ചെന്നൈ: മുള്ളിവൈക്കാൽ കൂട്ടക്കൊലയുടെ അനുസ്മരണ ദിനം തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കുവെച്ച കുറിപ്പ് രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. മുള്ളിവൈക്കാൽ അനുസ്മരണ ദിനത്തിൽ ലോകമെമ്പാടുമുള്ള തമിഴ് വംശജർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു മുഖ്യമന്ത്രി വിജയ്‌യുടെ കുറിപ്പ്. നിരോധിത സംഘടനയായ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരൻ മുള്ളിവൈക്കാലിലെ സൈനിക നടപടിയിലായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് ബിജെപി രംഗത്തെത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എൽടിടിഇ ആണ് വധിച്ചതെന്ന കാര്യം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചായിരുന്നു ബിജെപിയുടെ കടന്നാക്രമണം. തമിഴ്‌നാട്ടിൽ വിജയിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ കോൺഗ്രസ് ആണ് പിന്തുണയ്ക്കുന്നത്. അതേസമയം, വിജയിനെ പ്രതിരോധിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ പതിനായിരക്കണക്കിന് തമിഴർ കൂട്ടക്കൊല ചെയ്യപ്പെട്ടതിനെയാണ് വിജയ് പരാമർശിച്ചതെന്നും അത് പ്രഭാകരന്റെ മരണത്തെക്കുറിച്ച് മാത്രമല്ലെന്നുമാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം
2009
മെയ് 18-നാണ് ശ്രീലങ്കയിലെ മുള്ളിവൈക്കാലിൽ വെച്ച് ലങ്കൻ
സൈന്യം പ്രഭാകരനെ വെടിവെച്ചു കൊന്നത്. പ്രഭാകരന്റെ ചരമവാർഷിക ദിനമായ ഇന്നലെ
മുള്ളിവൈക്കാൽ കൂട്ടക്കൊലയെ പരാമർശിച്ച് വിജയ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ
കുറിച്ചതിങ്ങനെ: "മുള്ളിവൈക്കാലിന്റെ ഓർമ്മകൾ നമ്മൾ ഹൃദയത്തിൽ സൂക്ഷിക്കും!
കടലിനക്കരെ ജീവിക്കുന്ന നമ്മുടെ തമിഴ് സഹോദരങ്ങളുടെ അവകാശങ്ങൾക്കായി നമ്മൾ
എപ്പോഴും ഒപ്പം നിൽക്കും." വിജയ്‌യുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാഹുൽ
ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ
രംഗത്തെത്തി.
മുൻ
പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന് തമിഴ്‌നാടിന്റെ
പുതിയ മുഖ്യമന്ത്രി ആദരമർപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"അധികാരത്തിൽ ഒരു പങ്ക് കിട്ടുന്നതുവരെ രാഹുൽ ഗാന്ധിക്ക് ഇതിൽ ഒരു
പ്രശ്നവുമുണ്ടാകില്ല. മുൻപ് ഡിഎംകെയും എൽടിടിഇയെ ന്യായീകരിച്ചവരായിരുന്നു, എന്നിട്ടും അവരുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് ഒരു
മടിയുമുണ്ടായിരുന്നില്ല," മാളവ്യ കുറ്റപ്പെടുത്തി. 1991-ലെ രാജീവ് ഗാന്ധി വധക്കേസിൽ പ്രധാന പ്രതിയായിരുന്നു പ്രഭാകരൻ. ഒരു
പ്രധാനമന്ത്രി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യയിൽ എൽടിടിഇ നിരോധിക്കുന്നത്.
കൂടുതൽ കണ്ടെത്തുക ജോബ് പോർട്ടൽ ഡിജിറ്റൽ മാർക്കറ്റിംഗ് നിക്ഷേപ ഉപദേശം
വിജയിന്റെ
വാക്കുകൾ പ്രഭാകരന്റെ മരണത്തെക്കുറിച്ച് മാത്രമല്ലെന്നും, ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ മുള്ളിവൈക്കലിൽ വെച്ച്
വധിക്കപ്പെടുകയും കാണാതാവുകയും ചെയ്ത പതിനായിരക്കണക്കിന് നിരപരാധികളായ ലങ്കൻ തമിഴ്
വംശജരെക്കുറിച്ചാണെന്നും ടിവികെ വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിരപരാധികളുടെ ജീവൻ
നഷ്ടപ്പെട്ടത് ഓർമ്മിക്കുന്നത് ഏതൊരു നല്ല നേതാവിന്റെയും കടമയാണെന്നും അവർ
കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ലങ്കൻ തമിഴരും ഇന്ത്യയിലെ ഒരു വിഭാഗം തമിഴ്
ജനതയും മെയ് 18 'മുള്ളിവൈക്കാൽ അനുസ്മരണ ദിനമായി' (തമിഴ് വംശഹത്യ അനുസ്മരണ ദിനം) ആചരിക്കുന്നുണ്ട്. 30
വർഷത്തോളം നീണ്ടുനിന്ന ശ്രീലങ്കൻ വംശീയ കലാപം 2009-ൽ
മുള്ളിവൈക്കലിലെ ക്രൂരമായ സൈനിക നടപടിയോടെയാണ് അവസാനിച്ചത്. ലങ്കൻ തമിഴർക്കായി
പ്രത്യേക രാജ്യം വേണമെന്ന ആവശ്യത്തോടെയായിരുന്നു യുദ്ധത്തിന്റെ തുടക്കം. കഴിഞ്ഞ
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീലങ്കൻ തമിഴ് വിഷയം ഒരു പ്രധാന
ചർച്ചയായിരുന്നില്ലെങ്കിലും, അധികാരം പിടിച്ച ടിവികെയുടെ
അധ്യക്ഷനായ വിജയ് തന്റെ പ്രചാരണ വേളകളിൽ പ്രഭാകരനെ പരാമർശിച്ചിരുന്നു.
കഴിഞ്ഞ
സെപ്റ്റംബറിൽ നാഗപട്ടണത്ത് നടന്ന റാലിയിൽ, "നമ്മുടെ
പൊക്കിൾക്കൊടി ബന്ധമുള്ള ഈഴം തമിഴർ ഒരു അമ്മയുടെ വാത്സല്യത്തോടെ തങ്ങളെ നയിച്ച
നേതാവിനെ നഷ്ടപ്പെട്ട് ലോകമെമ്പാടും ദുരിതം അനുഭവിക്കുകയാണെന്നും അവർക്കായി
ശബ്ദമുയർത്തേണ്ടത് നമ്മുടെ കടമയാണെന്നും" വിജയ് പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ
അധികാരത്തിലിരിക്കുന്ന പാർട്ടികൾ സാധാരണയായി പ്രഭാകരനെ പിന്തുണയ്ക്കുന്നതിൽ നിന്ന്
വിട്ടുനിൽക്കാറാണ് പതിവ്. അതുകൊണ്ട് തന്നെ വിജയിന്റെ ഈ പരസ്യ പിന്തുണ രാഷ്ട്രീയ
കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. എൽടിടിഇ അനുകൂല നിലപാടുള്ള വിസികെ
പാർട്ടിയുടെ പിന്തുണയും വിജയ് സർക്കാരിനുണ്ട്.
