്രം അല്ല , എന്റേയും കുടുംബപ്പേര് ആണ് ( മലയാളത്തില്‍ വടശ്ശേരി എന്നല്ല , വടാശ്ശേരി എന്നും വായിക്കും ) പക്ഷേ, ഞങ്ങള്‍ മേനോന്‍, നായര്‍ , വര്‍മ്മ ഒന്നും അല്ല. തീയ്യ - ഈഴവ ആണ്(ഇതേ കുടുംബപേരുള്ള മുസ്‌ളീങ്ങളേയും ക്രിസ്ത്യാനികളേയും കണ്ടിട്ടുണ്ട്. അവര്‍ ഈഴവര്‍ മതം മാറിയതാവാനും സാധ്യതയുണ്ട്. കേരളത്തിലെ മുസ്‌ളീങ്ങളിലും, ക്രിസ്ത്യാനികളിലും ഒരു വലിയ വിഭാഗം ഈഴവര്‍ മതം മാറിയവര്‍ ആണല്ലോ) എന്ത്‌കൊണ്ട് ഇപ്പോള്‍ VADASSERY DAMODARA MENON വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിന്റെ പേരിന്റെ Expansion ആണ് എന്നതാണ് ഒരു വാദം. എന്നാല്‍ എന്ത് കൊണ്ട് അദ്ദേഹത്തിന്റെ മുന്‍ സത്യപ്രതിജ്ഞകളില്‍ വരാത്ത MENON ഇപ്പോള്‍ എങ്ങനെ വന്നു എന്നതാണ് ചോദ്യം. ജാതി ഒരേ സമയം ഒരു സാമൂഹിക മൂലധനവും സാമൂഹിക അധികാരവും ആണ്. ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് ഇന്നത്തെ മുഖ്യമന്ത്രി , അന്നത്തെ പ്രതിപക്ഷ നേതാവിനൊടൊപ്പം അന്തരിച്ച ചിന്തകന്‍ കെകെ കൊച്ചിനെ സന്ദര്‍ശിച്ചപ്പോള്‍ , അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് പോവുന്നു ' അംബേദ്കറെ അധികം വായിക്കാന്‍ കഴിഞ്ഞിട്ടില്ല' ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ തിരക്കുകള്‍ക്കിടയിലും, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാന്‍ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദര്‍ഭത്തില്‍ പറയാനുള്ളത്

 

നേരത്തെ, മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ജിന്റോ ജോണ്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിന്റോ മുഖ്യമന്ത്രിക്ക് നേരെ ഒളിയമ്പ് എയ്തത്. 'തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി,' എന്നായിരുന്നു ജിന്റോയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ 'വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍' എന്ന് ജാതിവാല് ചേര്‍ത്ത് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്നതിനിടയിലാണ് സ്വന്തം പാര്‍ട്ടിയിലെ യുവനേതാവിന്റെ ഈ പ്രതികരണം. കൂടുതൽ കണ്ടെത്തുക സിനിമ അവലോകനങ്ങൾ POLITICS പരിസ്ഥിതി അവബോധം പേരിന് പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവ് (Inclusive) എന്ന് ജിന്റോ ഓര്‍മ്മിപ്പിച്ചു. തന്റെ രാഷ്ട്രീയം തന്റെ ബോധ്യങ്ങള്‍ കൂടിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഒരല്പം ലെഫ്റ്റ് (ഇടതുപക്ഷ ബോധ്യമുള്ള) ആയൊരു കോണ്‍ഗ്രസ് ബോധ്യമാണ് തന്റേതെന്നും ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ജാതിപ്പേര് പ്രയോഗം പാര്‍ട്ടിയുടെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന ചിന്ത കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ ശക്തമാകുന്നതിന്റെ സൂചനയാണ് ജിന്റോയുടെ ഈ പോസ്റ്റ് വ്യക്തമാക്കുന്നത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items